October 26, 2017

ആപ്പിലായ ഗൂഗിളിയന്‍ യാത്ര

ഗള്‍ഫില്‍ ലൈസന്‍സ് കരസ്ഥമാക്കല്‍ മഹാ മഹം ആദ്യടെസ്റ്റില്‍ തന്നെ കരസ്ഥമാക്കി വിജയ കൊടി പാറിച്ചെങ്കിലും. റോഡില്‍ ഇറങ്ങിയുള്ള അഭ്യാസ പ്രകടനങ്ങള്‍ക്ക് എന്‍റ മനസില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. സ്ഥല പരിചയമില്ലാഴ്മയും മിണ്ടിയാല്‍ ഫൈനാണെന്ന കേട്ട് കേള്‍വിയും ഈ ആശങ്കയെ വര്‍ദ്ദിപ്പിച്ചിരിക്കുന്ന സമയത്താണ് ഓഫീസില്‍ നിന്ന് കാര്‍ ലഭിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ ഇങ്ങള് നോക്ക്യോളീന്നും പറഞ്ഞ് യാത്ര തുടങ്ങി. 
താമസിക്കുന്ന എമിറേറ്റായ അജ്മാനില്‍ വലിയ ആശങ്കയില്ലാതെ യാത്ര പുരോഗമിച്ചെങ്കിലും, ഷാര്‍ജാ ദുബൈ യാത്രകള്‍ ശരിക്കും വട്ടം കറക്കി. എന്നാല്‍ ഗൂഗിള്‍ ആപ്പിന്‍റ സഹായത്താല്‍ യാത്രകള്‍ തുടരുന്നതിനിടയിലാണ്. അടുത്ത ദിവസത്തില്‍ ദുബൈ യാത്രയില്‍ സഹായത്തിനുണ്ടായിരുന്ന ഗൂഗിള്‍ ആപ്പും ദുബൈ ആര്‍.ടി.എയുടെ സ്മാര്‍ട്ട് ആപ്പും ചേര്‍ന്ന് എന്നെ അങ്ങ് സഹായിച്ചു ഒരു പരുവത്തിലാക്കി കളഞ്ഞു.
എന്‍റ ഓഫീസില്‍ നിന്ന് ഞാന്‍ യാത്ര തുടങ്ങുന്പോള്‍ ഞാന്‍ ആദ്യം ഗൂഗിള്‍ മാപ്പില്‍ സ്ഥലം രേഖപ്പെടുത്തി. യാ്ത്ര തുടങ്ങി എമിറേറ്റ്സ് റോഡിലൂടെ കാര്‍ മുന്നോട്ട് കുതിച്ചു തുടങ്ങിയെങ്കിലും ഷാര്‍ജക്കും ദുബൈയ്ക്കും ഇടയില്‍ എന്നെ ഗൂഗിള്‍ വഴി തെറ്റിക്കുന്നതായി എനിക്ക് ആശങ്കയായി. ഞാന്‍ ഉടന്‍ ആര്‍.ടി.എ യുടെ സ്മാര്‍ട്ട് ആപ്പിന്‍റ സഹായം തേടി. സ്മാര്‍ട്ട് ആപ്പിന് പുതിയ വിവരങ്ങള്‍ അറിയില്ലെന്നും അപ്പ്ഡേറ്റ് ആവശ്യമാണെന്ന വിവരം എന്നെ അറീച്ചു.
പിന്നെ ഒന്നും നോക്കിയില്ല ഞാന്‍ വീണ്ടും ഗൂഗിള്‍ ആപ്പിന്‍റ സഹായം തന്നെ തേടി. യാത്ര വലിയ തരക്കേടില്ലാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന വേളയില്‍ വഴികാട്ടിയായ സ്ത്രീ ശബ്ദം ശരിക്കും വട്ടം കറക്കാന്‍ തുടങ്ങി.സ്ക്രീനില്‍ നേക്കാനും വയ്യ. തിരക്കുള്ള റോഡ്. ശബ്ദത്തിന് അനുസരിച്ചാണ് മുന്നോട്ടുള്ള പ്രയാണം. യൂ ടേണ്‍ ലെഫ്റ്റ് എന്ന് പറഞ്ഞ് അല്‍പ്പ സമയത്തിനകം ടേണ്‍ലെഫ്റ്റെന്നും കീപ്പ് റൈറ്റെന്ന് പറഞ്ഞ് ശരിക്കും കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഞാന്‍ ശരിക്കും പെട്ടു. ശരിക്കും ഒന്ന് രണ്ട് സ്ഥലത്ത് ഒന്ന് കറങ്ങി.
പിന്നെ ആപ്പിന്‍റ സഹായം ഉപേക്ഷിച്ച് സൂചക ബോര്‍ഡുകളുടെ സഹാത്തോടെയായി യാത്ര. സമയം വളരെ കുറവ്. എന്‍റ കയ്യിലുള്ള പാസ്പോര്‍ട്ടും പ്രതീക്ഷിച്ച് എയര്‍പോര്‍ട്ടില്‍ ഓഫീസിലെ സഹ പ്രവര്‍ത്തകന്‍ കാത്തിരിക്കുന്നുണ്ട്. ഏതായാലും പ്രതീക്ഷിച്ചതിലും പത്ത് മിനിറ്റ് വ്യത്യസത്തില്‍ സ്ഥലത്ത് എത്തുകയും രേഖകള്‍ കൈമാറുകയും ചെയ്തു.
തിരിച്ച് ഓഫീസിലേക്ക് മടങ്ങണം. ആപ്പിന്‍റ സഹായം തേടണോ അതോ സൂചക ബോര്‍ഡില്‍ ശരണം തേടണോ. എതായാലും സൂചക ബോര്‍ഡിനെ തന്നെ ശരണം തേടി മടക്ക യാത്ര ആരംഭിച്ചു. നമ്മുടെ ഗൂഗിള്‍ ആപ്പിനെ സ്ത്രീ ശബ്ദം സ്റ്റേറ്റ്...റൈറ്റ്...ലെഫ്റ്റെന്ന്ന് പറയുന്നുണ്ടെങ്കിലും വലിയ രീതിയില്‍ അതിനെ ശ്രദ്ധിക്കാന്‍ പോയില്ല. യാത്ര ഗംഭീരമായി പുരോഗമിക്കുകയാണ്. ഷാര്‍ജയില്‍ എത്തിയിരിക്കുന്നു. വഴിയുടെ കാര്യത്തില്‍ ചെറിയ ആശങ്ക വന്നു. ഞാന്‍ കാര്‍ റോഡിന് അരികില്‍ നിര്‍ത്തി. ആപ്പിന്‍റ സഹായ തേടുകയെന്ന് ഉറച്ച് മൊബൈല്‍ എടുത്തു. ഈ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരേ സമയം രണ്ട് ആപ്പാണ് വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുന്നത്. ഒരു ആപ്പ് ട്രാഫിക്ക് കുറഞ്ഞ വഴിയും മറ്റേ ആപ്പ് നേരെയുള്ള വഴിയുമാണ് പറയുന്നത്.ഈ രണ്ട് സ്ത്രീ രത്നങ്ങളുടെ വഴി കാട്ടലാണ് എന്നെ വട്ടം കറക്കിയത്. ഞാന്‍ ആപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല. ക്ലോസാവുന്നില്ല. മൊബൈയില്‍ ഓഫ് ചെയ്ത് ഓണാക്കി. പീന്നിട് ഒരു ആപ്പ് മാത്രമായി ഓണ്‍ചെയ്ത് റൂട്ട് റഡിയാക്കി യാത്ര തുടര്‍ന്നെങ്കിലും സൂചക ബോര്‍ഡുകള്‍ നോക്കി യാത്ര ചെയ്യാന്‍ ഞാന്‍ പഠിച്ചിരിക്കുന്നുവെന്ന സത്യം എനിക്ക് മനസിലായി. ഓഫീസില്‍ തിരിച്ചെത്തി പ്രതീക്ഷിച്ചെതിലും വളരെ നേരത്തെ. പുതു സാങ്കേതിക വിദ്യകളെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഈ യാത്ര എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്.
സക്കീര്‍ മുക്കം.

