December 29, 2016

മുഹമ്മദ്‌ - മൈ ഹീറോ

മുഹമ്മദ്‌ - മൈ ഹീറോ
ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ഈ മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്നതെന്ന്.. സ്നേഹത്തിനു യുക്തി ഇല്ലെന്നാണ് പറയാറ്. ഒരമ്മ തന്റെ മകന്‍ എത്ര മോശം ആണെങ്കിലും അവനെ സ്നേഹിക്കുന്നത് പോലെ. ചില പ്രേമങ്ങള്‍ പോലെ.. smile emoticon
പക്ഷെ ചില സ്നേഹങ്ങളുണ്ട്.. അവയ്ക്ക് കൃത്യമായ യുക്തി ഉണ്ടായിരിക്കും.. എന്തിനു ഞാന്‍ ഇയാളെ സ്നേഹിക്കുന്നു എന്നതിനൊക്കെ വ്യക്തവും യുക്തിപൂര്‍ണ്ണവുമായ ഉത്തരം ഉണ്ടായിരിക്കും. അങ്ങനെയൊരു സ്നേഹമാണ് എനിക്ക് നബിയോട്.
---------
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. നബി എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. അന്ന് വലിയ വിവാദമായിരുന്ന ഒരു വാര്‍ത്ത ആയിരുന്നു ഏതോ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ നബിയെ തീവ്രവാദി എന്ന് വിളിച്ചത്.. പല മുസ്ലിംകളും വൈകാരികമായി പെരുമാറുന്നത് അന്ന് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എനിക്ക് മാത്രം ഒരു ഫീലും തോന്നിയിരുന്നില്ല.. പറഞ്ഞല്ലോ, നബി അന്നെനിക്ക് ആരുമല്ലായിരുന്നു.. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ജീവിക്കുന്ന, നബിയെ കുറിച്ച് അനേകം തവണ പ്രസംഗങ്ങള്‍ നിത്യേന കേള്‍ക്കാന്‍ കഴിയുന്ന, കേരളത്തിലെ ഒരുവിധം എല്ലാ മുസ്ലിം സംഘടനകളുടെയും പല നേതാക്കളും ഉള്ള കുടുംബത്തില്‍ ജനിച്ച ആള്‍ ആയിരുന്നിട്ടു കൂടി നബിയെ ഞാന്‍ സ്നേഹിച്ചിരുന്നില്ലായിരുന്നു.. കാരണം ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി. ചപ്പുച്ചവര്‍ തലയില്‍ വീണാലും പ്രതികരിക്കാത്ത ഒരു പാവത്താന്‍.. അങ്ങനെയൊരാളെ എനിക്ക് ഹീറോ ആയി വേണ്ടായിരുന്നു..
പിന്നീടെന്ന്‍ മുതലാണ്‌ നബി എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന്‍ തുടങ്ങിയത്?
---------
പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചനആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള്‍ തന്നെ ആയിരുന്നു.. ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം IPH പുറത്തിറക്കിയ 'ഫാറൂഖ് ഉമര്‍' എന്ന ഉമറിന്റെ ചരിത്രമായിരുന്നു.. എന്താ പറയാ? പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഫീല്‍ ആയിരുന്നു അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക്‌ ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്‌ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്‍ക്കും മേലെ ഉമര്‍ ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന്‍ ആയി എന്ന് തന്നെ പറയാം.. ആ പുസ്തകത്തിലൂടെ ഞാന്‍ മറ്റൊരാളുടെ കൂടെ ഫാന്‍ ആയി ഞാന്‍ മാറിയിരുന്നു എന്നതും മറ്റൊരു സത്യം.. അതായിരുന്നു ദൈവത്തിന്റെ ഘഡ്ഗം ഖാലിദ് ബിന്‍ വലീദ്.. പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദിനെ കുറിച്ചായിരുന്നു.. മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..
ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്‍.. അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍.. ബട്ട്‌, സീ, ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അയാള്‍ എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന്‍ ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന്‍ മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?
ഹേ മാന്‍.. പ്ലീസ് കം റ്റു മി.. സീ, മൈ ഹാര്‍ട്ട്‌ ഈസ്‌ എക്സ്ട്രീംലി വെയ്റ്റിംഗ് ഫോര്‍ എന്‍ അക്കമ്പ്ലിഷ്ഡ് ഹീറോ ഫോര്‍ ഏജസ്.. ഇഫ്‌ യൂ ആര്‍ ദാറ്റ് വണ്‍, പ്ലീസ്... എവിടെയാണ് താങ്കള്‍ ഒളിച്ചിരിക്കുന്നത്..? ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ താങ്കളുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് താങ്കള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?
ഓ ഗോഡ്.. പ്ലീസ് ഷോ മി മൈ റിയല്‍ ഹീറോ..
--------------------------------------------
"How one man single handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades."