December 29, 2016

മുഹമ്മദ്‌ - മൈ ഹീറോ

മുഹമ്മദ്‌ - മൈ ഹീറോ
ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ഈ മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്നതെന്ന്.. സ്നേഹത്തിനു യുക്തി ഇല്ലെന്നാണ് പറയാറ്. ഒരമ്മ തന്റെ മകന്‍ എത്ര മോശം ആണെങ്കിലും അവനെ സ്നേഹിക്കുന്നത് പോലെ. ചില പ്രേമങ്ങള്‍ പോലെ.. smile emoticon
പക്ഷെ ചില സ്നേഹങ്ങളുണ്ട്.. അവയ്ക്ക് കൃത്യമായ യുക്തി ഉണ്ടായിരിക്കും.. എന്തിനു ഞാന്‍ ഇയാളെ സ്നേഹിക്കുന്നു എന്നതിനൊക്കെ വ്യക്തവും യുക്തിപൂര്‍ണ്ണവുമായ ഉത്തരം ഉണ്ടായിരിക്കും. അങ്ങനെയൊരു സ്നേഹമാണ് എനിക്ക് നബിയോട്.
---------
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. നബി എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. അന്ന് വലിയ വിവാദമായിരുന്ന ഒരു വാര്‍ത്ത ആയിരുന്നു ഏതോ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ നബിയെ തീവ്രവാദി എന്ന് വിളിച്ചത്.. പല മുസ്ലിംകളും വൈകാരികമായി പെരുമാറുന്നത് അന്ന് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എനിക്ക് മാത്രം ഒരു ഫീലും തോന്നിയിരുന്നില്ല.. പറഞ്ഞല്ലോ, നബി അന്നെനിക്ക് ആരുമല്ലായിരുന്നു.. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ജീവിക്കുന്ന, നബിയെ കുറിച്ച് അനേകം തവണ പ്രസംഗങ്ങള്‍ നിത്യേന കേള്‍ക്കാന്‍ കഴിയുന്ന, കേരളത്തിലെ ഒരുവിധം എല്ലാ മുസ്ലിം സംഘടനകളുടെയും പല നേതാക്കളും ഉള്ള കുടുംബത്തില്‍ ജനിച്ച ആള്‍ ആയിരുന്നിട്ടു കൂടി നബിയെ ഞാന്‍ സ്നേഹിച്ചിരുന്നില്ലായിരുന്നു.. കാരണം ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി. ചപ്പുച്ചവര്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താന്‍.. അങ്ങനെയൊരാളെ എനിക്ക് ഹീറോ ആയി വേണ്ടായിരുന്നു..
പിന്നീടെന്ന്‍ മുതലാണ്‌ നബി എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന്‍ തുടങ്ങിയത്?
---------
പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചനആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള്‍ തന്നെ ആയിരുന്നു.. ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം IPH പുറത്തിറക്കിയ 'ഫാറൂഖ് ഉമര്‍' എന്ന ഉമറിന്റെ ചരിത്രമായിരുന്നു.. എന്താ പറയാ? പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഫീല്‍ ആയിരുന്നു അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക്‌ ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്‌ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്‍ക്കും മേലെ ഉമര്‍ ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന്‍ ആയി എന്ന് തന്നെ പറയാം.. ആ പുസ്തകത്തിലൂടെ ഞാന്‍ മറ്റൊരാളുടെ കൂടെ ഫാന്‍ ആയി ഞാന്‍ മാറിയിരുന്നു എന്നതും മറ്റൊരു സത്യം.. അതായിരുന്നു ദൈവത്തിന്റെ ഘഡ്ഗം ഖാലിദ് ബിന്‍ വലീദ്.. പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദിനെ കുറിച്ചായിരുന്നു.. മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..
ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്‍.. അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍.. ബട്ട്‌, സീ, ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അയാള്‍ എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന്‍ ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന്‍ മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?
ഹേ മാന്‍.. പ്ലീസ് കം റ്റു മി.. സീ, മൈ ഹാര്‍ട്ട്‌ ഈസ്‌ എക്സ്ട്രീംലി വെയ്റ്റിംഗ് ഫോര്‍ എന്‍ അക്കമ്പ്ലിഷ്ഡ് ഹീറോ ഫോര്‍ ഏജസ്.. ഇഫ്‌ യൂ ആര്‍ ദാറ്റ് വണ്‍, പ്ലീസ്... എവിടെയാണ് താങ്കള്‍ ഒളിച്ചിരിക്കുന്നത്..? ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ താങ്കളുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് താങ്കള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?
ഓ ഗോഡ്.. പ്ലീസ് ഷോ മി മൈ റിയല്‍ ഹീറോ..
--------------------------------------------
"How one man single handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades."
തോമസ്‌ കാര്‍ലൈലിന്റെ ഈ ചോദ്യം എന്‍റെത് കൂടിയായിരുന്നു.. എങ്ങനെയാണ് ഒരു മനുഷ്യന്‍ ഒറ്റയ്ക്ക്, യുദ്ധക്കൊതിയന്മാരും ബദവികളുമായ ഗോത്രവര്‍ഗമനുഷ്യരെ ലോകം കണ്ട ഏറ്റവും ശക്തവും നാഗരികവുമായ ഒരു രാഷ്ട്രം ആക്കി മാറ്റിയെടുത്തത്, അതും വെറും രണ്ടു പതിറ്റാണ്ട് കൊണ്ട്? അണ്‍ബിലീവബിള്‍..
കാര്‍ലൈലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'സ്വന്തം കൈ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയിരുന്ന ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടത് പോലെ ലോകത്ത് കിരീടം വച്ച ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെട്ടിട്ടില്ല'. അതിനു മാത്രം ഈ മനുഷ്യന്‍ ആരാണ്? ലോകത്ത് ഇദ്ദേഹം സ്നേഹിക്കപ്പെട്ടത് പോലെ മറ്റൊരു മനുഷ്യനും സ്നേഹിക്കപ്പെട്ടിട്ടില്ല.. ഉഹുദിന്റെ രണാങ്കണത്തില്‍ നബിക്ക് നേരെ വരുന്ന അസ്ത്രങ്ങള്‍ സ്വന്തം മാറ് കൊണ്ട് തടയാന്‍ അനുയായികള്‍ മത്സരിക്കുകയായിരുന്നു. നബിയുടെ നെഞ്ചോട്‌ ചേര്‍ന്ന് മരിച്ചു വീഴുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നു.. ഹുബൈബിനെ പിടിച്ചു കെട്ടി അയാളുടെ ശരീരത്തില്‍ നിന്നും മാംസകഷ്ണങ്ങള്‍ അറുത്തെടുക്കുമ്പോള്‍ ശത്രുക്കള്‍ ചോദിച്ചു.. 'ഹുബൈബ്, നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ്‌ ആവുകയും അങ്ങനെ നീ നിന്റെ കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നതും ആലോചിച്ചു നോക്കൂ..' വേദന കൊണ്ട് പ്രാണന്‍ വിടുമ്പോഴും ഹുബൈബ് നല്‍കിയ മറുപടി 'എന്റെ നബിയുടെ ദേഹത്ത് ഒരു പോറല്‍ എങ്കിലും വീഴുന്നത് തടയാന്‍ എന്റെ കുടുംബത്തെ മുഴുവന്‍ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു.. ഇങ്ങനെയാണ് ഒരു ജനത നബിയെ സ്നേഹിക്കുന്നത്.. ഇത്രയധികം മനുഷ്യരാല്‍ സ്നേഹിക്കപ്പെടാന്‍ മാത്രം നബിക്കുള്ള പ്രത്യേകത എന്താണ്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് നബിയുടെ ഹീറോയിസം കിടക്കുന്നതും..
ലോകം ഒന്നടങ്കം ഏകാധിപതികളും അക്രമികളും അധിനിവേഷകരും ചേര്‍ന്നു പങ്കിട്ടെടുത്ത കാലത്ത്, എല്ലാ സ്വേച്ചാതിപതികളെയും തന്റെ ചൂണ്ടുവിരലില്‍, ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ച തന്റെ ഒരൊറ്റ മുദ്രാവാക്യത്തില്‍ സ്ഥബ്ദരാക്കി നിര്‍ത്തിയ റോറിംഗ് ലയണ്‍.. ലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍, പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച ഇടയന്‍, പക്ഷെ ഓരോ യവനചക്രവര്‍ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവരെന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു.. ആരെയും കൂസാത്ത മരുഭൂമിയുടെ പുത്രന്‍.. ലോകത്തെ സര്‍വ്വവിധ ചൂഷകരുടെയും വരേണ്യവര്‍ഗങ്ങളുടെയും മോസ്റ്റ്‌ വിയേഡര്‍ നൈറ്റ്മെയര്‍.. ദി വാലറസ്‌ വാരിയര്‍.. ദി സ്ട്രെന്യുസ് റെവൊലൂഷണിസ്റ്റ്.. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി മുഹമ്മദ്‌ റസൂലുല്ലാഹ്.. ദി ഹീറോ..!
നിങ്ങള്‍ ആരുമായിക്കോട്ടെ, നിങ്ങളുടെ മേഖല എന്തുമായ്ക്കോട്ടേ, നിങ്ങള്‍ക്ക് നബിയില്‍ ഒരു ഹീറോയെ കാണാന്‍ കഴിയും.. ഭരണാധിപന്‍, സൈന്യാധിപന്‍, യോദ്ധാവ്, പരിഷ്കര്‍ത്താവ്‌, വിപ്ലവകാരി, ആത്മീയനേതാവ്, അദ്ധ്യാപകന്‍, അടിമകളുടെ വിമോചകന്‍, സ്ത്രീകളുടെ സംരക്ഷകന്‍, അനാഥകളുടെ ആശ്രയം, ചൂഷിതരുടെ അഭയം. നബിയില്‍ എല്ലാം ഉണ്ടായിരുന്നു.. അലിയുടെയും ഫാത്വിമയുടെയും സ്നേഹസമ്പന്നനായ പിതാവ്, അബൂബക്കറിന്റെ ഗുരുനാഥന്‍, ഉമറിന്റെ മെന്റര്‍, ബിലാലിന്റെ പ്രാണന്‍, ആയിഷയുടെ പ്രണയഭാജനം, ഹംസയുടെ സഹോദരന്‍, ഖാലിദിന്റെ വീരനായകന്‍, അബൂദറിന്റെ റോള്‍മോഡല്‍, മദീനാജനതയുടെ പിതാവ്, സഹോദരന്‍, മകന്‍.. മദീനയില്‍ ജനം ഉറങ്ങുമ്പോഴും അവര്‍ക്ക് വേണ്ടി ഉറക്കമൊഴിച്ച അവരുടെ അംഗരക്ഷകന്‍. ചിലപ്പോള്‍ ഗഹനമായ സമസ്യകള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കുന്ന രാഷ്ട്രമീമാംസകാനായി. ചിലപ്പോള്‍ സാമ്രാജിത്വത്തിനെതിരെ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന നയതന്ത്രജ്ഞനായി. വറുതിയുടെ നാളുകളില്‍ ജനക്ഷേമത്തിന്റെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിചക്ഷണനായി. വിരൂപനായ അസ്വദിന് വധുവിനെ അന്വേഷിച്ചു കണ്ടെത്തുന്ന സുഹൃത്തായും, കാട്ടറബിയുടെ ചെറുമകന്‍ ഈത്തപ്പഴം തിന്നാന്‍ വാശിപിടിച്ചു കരഞ്ഞപ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ ഈത്തപ്പഴം തിന്നാന്‍ ഈത്തപ്പനമരം തന്നെ വാങ്ങിക്കൊടുക്കുന്ന പിതാവായും, പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ സായാഹ്നങ്ങളില്‍ അങ്ങാടികളിലേക്ക് മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുന്ന ഭരണാധികാരിയായും, രോഗാതുരരായവരെ വീടുകളില്‍ ചെന്ന് ക്ഷേമമന്വേഷിക്കുന്ന വൈദ്യനായും എല്ലാം നബിയുണ്ട്.. ഇതാ എന്റെ നായകസങ്കല്പങ്ങള്‍ തകര്‍ത്തെറിയപ്പെടുന്നു. കഥകളിലോ സിനിമകളിലോ പോലും സാധ്യമല്ലാത്ത ഒരു ഹീറോ ഇതാ യഥാര്‍ത്ഥ ജീവിതത്തില്‍..
-----------
നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു, മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും. അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ വിഗ്രഹാരാധകരുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു, മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ ലോകം കിസ്റ ഹിര്‍ക്കല്‍മാരുടെ എകാധിപത്യത്തിന്‍ കീഴിലായിരുന്നു, എന്നാല്‍ നബി മരിച്ചു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം വിസ്മൃതിയിലാണ്ടു പോയിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത ജാഹിലുകള്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അവര്‍ നിസ്സാരകാര്യങ്ങള്‍ക്ക് ചോരപുഴകള്‍ ഒഴിക്കിയിരുന്ന കാടന്മാരായിരുന്നു, എന്നാല്‍ നബിക്ക് ശേഷം, മരണാസന്നവേളയിലെ ദാഹജലം പോലും അപരന് ദാനം ചെയ്യാന്‍ മാത്രം ഉന്നതരായി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ അറേബ്യ മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലായിരുന്നു, മരിക്കുമ്പോള്‍ ഇവയൊന്നും ആ നാട്ടില്‍ കണികാണാന്‍ പോലും കിട്ടാനില്ലായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു.. ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ വേറെ ആരാണ് ഉള്ളത്..? നിണമണിഞ്ഞ പരുക്കന്‍ മരുഭൂമിയെ അദ്ദേഹം ദിവ്യവചനങ്ങളാല്‍ സുവര്‍ണ്ണമണിഞ്ഞ ഊഷ്മളമരുപ്പച്ചകളാക്കി മാറ്റി..
“If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad?” (Alphonse de Lamartine)
ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍.. തനിക്ക് മുമ്പില്‍ ഓഫറുകളുമായി വന്നവരോട് 'എന്റെ വലതുകയ്യില്‍ സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും പിന്തിരിയില്ല' എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ആദര്‍ശപ്രതിബദ്ധത. കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട, സ്വന്തം നാടുവിട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം. ചില അട്ജസ്റ്റ്മെന്റ്കള്‍ക്ക് ഒരുക്കം ആണെങ്കില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാം എന്ന് പറഞ്ഞവരോട് 'നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്കെന്റെ ദീന്‍' എന്ന് പറയുമ്പോള്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട്.. സഫാമലക്ക് മുകളിലെ പ്രഖ്യാപനത്തില്‍ കാണിച്ച ആ ചങ്കൂറ്റവും നയതന്ത്രജ്ഞതയും. ഹുദൈബിയ സന്ധിയില്‍ തന്റെ കൂടെയുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ തിരിച്ചയക്കണ്ട എന്നും ഇങ്ങോട്ട് വന്നാല്‍ തിരിച്ചയക്കാം എന്നും കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍, ഉള്ളു നിറഞ്ഞ ചിരിയിലും നിറഞ്ഞു നിന്ന തന്റെ അനുയായികളിലുള്ള ദൃഡവിശ്വാസം.. തന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് 'ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ അടിമ മാത്രം' എന്ന് പറഞ്ഞ എളിമ, മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം തലകുനിച്ചു വന്ന വിനയം, കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി അതസ്ഥിതന് ചവിട്ടിക്കയറാന്‍ തന്റെ തോള്‍ കാണിച്ചു കൊടുത്ത ആ ഗൂസ്ബമ്പിംഗ് മൊമന്റ്റ്. രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ, താടിരോമങ്ങള്‍ നനയുന്ന, കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം.. ഒടുവില്‍ അറഫാമലക്ക് മുകളില്‍ വച്ച് 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു' എന്ന് പറഞ്ഞ വീരേതിഹാസരചന.. ദി ലെജന്റ്.. എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി. ദൈവം. ദൈവവചനങ്ങള്‍.. മുഹമ്മദിന്റെ കരുത്ത്. പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍..
ഇനിയും എങ്ങോട്ടാണ് ഒരു ഹീറോക്ക് വളരാന്‍ കഴിയുക..? ഇല്ല.. ഇതാണ് നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത.. ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. സാധ്യമല്ല.. എന്റെ മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു.. ഇതാ എന്റെ നായകന്മാര്‍ കടലില്‍ അസ്തമിച്ചിരിക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ താരങ്ങളും പൂര്‍ണ്ണചന്ദ്രനും എല്ലാം മറഞ്ഞു പോയത് പോലെ..
"പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.” - തോമസ് കാര്‍ലൈല്‍
എല്ലാവരും വയിച്ചിരിക്കേണ്ട ഒരു ലേഖനം. റമീസ് മുഹമ്മദ്.

June 23, 2016

പുണ്യ പിരിവിന്റെ പൂക്കാലം..

പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ അതിന്റെ ഇരുപത് ദിനങ്ങള്‍ പിന്നിട്ട്. എനിയുള്ള പത്തിലേക്ക് എത്തിയിരിക്കുന്നു. ക്ഷമിക്കണം ഒരു തിരുത്തുണ്ട്. വ്യാപാരി വ്യവസായി മത നേതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോധിക്കും പോലെ. റംസാന്‍ മാസ പിറവിക്ക് വലിയ കോലാഹലമൊന്നും കണ്ടില്ല. എല്ലാവര്‍ക്കും ദൈവ രക്ഷയുണ്ടാവട്ടെ. ശവ്വാല്‍പിറ കാണുകയാണെങ്കില്‍ ഗള്‍ഫും ഇന്ത്യയുമായി ഒന്നര മുതല്‍ നാലു വരെ മണിക്കൂറിന്റെ വ്യത്യാസമുണ്ട്. അതു കൊണ്ട് ഒരു ദിവസത്തിന്റെ മാറ്റം ചിലപ്പോള്‍ സംഭവിക്കാം. നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ നമ്മള്‍ കാത്തിരുന്നു കാണുക. ‘പിറ’ കാണാതെ നോമ്പായാലും പെരുന്നാളായാലും പാടില്ല. വിശ്വാസ സംരക്ഷണം. മനുഷ്യവകാശത്തില്‍ പെട്ടതാണ്.

റംസാന്‍ ആയതിന് ശേഷം ഏതു വീട്ടിലും ചെന്ന് വിളിച്ചാല്‍. പ്രത്യേകിച്ച് നമ്മുടെ കൈവശം വല്ല പുസ്തകവും കണ്ടാല്‍ വീടിന്റെ ഉള്ളില്‍ ഒരു ശബ്ദം കേള്‍ക്കും “മൂപ്പര് ഇവടെല്ല. നാളെ വന്നോളി”.പൂക്കാലത്തിലെ പിരിവുക്കാരെ പേടിച്ചാണ് ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുന്നത്. പള്ളികളില്‍ ഇടത്തും വലത്തും പിരിവാണ്. പിരിവെടുക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം പതിനൊന്ന് മാസവും സ്വന്തത്തിനും ഒരു മാസം പടച്ചോനും എന്ന നിലയില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ കിട്ടിയ സീസണിനെ ലാഭകരമാക്കുക എന്ന കച്ചവട തന്ത്രം പ്രയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റ് ഇവിടെയല്ല ചില യത്തിംഖാന പിരിവുക്കാരുണ്ട് പണക്കാരനും പാവപ്പെട്ടവനും ഒന്നും പ്രശ്നമാക്കാതെ വീട്ടില്‍ കയറി കിട്ടിയാലെ പോകൂ എന്ന നിലയിലുള്ള ഒരു നില്‍പ്പാണ്. മീന്‍ വാങ്ങാന്‍ വച്ച പൈസ എടുത്ത് പുണ്യം നേടി. നൂറു പണ്ടാരമടങ്ങാന്‍ വിളിച്ച് അവനവന്റെ ദാരിദ്രത്തെ ശപിക്കുന്ന പാവങ്ങളെ തിരിച്ചറിയാനെങ്കിലും ബോധമുള്ളവരെ വേണം റസീവര്‍മാരാക്കാനെന്നു എനിക്ക് തോന്നുന്നു.
കവലകളായ കവലകളിലെല്ലാം ഇഫ്ത്താറുകള്‍ അരങ്ങു തകര്‍ക്കുന്നു. സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ അമ്പലം ശാന്തി മുതല്‍ കപ്പ്യരുവരെ പരിപാടികളില്‍ നിറസാന്നിദ്യമാവുന്നു. സന്തോഷം. ഇസ്ലാമിന്റെ ആരാധനാ കര്‍മങ്ങളുടെ മഹത്വം ഇതര മതസ്ഥരിലും എത്തുകയെന്നത് നല്ല കര്‍മം. എല്ലാ സല്‍കര്‍മങ്ങളും ദൈവം സ്വീകരിക്കുമാറാവട്ടെ.
ജമാഅത്ത് മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ ജനങ്ങളുടെ പരസ്പര സാഹോദര്യം വളര്‍ത്താന്‍ സ്വന്തമായി പ്രത്യേകം പരിപാടികളാണ് നടത്താറുള്ളത്. സുന്നിക്ക് പിന്നെ ഹിന്ദു ഹറാമായതിനാല്‍ അവര്‍ക്ക് ശാന്തിയും കപ്പ്യാരും ഹല്ലാലാവുത്ത് വല്ല പച്ച കൊടിയും അലെങ്കില്‍ ചുവപ്പു കൊടിയും പാറുന്ന പന്തലിലാവുമ്പോഴാണ്. എല്ലാം പറഞ്ഞു എന്നെ ഉള്ളു.
സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഈ വിഭാഗങ്ങളുടെ സാഹോദര്യവും പരസ്പര സഹകരണവും ആരു ഊട്ടിയുറപ്പിക്കും. അവസാന നാളില്‍ മുസ്ലിം എഴുപത്തഞ്ച് വിഭാഗങ്ങളാവും ഞാനെവിടെയോ കേട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
എ.ടി.എം കൌണ്ടറിലും ബാങ്കുകളിലും നല്ല പുത്തന്‍ നോട്ടുകള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കവറു സക്കാത്തുകളായോ സക്കാത്ത് കമ്മറ്റിയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടിയോ നമ്മുക്കിടയില്‍ വന്നു ചേരും. കാത്തിരിക്കുക. മുജാഹിദ് സക്കാത്ത് ജമാഅത്ത് സക്കാത്ത്. പുല്‍പറമ്പില്‍ നിന്ന് ഫാരിസ് അബൂബക്കറിന്റെ പേരില്‍ നേര്‍ച്ചയാക്കപ്പെട്ട പ്രത്യേക സക്കാത്ത്. സക്കാത്ത് പവപ്പെട്ടവന്റെ അവകാശമാണ്. അതില്‍ തലയിടരുത്. പാവപ്പെട്ടവന്‍ കഞ്ഞി കുടിക്കട്ടെ.
മുജാഹിദും ജമാഅത്തും സുന്നിയും സക്കാത്തിന്റെ കാര്യത്തില്‍ ഒരുമിച്ചാല്‍ എല്ലാം പോവും. മുപ്പത് കില്ലോ അരിയും ജമാഅത്തില്‍ നിന്നും മുജാഹിദില്‍ നിന്നും കിട്ടുന്ന ഇരുനൂറു രൂപ വച്ചുള്ള സക്കാത്ത്. സുന്നികള്‍ക്ക് പിന്നെ ഇതു ബാധകമല്ല. അവര്‍ക്ക് പള്ളിയിലെ ഉസ്താദിന് പൊരിച്ചതും കരിച്ചതും കൊടുത്ത് ആളാവുന്നതില്ലാ പുണ്യം. സക്കാത്ത് സങ്കടിതമായി കൊടുക്കണം. ഇസ്ലാമികമായി സക്കാത്തിന് അതിന്റെതായ സ്ഥാനമുണ്ട്. ഞാനൊന്നും പറഞ്ഞില്ല എന്നല്ല.
പുണ്യങ്ങളുടെ പൂക്കാലത്തില്‍ വിരലില്‍ എണാവുന്ന ദിനങ്ങള്‍ മാത്രം. ആയിര മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട രാവിനെ നേടാന്‍ ദൈവം എല്ലാ ലോകരേയും അനുഗ്രിക്കട്ടെ.
ശ്രദ്ധക്കു വേണ്ടി: ശബ്ദ മലിനീകരണം വലിയ പ്രശ്നമാണ്. പാലിയേറ്റീവിനു വേണ്ടിയുള്ള മുക്കം അങ്ങാടിയിലെ വിളിച്ചു പറയല്‍ യത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബ്ദം പ്രശ്നമുള്ള രോഗികള്‍ യാത്രക്കാരിലും കച്ചവടക്കാരിലുമുണ്ടെന്ന് മനസിലാക്കുമെന്ന് കരുതുന്നു. ഇതിലും എന്തെങ്കിലും പറഞ്ഞാല്‍ പാവപ്പെട്ടവന് കിട്ടുന്ന സഹായം ഇല്ലാതാവുമെന്ന് ഭയക്കുന്ന പാവം രോഗി മിണ്ടാതിരിക്കുന്നു.

March 5, 2013

ഡാനിയേലിനെ വീണ്െടടുത്ത ചരിത്രകാരന്‍ /വായന

 ഷൈനി

അനന്തപുരിയിലെ തമ്പാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റില്‍ ചേര്‍ത്തല ബസ് കാത്തുനില്‍ക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. അവിടെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്ന ഒരാള്‍, ദൂരെ നടന്നുനീങ്ങുന്ന വൃദ്ധനെ നോക്കി പറയുന്നതു കേട്ടു: "എങ്ങനെ കഴിഞ്ഞയാളാ. എല്ലാം സിനിമ പിടിച്ചു മുടിച്ചു.'' 1968ലാണത്.
 
'ബ്രിട്ടീഷ് ഭരണകാലത്തെ ഗുമസ്തന്മാരുടെ വേഷം' ധരിച്ച ആ വൃദ്ധനെ പിന്തുടര്‍ന്നുവെങ്കിലും അദ്ദേഹം കന്യാകുമാരി ഭാഗത്തേക്കുള്ള ബസ്സില്‍ യാത്രയായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നടത്തിയ അന്വേഷണമാണ് അത് മലയാള സിനിമയുടെ പിതാവായ ജോസഫ് ചെല്ലയ്യ ഡാനിയേലാണെന്ന കണ്െടത്തലിലേക്ക് നയിച്ചത.് അതിനു വേണ്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടത്തിയ യാത്രകള്‍, കത്തിടപാടുകള്‍, അനുഭവിച്ച അവഹേളനങ്ങള്‍ ഒന്നും വ്യര്‍ഥമായില്ല. ഇന്ത്യന്‍ സിനിമയില്‍ ദാദാസാഹിബ് ഫാല്‍ക്കെയ്ക്ക് തുല്യനായി മലയാള ചലച്ചിത്രത്തിന്റെ പിതൃസ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ ഭരണകൂടം ഒടുവില്‍ തയ്യാറായി. അതുകൊണ്ടാണല്ലോ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഇന്നു ജെ.സി. ഡാനിയേലിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടുന്നത്.
കേരളത്തില്‍ ഫിലിം ജേണലിസ്റുകള്‍ എന്നൊരു വിഭാഗം സിനിമാനടികളുടെ അടിയുടുപ്പുകള്‍ വര്‍ണിച്ചു കഴിഞ്ഞ സിനിമാഗോസിപ്പിന്റെ കാലത്താണ് എഴുപതുകളില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഒരു ചലച്ചിത്ര ചരിത്രകാരന്റെ നിയോഗം ഏറ്റെടുക്കുന്നതെന്നോര്‍ക്കണം. അതിനുവേണ്ടി അദ്ദേഹത്തിന് അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങളുമായി നടത്തേണ്ടി വന്ന കലഹം ജെ.സി. ഡാനിയേലിന്റെ ജീവിതകഥയില്‍ സംക്ഷിപ്തമായെങ്കിലും ഉള്ളില്‍ തട്ടുംവിധം രേഖപ്പെടുത്തിയിരിക്കുന്നത്.
1938ല്‍ റിലീസായ ടി.ആര്‍. സുന്ദരത്തിന്റെ ശബ്ദചിത്രമായ ബാലന്‍ ആണ് മലയാളത്തിലെ ആദ്യസിനിമയെന്ന ധാരണ തകര്‍ത്താണ്, അതിനു പത്തു വര്‍ഷം മുമ്പേ പ്രദര്‍ശിപ്പിക്കപ്പെട്ട ഡാനിയേലിന്റെ വിഗതകുമാരന്‍ ആണ് ആ സ്ഥാനമര്‍ഹിക്കുന്നതെന്നു ചേലങ്ങാട്ട് സ്ഥാപിച്ചത്. "ഡാനിയേലിനെ അംഗീകരിക്കുന്നതു പോയിട്ട് അദ്ദേഹത്തെ വ്യക്തിപരമായി ശത്രുവിനെ പോലെ കണ്ട രണ്ടു പേരുണ്ട്. ഒരാള്‍ സാക്ഷാല്‍ കെ. കരുണാകരന്‍. രണ്ടാമത്തെയാള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍''-ചേലങ്ങാട്ട് രേഖപ്പെടുത്തുന്നു.
1970ല്‍ മലയാളസിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപോര്‍ട്ട് നല്‍കാന്‍ സി. അച്യുതമേനോന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജെ.സി. ഡാനിയേലിനെ മലയാളസിനിമയുടെ പിതാവായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് ഉന്നയിച്ച കാരണം "വിഗതകുമാരന്‍ ശബ്ദസിനിമയല്ല'' എന്നതായിരുന്നു. "അങ്ങനെയെങ്കില്‍ നിശ്ശബ്ദ ചിത്രമായ രാജാഹരിശ്ചന്ദ്ര നിര്‍മിച്ച ഫാല്‍ക്കെയെ ഇന്ത്യന്‍ സിനിമയുടെ പിതാവായി അംഗീകരിക്കുന്നതെന്തുകൊണ്ടാണെ''ന്നു ചേലങ്ങാട്ട് തിരിച്ചുചോദിച്ച സംഭവവും പുസ്തകത്തില്‍ പറയുന്നുണ്ട്. ചേലങ്ങാട്ട് ജോലി ചെയ്തിരുന്ന പത്രമായ മലയാളിയുടെ പത്രാധിപരും കോണ്‍ഗ്രസ്നേതാവുമായിരുന്ന കുട്ടനാട്ടു രാമകൃഷ്ണപിള്ള, വാരാന്ത്യപ്പതിപ്പില്‍ ചേലങ്ങാട്ടിന്റെ ഡാനിയേലിനെക്കുറിച്ചുള്ള ലേഖനം വായിച്ചിട്ട് "കണ്ട മാപ്പിളയൊക്കെയാണു മലയാളസിനിമയുടെ പിതാവെന്നു പറയാന്‍ നാണമില്ലേ'' എന്നു ചോദിച്ച വസ്തുതയും പുസ്തകത്തിലുണ്ട്. "ഇങ്ങനെ ഒരു ചിത്രവുമില്ല, ഡാനിയേല്‍ എന്നൊരാളുമില്ല'' എന്നു കെ. കരുണാകരന്‍ തീര്‍ത്തുപറഞ്ഞ രംഗവും അദ്ദേഹം ഓര്‍മിക്കുന്നു. "വിഗതകുമാരന്‍ താന്‍ കണ്ടിട്ടുണ്െട''ന്ന് മേരിലാന്റ് സുബ്രഹ്മണ്യം പറഞ്ഞപ്പോഴാണു കരുണാകരന്‍ തണുത്തതത്രേ. "ഡാനിയേല്‍ അഗസ്തീശ്വരത്തുകാരയതുകൊണ്ട് മലയാളിയല്ല'' എന്ന കരുണാകരവ്യാഖ്യാനത്തിനും ചേലങ്ങാട്ടിനു മറുപടിയുണ്ട്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടപ്പോഴാണ് അഗസ്തീശ്വരം തമിഴ്നാട്ടിലേക്കു പോയത്. ഡാനിയേലിന് അവശതാ പെന്‍ഷന്‍ അപ്പോഴും നിരാകരിക്കുകയായിരുന്നു. പിന്നീട് ഡാനിയേലിന്റെ വിധവ ജാനറ്റിന് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു.
ആദ്യത്തെ സിനിമാ കഥാകാരനും തിരക്കഥാകാരനും ഛായാഗ്രഹകനും ചിത്രസംയോജകനും സംവിധായകനും നിര്‍മാതാവും ഡാനിയേല്‍ തന്നെയായിരുന്നുവെന്നു ഗോപാലകൃഷ്ണന്‍ പറയുന്നു. കാമറ കൈകൊണ്ട് കറക്കി പ്രവര്‍ത്തിപ്പിക്കുകയും രാത്രികളില്‍ സ്വയം ഫിലിം കഴുകി ഉണക്കിയെടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് അന്നു കിട്ടുമായിരുന്ന പുസ്തകങ്ങള്‍ വായിച്ചും മദ്രാസിലും ബോംബെയിലും പോയി, ഷൂട്ടിങ് നേരിട്ടു കണ്ടും സാഹസികമായാണു ഡാനിയേല്‍ സിനിമാനിര്‍മാണരംഗത്തിലേക്കിറങ്ങിയത്. ഔട്ട്ഡോര്‍ ചിത്രീകരണത്തിനും വിദേശത്തു (സിലോണ്‍)വച്ചുള്ള ഷൂട്ടിങിനും തുടക്കംകുറിച്ചതിന്റെ ക്രെഡിറ്റും ഡാനിയേലിനുള്ളത് തന്നെ. മലയാളസിനിമയിലെ ആദ്യത്തെ ബാലതാരം ഡാനിയേലിന്റെ മൂന്നുവയസ്സുള്ള മകന്‍ സുന്ദരമായിരുന്നു. വിഗതകുമാരനില്‍ വില്ലനായി അഭിനയിച്ച ജോണ്‍സണ്‍, അമ്പതുകളിലെ പ്രശസ്ത നടി ബി.എസ്. സരോജയുടെ സഹോദരനാണെന്നുള്ള രസകരമായ വിവരവും പുസ്തകത്തിലുണ്ട്.
വിഗതകുമാരനിലെ കഥാനായികയായ നായര്‍ യുവതിയെ അവതരിപ്പിച്ചതിന്റെ പേരിലാണു പി. കെ. റോസിയെന്ന പുലയക്കിടാത്തിക്ക് വീടും കുടുംബവും നഷ്ടപ്പെട്ട് നാടുവിടേണ്ടി വന്നത്. സവര്‍ണ ദുഷ്പ്രഭുത്വത്തിന്റെ ആക്രമണങ്ങള്‍ക്ക് ഡാനിയേലും അദ്ദേഹത്തിന്റെ സിനിമയും ഇരയായതും അതുകൊണ്ടു തന്നെ. തനിക്ക് പൈതൃകമായി ലഭിച്ച സ്വത്തുക്കളൊക്കെ അദ്ദേഹം സിനിമാഭ്രമത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തിയത് 30ാം വയസ്സില്‍. അഞ്ചുവര്‍ഷത്തിനകം മധുരയില്‍ ദന്തഡോക്ടറായി പ്രാക്ടീസാരംഭിച്ച് ജീവിതം പച്ചപിടിച്ചപ്പോഴാണു തമിഴ് സിനിമാതാരമായ പി യു ചിന്നപ്പയെ പരിചയപ്പെടുന്നത്. ഈ സൌഹൃദമാണു മനസ്സിലുറങ്ങിക്കിടന്ന സിനിമാഭ്രമം വീണ്ടും ജ്വലിപ്പിച്ചത്. അത് ആ തകര്‍ച്ച പൂര്‍ണമാക്കി. പെണ്‍മക്കളെ നേരത്തെ കെട്ടിച്ചയച്ചതു കൊണ്ട് അല്‍പ്പം ആശ്വാസം ലഭിച്ചുവെന്നു മാത്രം. കുറച്ച് താറാവുകളുമായി ഡാനിയേലിനെ താന്‍ കണ്ട രംഗം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. വാര്‍ധക്യം കീഴടക്കിയ ഒരു മനുഷ്യന്‍. മുഖം ഷേവു ചെയ്തിട്ട് ദിവസങ്ങളായി. മുഷിഞ്ഞ കൈയുള്ള ബനിയനും കൈലിയുമാണ് വേഷം. ഒരു തരം ദുര്‍ഗന്ധം ആ മനുഷ്യനില്‍ നിന്നു പ്രസരിക്കുന്നു.
"തോറ്റു ഗോപാലകൃഷ്ണാ, ഞാന്‍ തോറ്റു'' എന്നു വിലപിക്കുന്ന സിനിമാപിതാവിന്റെയും "നിങ്ങളെല്ലാവരും കൂടി ശ്രമിച്ച് ഞങ്ങള്‍ക്കെന്തെങ്കിലും സഹായം ശരിയാക്കിത്തരണം'' എന്ന് കേഴുന്ന ജാനറ്റിന്റെയും ദൈന്യതയാര്‍ന്ന മുഖ്യങ്ങള്‍ ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുമ്പോഴും നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
- തേജസ്‌ ദിനപത്രം -

കത്തിത്തീരാതെ സെല്ലുലോയ്ഡ്




പി.വി. വേണുഗോപാല്‍

ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ഉയര്‍ത്തുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജീവചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടന്നുതീര്‍ത്ത ദുഷ്കരമായ വഴികളെപ്പറ്റി മകന്‍ സാജുചേലങ്ങാട്ട്

ഞങ്ങള്‍ വളരെ കഷ്ടത്തിലാണു കഴിയുന്നത്. നിങ്ങളെല്ലാവരും കൂടി ഉല്‍സാഹിച്ച് ഞങ്ങളെ സഹായിക്കണമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. ദൈവസഹായത്തിനുവേണ്ടി ദൈവത്തോട് കണ്ണീരോടെ അപേക്ഷിക്കുന്നു. നിങ്ങള്‍ പ്രയാസപ്പെട്ട് ഞങ്ങളെ സഹായിക്കണം.
ദാരിദ്യ്രത്തിന്റെയും രോഗങ്ങളുടെയും പിടിയിലകപ്പെട്ട് ജീവിതസായന്തനത്തില്‍ ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എഴുതിയ കത്തിലെ വരികളാണിവ. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജെ.സി. ഡാനിയേലും കന്നിചലച്ചിത്രത്തിലെ നായിക പി.കെ. റോസിയുമൊക്കെ അവഗണനയുടെ കയങ്ങളിലേക്ക് എറിയപ്പെട്ടത് എങ്ങനെയെന്ന് ഇന്നു ലോകത്തിനറിയാം. അവഗണനയുടെ ലോകത്തു നിന്ന് അവരെ കൈപിടിച്ചുയര്‍ത്തി മലയാള സിനിമയുടെ പൂമുഖത്ത് അര്‍ഹിക്കുന്ന അംഗീകാരത്തോടെ കയറ്റിയിരുത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ഇന്ന് ചരിത്രത്തിന്റെ ഭാഗം.

എന്തുകൊണ്ട്?
അണാപൈസയുടെ കണക്കില്‍ പരാജയപ്പെട്ടുപോയ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും നായികയായിരുന്ന പി.കെ. റോസിയുമൊക്കെ എട്ടു പതിറ്റാണ്ടിനിപ്പുറവും മലയാളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ എന്തുകൊണ്ട് അലോസരപ്പെടുത്തുന്നു?
കറകളഞ്ഞ ദേശീയവാദിയെന്ന് അറിയപ്പെട്ട മലയാളി പത്രാധിപര്‍ കുട്ടനാട് രാമകൃഷ്ണപിള്ളയും രാഷ്ട്രീയത്തിലെ ദ്രോണാചാര്യരെന്ന് അറിയപ്പെട്ട കെ. കരുണാകരനും മലയാളസാഹിത്യ സിനിമാരംഗങ്ങളിലെ പ്രാമാണിക വ്യക്തിത്വമായ മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ എന്തുകൊണ്ട് ആവര്‍ത്തിച്ച് കുറ്റവിചാരണ ചെയ്യപ്പെടുന്നു? എന്തുകൊണ്ട് കെ. മുരളീധരനും എന്‍. എസ്. മാധവനും എന്‍. മാധവന്‍ കുട്ടിയുമടക്കമുള്ള സമകാലിക രാഷ്ട്രീയ സാഹിത്യ-സാംസ്കാരിക നേതാക്കള്‍ വിഗതകുമാരനുയര്‍ത്തുന്ന അലോസരത്തിന്റെ ചരടില്‍ കുരുങ്ങിപ്പോവുന്നു?
ഈ ചോദ്യങ്ങള്‍ മലയാളിയുടെ സാംസ്കാരിക അടിത്തറയുടെ ജനിതകഘടന കൂടിയാണ് വെളിപ്പെടുത്തുന്നത്.

ചെമ്പുപട്ടയം തേടി കണ്െടത്തിയ സുവര്‍ണസത്യം
1893ല്‍ അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും 1932 ജൂണ്‍ 5ന് ചേര്‍ത്തലയില്‍ ജനിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണനും തമ്മില്‍ ലാഭത്തിന്റെ പുസ്തകത്തില്‍ കുറിച്ചിടാനുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടുമെന്തിന് ചേര്‍ത്തലക്കാരന്‍ ഗോപാലകൃഷ്ണന്‍ നാഗര്‍കോവിലുകാരന്‍ ഡാനിയേലിനെ തേടിയലഞ്ഞു? ശക്തനായ ഭരണാധികാരിയോടും പ്രശസ്തനായ സാഹിത്യകാരന്‍ കൂടിയായ ഉദ്യോഗസ്ഥ പ്രമുഖനോടും കറകളഞ്ഞ ദേശീയവാദിയായ സ്വന്തം പത്രാധിപരോടും ഡാനിയേല്‍ വിഗതകുമാരനെച്ചൊല്ലി എന്തിനിടഞ്ഞു?
ഒരു പണ്ഡിതനും തെളിച്ച ചരിത്രവഴിയിലൂടെ ആയിരുന്നില്ല ചേലങ്ങാടന്റെ ഹൃദയത്തിലേക്ക് ജെ.സി. ഡാനിയേല്‍ തുളച്ചുകയറിയത്.
ദീനബന്ധുവിലും മലയാളിയിലും സിനിമാലേഖനങ്ങള്‍ തുടര്‍ച്ചയായി എഴുതിവന്നിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഡാനിയേലിനെ തേടിയുള്ള യാത്ര ആരംഭിക്കുന്നത് പുരാവസ്തു സംരക്ഷണകേന്ദ്രമായ ലെക്സിക്കനില്‍ നിന്നാണ്. ചേലങ്ങാട്ട് ലെക്സിക്കനില്‍ എത്തിയത് വസ്തുസംബന്ധമായ പഴയ ചില ചെമ്പുപട്ടയങ്ങള്‍ തേടിയായിരുന്നു. ആ തിരച്ചിലിനിടയില്‍ സിനിമാകമ്പക്കാരനായ ഗോപാലകൃഷ്ണന്റെ മനസ്സിലേക്ക് ജെ.സി. ഡാനിയേലിനെ കടത്തിവിട്ടത് തിരുവനന്തപുരത്തുകാരായ ചില ലെക്സിക്കന്‍ ജീവനക്കാരായിരുന്നു. അവരാണ് ഡാനിയേല്‍ കേരളത്തിലെ ആദ്യ സ്റുഡിയോ സമുച്ചയം ഒരുക്കിയ തിരുവനന്തപുരത്തെ ശാരദാവിലാസമെന്ന വീടിന്റെ ഉടമ നാഗപ്പന്‍ നായരെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. ലെക്സിക്കന്‍ ഉദ്യോഗസ്ഥരും നാഗപ്പന്‍ നായരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിഗതകുമാരനെപ്പറ്റിയുള്ള ചേലങ്ങാടിന്റെ ആദ്യലേഖനം. മലയാള സിനിമയ്ക്ക് വരേണ്യവര്‍ഗം ചമച്ച ചരിത്രത്തെ വെണ്ണീരാക്കാനുള്ള ആദ്യ തീപ്പൊരിയായിരുന്നു അത്. പിന്നീട് ആ അഗ്നി ആളിക്കത്തിച്ചതും സാമ്പ്രദായിക ചരിത്രകാരന്മാരുടെയോ അക്കാദമിക് ബുദ്ധിജീവികളുടെയോ സഹായത്താലല്ലെന്നതാണ് ചേലങ്ങാടന്റെ അന്വേഷണയാത്രയെ വ്യത്യസ്തമാക്കുന്നത്.

തമ്പാനൂര്‍ ബസ്സ്റാന്റിന്റെ കിഴക്കുപുറത്തെ വാകമരച്ചോട്ടിലെ മുറുക്കാന്‍ കടക്കാരനും കടയ്ക്കു മുമ്പില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന നാട്ടുകാരില്‍ ചിലരും കന്യാകുമാരിയിലെ അലക്കുകാരന്‍ പെരുമാളും കവടിയാര്‍ കൊട്ടാരത്തിനു സമീപമുള്ള കപ്പേളയിലെ സൂക്ഷിപ്പുകാരനുമൊക്കെ ഉള്‍പ്പെടുന്ന, ചരിത്രത്തില്‍ നിന്ന് എപ്പോഴും അകറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരാണു ചേലങ്ങാട്ടിന്റെയും ജെ.സി. ഡാനിയേലിന്റെയും ചരിത്രപരമായ കണ്ടുമുട്ടലിന് വേദിയൊരുക്കിയത്.
ആ കണ്ടുമുട്ടലിനെ തുടര്‍ന്നായിരുന്നു വിഗതകുമാരന്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വീണ്ടും അലോസരം സൃഷ്ടിച്ചത്. കുപ്പമാടയില്‍ ഒടുങ്ങേണ്ട പുലയക്കിടാത്തി അഭ്രപാളികളില്‍ നായര്‍വേഷം ധരിച്ചെത്തിയ സവര്‍ണ പ്രമാണിമാരില്‍ സൃഷ്ടിച്ച ആദ്യ അലോസരം റീവൈന്‍ഡ് ചെയ്യപ്പെടുമായിരുന്നു അവിടെ. കത്തിച്ചുപിടിച്ച ചൂട്ടിന്റെ വെളിച്ചത്തിനു പിന്നാലെ നടന്ന് നാടുനീളെ ബാന്ധവവും സംബന്ധവുമായിക്കഴിഞ്ഞ സദാചാരപ്രമാണിമാര്‍ ഒരു ശൃംഗാരരംഗത്തിന്റെ പേരില്‍ അഭ്രപാളികള്‍ക്ക് തീവച്ചതും ക്യാപിറ്റോള്‍ തിയേറ്റര്‍ കല്ലെറിഞ്ഞു തകര്‍ത്തതും മലയാളത്തിലെ ആദ്യനായികയെ തല്ലിയോടിച്ചതും ഒരുവട്ടം കൂടി കേരളം ചര്‍ച്ച ചെയ്തതപ്പോഴാണ്. സര്‍വതും വിറ്റുതുലച്ച് കൊല്‍ക്കത്തയിലും മദിരാശിയിലും ബോംബെയിലും അലഞ്ഞുതിരിഞ്ഞ് സിനിമ പഠിച്ചു പകര്‍ത്തിയ ഡാനിയേല്‍ എന്ന നാടാരുടെ സ്വപ്നങ്ങളെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ സവര്‍ണന്‍ തകര്‍ത്തുകളഞ്ഞതും അന്ന് കേരളം വീണ്ടും ചര്‍ച്ച ചെയ്തു. അവര്‍ണനെ സിനിമാചരിത്രത്തില്‍ നിന്നു തൊഴിച്ചു പുറത്താക്കിയ ഭൂതകാലത്തിന്റെ ദുഷ്ചെയ്തിയോട് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന ഒറ്റയാന്‍ നടത്തിയ പോരാട്ടമാണ് കേരളം പിന്നീട് കണ്ടത്. ടി.ആര്‍. സുന്ദരം മുതലാളിയെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ ആഢ്യന്മാര്‍ കച്ചകെട്ടിയിറങ്ങിയ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ വിഗതകുമാരനെന്ന ഒരു സിനിമയോ ജെ.സി. ഡാനിയേല്‍ എന്ന സിനിമക്കാരനോ ഉണ്ടായിരുന്നേയില്ലെന്നായിരുന്നു അന്ന് ഇത്തരക്കാരുടെ പ്രചാരണം.
എന്നാല്‍, ജെ.സി. ഡാനിയേല്‍ ആണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തില്‍ അഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസയോഗ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ ചേലങ്ങാട്ട് സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു.
അപ്പോഴാണ് രണ്ടാം തലമുറയിലെ രാഷ്ട്രീയ-സാഹിത്യ-മാധ്യമ സവര്‍ണലോബി ഒരുമിച്ചു ചേര്‍ന്നത്. "നാഗര്‍കോവിലുകാരന്‍ തമിഴന് കേരളത്തില്‍ നിന്നു പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെ''ന്ന് കരുണാകരന്‍ വിധിച്ചതും "നിശ്ശബ്ദചിത്രമെങ്ങനെ മലയാളചിത്രമാവും'' എന്ന്
മലയാറ്റൂര്‍ രാമകൃഷ്ണ അയ്യര്‍ വാദിച്ചതും ചരിത്രം. തീ പാറുന്ന വാക്കുകളുമായി ചേലങ്ങാട്ട് തന്നെ യുദ്ധം തുടര്‍ന്നപ്പോള്‍ മലയാളി പത്രാധിപരായ കുട്ടനാട് രാമകൃഷ്ണപിള്ള 'കണ്ട മാപ്പിള'യെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചേലങ്ങാടിനെതിരേ തിരിഞ്ഞതും അപ്പോഴാണ്.
ഇപ്പോള്‍ അലോസരത്തിന്റെ മൂന്നാം ഖണ്ഡം ഈ തലമുറയിലെ മാധ്യമ-സാഹിത്യ-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ വിവാദത്തിന്റെ ചുവടുപിടിച്ച് വിസര്‍ജിക്കുന്നത് വാക്കുകള്‍ക്കും വാചകങ്ങള്‍ക്കു പോലും വ്യത്യാസമില്ലാതെ കഴിഞ്ഞ തലമുറ ഉയര്‍ത്തിയ അതേ ചോദ്യങ്ങളും ന്യായങ്ങളുമാണ്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാഷനല്‍ ഫിലിം ആര്‍ക്കൈവ്സിലെ അസിസ്റന്റ് ക്യൂറേറ്റര്‍ ആയിരുന്ന പി. കെ. നായര്‍ വിഗതകുമാരന്‍ എന്നൊരു സിനിമയെപ്പറ്റി കേട്ടറിവുപോലുമില്ലെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ അറിയിച്ചു. വള്ളിപുള്ളി വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസം ലോകസിനിമയെപ്പറ്റി ബൃഹദ്ഗ്രന്ഥമെഴുതിയ തോട്ടം രാജശേഖരനെന്ന മുന്‍ ഉദ്യോഗസ്ഥ പ്രമുഖനും പറഞ്ഞത് അതേ കാര്യം! മാപ്പിളയെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞ തലമുറയിലെ 'വിശാരദന്മാര്‍' പറഞ്ഞ വാക്കുകളും വാചകങ്ങളും തന്നെയാണ് വിഗതകുമാരനും ഡാനിയേലിനും ചേലങ്ങാട്ടിനുമെതിരേ ഇപ്പോള്‍ വാളോങ്ങുന്നവരും വിളമ്പുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ കണ്െടത്തിയ ചരിത്രസത്യം ഈ തലമുറയിലെ വരേണ്യവര്‍ഗത്തിന് അലോസരമുണ്ടാക്കുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഭരണപക്ഷ വരേണ്യസ്തുതിപാഠകര്‍ക്ക് നിരന്തരം അലോസരം സൃഷ്ടിക്കുന്നുവെന്നാണ് ചേലങ്ങാട്ടിന്റെ കണ്െടത്തലുകളെ കാലാതിവര്‍ത്തിയാക്കുന്നതും. ഒരര്‍ഥത്തില്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്കു പകരുന്ന ഇത്തരം അലോസരങ്ങളാണല്ലോ ചരിത്രത്തെ നേര്‍വഴി നടത്തുന്നത്.

നോവലിസ്റ് പറയുന്നത്

വസ്തുതകള്‍ ശരിക്കു പഠിക്കാതെയാണ് എന്‍. എസ്. മാധവനെപ്പോലുള്ളവര്‍ സെല്ലുലോയ്ഡിനെ സംബന്ധിച്ച വിവാദത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്നു സിനിമയ്ക്കാധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ് വിനു എബ്രഹാം വ്യക്തമാക്കി.
"2005ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവേദിയില്‍ വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖയാണ് വിഗതകുമാരനിലെ നായികയായ പി. കെ. റോസിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്''- അദ്ദേഹം പറഞ്ഞു. "തലസ്ഥാനനഗരിയിലെ ദലിത് പ്രവര്‍ത്തകരായ ആര്‍. ഗോപാലകൃഷ്ണന്‍, എസ്. എം. മണി തുടങ്ങിയവരില്‍ നിന്നു റോസിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പിന്നെയും പല അന്വേഷണങ്ങള്‍ക്കും ശേഷമാണ് നഷ്ടനായിക രചിക്കുന്നത്.''
"1970ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിനിമാവ്യവസായത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണു മലയാറ്റൂര്‍ രാമകൃഷ്ണനെ, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ സമീപിക്കുന്നത്. അന്നദ്ദേഹം നിഷേധാത്മകമായാണു പ്രതികരിച്ചതെന്നു ചേലങ്ങാട്ട് തന്നെ എഴുതിയിട്ടുണ്ട്. പിന്നീട് 1975ല്‍ കെ. കരുണാകരന്‍ ചലച്ചിത്രവകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ വീണ്ടും സിനിമാപിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നുവന്നു. ഉദ്യോഗസ്ഥന്മാരുടെ വിശദീകരണത്തില്‍ കവിഞ്ഞ് അദ്ദേഹവും പ്രശ്നം പഠിച്ചിട്ടുണ്ടാവണമെന്നില്ല. അങ്ങനെയാണു മലയാറ്റൂരും കരുണാകരനും ഈ വിഷയത്തില്‍ വിവാദപുരുഷന്മാരായിത്തീരുന്നത്.''
"നഷ്ടനായിക സിനിമയാക്കാന്‍ ബ്ളെസി ആലോചിച്ചിരുന്നുവെങ്കിലും നിര്‍മാതാക്കളെ കിട്ടാത്തതുകൊണ്ട് ആ പ്രോജക്ട് നീണ്ടുപോയ സാഹചര്യത്തിലാണു കമല്‍ സാര്‍ മുന്നോട്ടുവന്നത്''- വിനു വ്യക്തമാക്കി.

- തേജസ്‌ ദിനപത്രം -

January 27, 2013

വിശ്വരൂപം എതിര്‍ക്കപ്പെടുമ്പോള്‍

മുസ്ലിം നാമധാരിയായ ഒരു ഇന്ത്യന്‍ മേജര്‍ ലോകത്തെ ഒരേയൊരു ലൈവ് ഏജന്‍ായി അല്‍ക്കൊയ്ദയുടെ ഉള്ളിലേക്കു നുഴഞ്ഞുകയറുന്നതും അവരുടെ രഹസ്യ താവളങ്ങളും പദ്ധതികളും മനസ്സിലാക്കി അതിന്നനുസരിച്ച് ലോകത്തെ രക്ഷിക്കാന്‍ പെടാപാടു പെടുന്നതുമാണ് വിശ്വരൂപത്തിന്റെ കഥാതന്തു. കഴിഞ്ഞ ദിവസം കമലഹാസന്റേതായി നെറ്റിലൊക്കെ വന്ന ഒരു പ്രസ്താവനയിലെ അവസാനഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട് ദേശസ്‌നേഹികളായ മുസ്ലിംകള്‍ക്ക് ഈ സിനിമയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനാവില്ല എന്ന്. വിശ്വരൂപം എന്ന സിനിമ ഏതെങ്കിലും ദേശത്തിനോട് കൂറ് ഉണ്ടാവണം എന്നു പറയുന്ന സിനിമയല്ല. അത് ഡീല്‍ ചെയ്യുന്നത് ആഗോള ഭീകരത, അതിന്റെ രക്ഷാകര്‍ത്താക്കളായ അമേരിക്കന്‍ ചങ്ങാതിമാര്‍, പിന്നെ അല്‍ക്കൊയ്ദ... ഇതിലെവിടെയാണ് ദേശസ്‌നേഹവും മറ്റും വരുന്നത്.. എത്രമാത്രം ബാലിശമായിട്ടാണ് അല്‍ക്കൊയ്ദ എന്ന സംഘത്തിലേക്ക് കാഷ്മീരി എന്നു പേരിലിലുള്ള, അറബി അറിയാത്ത, തമിഴും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന കമലഹാസന്‍ കയറിപ്പറ്റുന്നത് കാണിച്ചതെന്നോ.. ഹോ.. ഭയങ്കരം.. ഭയാനകം....അയാളവിടെ ആരുമായും അധികം ഇന്ററാക്ട് ചെയ്യുന്നില്ല. എന്തിന് മുസ്ലിംകള്‍ പരസ്പരം കാണുമ്പോള്‍ സാധാരണയായി ചെയ്യുന്ന കെട്ടിപ്പിടുത്തത്തിനുപോലും ഇയാള്‍ നില്‍ക്കുന്നില്ല. ഒരു സന്ദര്‍ഭത്തില്‍ ഈ രക്ഷകന്‍ ഉസാമയുടെ അടുത്തയാളായ ഉമറി (രാഹുല്‍ ബോസ്) നോട് പറയുന്നുണ്ട് തന്തയാരാണെന്ന് ഒരു ഉറപ്പുമില്ലാത്ത നിങ്ങളെപ്പോലുള്ളവര്‍ക്ക് സ്‌റ്റോംഗ് അല്‍പം കൂടുതലായിരിക്കും അല്ലേന്ന്.. ഇതൊക്കെ പരിചയപ്പെട്ട അന്ന് തന്നെ സംഭവിക്കുന്നതാണ് കേട്ടോ..എന്നിട്ടും പാവം അല്‍ക്കൊയ്ദക്കാര്‍ കമലഹാസനെ കൂടെ നിര്‍ത്തി ഭാവി പരിപാടികളൊക്കെ വിശദമായി പറഞ്ഞുകൊടുക്കുന്നു.. അയാളത് അപ്പപ്പോള്‍ അറിയിക്കേണ്ടവരെ അറിയിക്കുന്നു. എന്താ ല്ലേ... ഇതിലേറ്റവും രസകരം എന്നു എനിക്കു തോന്നിയ ഒരു സീനുണ്ട്. പറയാം. സിനിമയുടെ ക്ലൈമാക്‌സിനടുത്ത് ഒരു ഭയങ്കര ബോംബനെ പിടിയ്ക്കാനായി സകല പോലീസും കമലഹാസനും രണ്ടു സുന്ദരികളും ഒരു മുറിക്കകത്ത് നില്‍പാണ്.. അപ്പൊ ബാങ്ക് വിളിച്ചാട്ടാവാം അല്‍ക്കൊയ്ദക്കാരന്‍ അവന്റെ മുറിയില്‍ നിസ്‌കാരം തുടങ്ങി.. ഇവിടെ എഫ്ബിഐക്കാരന്‍ നോക്കുമ്പോളുണ്ട് നമ്മുടെ കമലഹാസന്‍ നിസ്‌കരിക്കുന്നു.. ......ചോദ്യം: ഹാ.. ഇയ്യാളിതെന്താ ഈ ചെയ്യുന്നത്... ഉത്തരം: ങ്.. ചിലപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതായിരിക്കും... ഹോ.. ... അതേ സുഹൃത്തുക്കളേ ഈ അല്‍ക്കൊയ്ദയേയും അതുപോലുള്ള എല്ലാ തീവ്രവാദികളേയും ഇല്ലായ്മ ചെയ്യേണ്ടത് അഞ്ചുനേരം കര്‍ശനമായി നിസ്‌കരിക്കുന്ന ഓരോ മുസ്ലിമിന്റേയും ബാധ്യയാകുന്നു.. അപ്പോഴാണ് അവന്‍ രാജ്യസ്‌നേഹിയായ പൗരനാവുന്നത്.. അല്ലെങ്കില്‍ അവന്‍ രാജ്യദ്രോഹിയാകുന്നു.
ലോകത്ത് മുസ്ലിം നാമധാരിയായതിന്റെ പേരില്‍ പോലും ത്രിവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ വേട്ടയാടപ്പെടുന്ന മുസ്ലീമിനെ സംബന്ധിച്ചോടത്തോളം ഈ സിനിമ മുന്നോട്ട് വെയ്ക്കുന്ന മെസേജ് വളരെ വിപരീതമായി മാത്രമേ ഭവിക്കുകയുള്ളു. ഇന്ത്യയില്‍ മുസ്ലിം ഭീകരവാദം എന്ന ഒരു ഭീക്ഷണി വരാനിരിക്കുന്നുവെന്ന വാക്കുകളില്‍ തീരുന്ന സിനിമ. എന്നും ഒത്തിരി ആശയ സംവാദങ്ങള്‍ക്ക് കാരണമാവുന്ന സിനിമയെന്ന കലയ്ക്ക് ഇന്ത്യന്‍ ജനതയുടെയും ലോക ജനതയുടെയും മനസില്‍ യാഥാര്‍ത്ഥ്യത്തോളം തന്നെ വിശ്വാസമുണ്ട്. ഈ സിനിമ നല്‍കുന്ന മെസേജ് തീര്‍ച്ചയായും ഇന്ന് ത്രീവ്രവാദി എന്നതിലപ്പുറം ഭീകരവാദിയായി ഇന്ത്യന്‍ മുസ്ലീമിനെ ഇതര മതസ്ഥര്‍ കാണാനുള്ള കാരണമാവുമെന്നതിലും ഈ സിനിമ എതിര്‍ക്കപ്പെടുന്നില്ലെങ്കില്‍ ഈ സിനിമാ കഥ യാഥാര്‍ത്ഥ്യമായി പരിഗണിക്കപ്പെടും. പുകവലിയെ പ്രോത്സാഹിക്കപ്പെടുന്നുവെന്ന കാരണത്താല്‍ പുകവലി രംഗങ്ങള്‍ മുറിച്ചു മാറ്റുന്ന നാട്ടില്‍ പലതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

March 2, 2012

പ്രണയത്തിന്റെ തീവ്രഭാവത്തില്‍ നിദ്ര


സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാത്തില്‍ സദാനന്ദന്‍ രാങ്കോരത്ത്, ദെബോബ്രൊദോ മണ്ഡല്‍ എന്നിവര്‍ നിര്‍മ്മാണം നിര്‍വ്വഹിച്ച നിദ്രയുടെ ശക്തമായ തിരക്കഥ സന്തോഷ് എച്ചിക്കാനത്തിന്റെതാണ്.  സമീര്‍ താഹിറാണ് ക്യാമറ. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ജാസിഗിഫ്റ്റ് സംഗീതം പകര്‍ന്നു. മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ഭരതന്റെ നിദ്ര മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ഭാവനയില്‍ തിയറ്ററിലെത്തിയപ്പോള്‍ നവ്യാനുഭവമായിമാറി. കാലത്തിന്റെ മാറ്റങ്ങള്‍ ചിത്രത്തില്‍ പ്രകടമാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്നതാണ് ശ്രദ്ധേയം. പ്രണയത്തിന്റെ തീവ്രഭാവത്തെ മനോഹരമായി വരച്ചുകാട്ടാന്‍ യുവനടന്‍ കൂടിയായ സിദ്ധാര്‍ത്ഥ് ഭരതിന്റെ സംവിധാനത്തിന് കഴിഞ്ഞിരിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ രാജു എന്ന കഥാപാത്രവും റിമകല്ലിംഗലിന്റെ അശ്വതിയും പ്രേക്ഷകര്‍ മറക്കില്ലായെന്നത്് ഇവരുടെ അഭിനയമികവിന് തെളിവാകുന്നു. താരങ്ങള്‍  സിദ്ധാര്‍ത്ഥ് ഭരതന്‍, തലൈവാസല്‍ വിജയ്, ജിഷ്ണു, വിജയ്മേനോന്‍, ശിവജി ഗുരുവായൂര്‍, മണികണ്ഠന്‍ പട്ടാമ്പി, രാജീവ് പരമേശ്വരന്‍, റിമകല്ലിംഗല്‍, കെ,പി.എസി. ലളിത, സരയൂ, അംബിക മോഹന്‍.

കഥാസാരം: മേനോന് രണ്ട് ആണ്‍മക്കള്‍. വിശ്വവും രാജുവും. ബിസിനസ്സുകാരനായ വിശ്വം വിവാഹിതനാണ്. കണ്ടു പിടുത്തങ്ങളുടെ ലോകത്താണ് രാജു. സ്നേഹനിധിയായ അമ്മയുടെ മരണം  രാജുവിനെ മാനസികമായി തളര്‍ത്തുന്നു. ഒറ്റപ്പെടലുകളുടെയും മാനസിക സഘര്‍ഷങ്ങളുടെയും ലോകത്തിലൂടെ സഞ്ചരിക്കുന്ന രാജു. ഒരു മാനസിക രോഗിയായി ചിത്രീകരിക്കപ്പെടുന്നു. തന്റെ കളിക്കൂട്ടുക്കാരിയായ അശ്വതിയാണ് രാജുവിന് ഈ അവസ്ഥയിലെ ഏക ആശ്രയമാവുന്നത്. രണ്ടു പേരുടെയും സ്നേഹം മനസിലാക്കുന്ന വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്തുന്നു. രാജുവിന്റെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരുവുകള്‍ക്ക് എപ്പോഴും വിലങ്ങാവുന്നത്. കുടുംബത്തിലെ തന്നെ ചിലരുടെ കുറ്റപ്പെടുത്തലുകളും സമര്‍ദ്ദങ്ങളും രാജുവിന്റെ മാനസിക നില ചില സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. ഇത്തരം കുറ്റപ്പെടുത്തലുകളും സമര്‍ദ്ദങ്ങളും രാജുവിന്റെ രോഗാവസ്ഥയെ വര്‍ദ്ദിപ്പിക്കുമെന്ന മനോരോഗവിദഗ്ധന്റെ മുന്നറീപ്പുകളെ ചെവിക്കോളാത്ത വിശ്വത്തിന്റെയും വീട്ടിലെ മുറ്റുള്ളവകരുടെയും രാജുവിന്റെ സര്‍വ്വ കാര്യത്തിലുമുള്ള കടന്നു കയറ്റത്തില്‍ നിന്ന് രാജു ശക്തമായി പ്രതികരണം അവന്റെ മാനസിക നിയന്ത്രണം നഷ്ടമാക്കുന്നു. എല്ലാത്തരത്തിലുള്ള പ്രതിസന്ധികളിലും ഹൃദയം തുറന്നു സ്നേഹിക്കുന്ന അശ്വതി രാജുവിനെ സ്നേഹിക്കുന്നു. പൂര്‍ണ്ണമായും മാനസിക രോഗിയായ രാജുവിന്റെ കൂടെ മരണമെന്ന നിത്യമായ നിദ്രയില്‍ പുല്‍കുന്നതോടെ ചിത്രം പൂര്‍ണ്ണമാവുന്നു.