തോമസ്‌ കാര്‍ലൈലിന്റെ ഈ ചോദ്യം എന്‍റെത് കൂടിയായിരുന്നു.. എങ്ങനെയാണ് ഒരു മനുഷ്യന്‍ ഒറ്റയ്ക്ക്, യുദ്ധക്കൊതിയന്മാരും ബദവികളുമായ ഗോത്രവര്‍ഗമനുഷ്യരെ ലോകം കണ്ട ഏറ്റവും ശക്തവും നാഗരികവുമായ ഒരു രാഷ്ട്രം ആക്കി മാറ്റിയെടുത്തത്, അതും വെറും രണ്ടു പതിറ്റാണ്ട് കൊണ്ട്? അണ്‍ബിലീവബിള്‍..
കാര്‍ലൈലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'സ്വന്തം കൈ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയിരുന്ന ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടത് പോലെ ലോകത്ത് കിരീടം വച്ച ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെട്ടിട്ടില്ല'. അതിനു മാത്രം ഈ മനുഷ്യന്‍ ആരാണ്? ലോകത്ത് ഇദ്ദേഹം സ്നേഹിക്കപ്പെട്ടത് പോലെ മറ്റൊരു മനുഷ്യനും സ്നേഹിക്കപ്പെട്ടിട്ടില്ല.. ഉഹുദിന്റെ രണാങ്കണത്തില്‍ നബിക്ക് നേരെ വരുന്ന അസ്ത്രങ്ങള്‍ സ്വന്തം മാറ് കൊണ്ട് തടയാന്‍ അനുയായികള്‍ മത്സരിക്കുകയായിരുന്നു. നബിയുടെ നെഞ്ചോട്‌ ചേര്‍ന്ന് മരിച്ചു വീഴുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നു.. ഹുബൈബിനെ പിടിച്ചു കെട്ടി അയാളുടെ ശരീരത്തില്‍ നിന്നും മാംസകഷ്ണങ്ങള്‍ അറുത്തെടുക്കുമ്പോള്‍ ശത്രുക്കള്‍ ചോദിച്ചു.. 'ഹുബൈബ്, നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ്‌ ആവുകയും അങ്ങനെ നീ നിന്റെ കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നതും ആലോചിച്ചു നോക്കൂ..' വേദന കൊണ്ട് പ്രാണന്‍ വിടുമ്പോഴും ഹുബൈബ് നല്‍കിയ മറുപടി 'എന്റെ നബിയുടെ ദേഹത്ത് ഒരു പോറല്‍ എങ്കിലും വീഴുന്നത് തടയാന്‍ എന്റെ കുടുംബത്തെ മുഴുവന്‍ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു.. ഇങ്ങനെയാണ് ഒരു ജനത നബിയെ സ്നേഹിക്കുന്നത്.. ഇത്രയധികം മനുഷ്യരാല്‍ സ്നേഹിക്കപ്പെടാന്‍ മാത്രം നബിക്കുള്ള പ്രത്യേകത എന്താണ്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് നബിയുടെ ഹീറോയിസം കിടക്കുന്നതും..
ലോകം ഒന്നടങ്കം ഏകാധിപതികളും അക്രമികളും അധിനിവേഷകരും ചേര്‍ന്നു പങ്കിട്ടെടുത്ത കാലത്ത്, എല്ലാ സ്വേച്ചാതിപതികളെയും തന്റെ ചൂണ്ടുവിരലില്‍, ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ച തന്റെ ഒരൊറ്റ മുദ്രാവാക്യത്തില്‍ സ്ഥബ്ദരാക്കി നിര്‍ത്തിയ റോറിംഗ് ലയണ്‍.. ലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍, പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച ഇടയന്‍, പക്ഷെ ഓരോ യവനചക്രവര്‍ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവരെന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു.. ആരെയും കൂസാത്ത മരുഭൂമിയുടെ പുത്രന്‍.. ലോകത്തെ സര്‍വ്വവിധ ചൂഷകരുടെയും വരേണ്യവര്‍ഗങ്ങളുടെയും മോസ്റ്റ്‌ വിയേഡര്‍ നൈറ്റ്മെയര്‍.. ദി വാലറസ്‌ വാരിയര്‍.. ദി സ്ട്രെന്യുസ് റെവൊലൂഷണിസ്റ്റ്.. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി മുഹമ്മദ്‌ റസൂലുല്ലാഹ്.. ദി ഹീറോ..!
നിങ്ങള്‍ ആരുമായിക്കോട്ടെ, നിങ്ങളുടെ മേഖല എന്തുമായ്ക്കോട്ടേ, നിങ്ങള്‍ക്ക് നബിയില്‍ ഒരു ഹീറോയെ കാണാന്‍ കഴിയും.. ഭരണാധിപന്‍, സൈന്യാധിപന്‍, യോദ്ധാവ്, പരിഷ്കര്‍ത്താവ്‌, വിപ്ലവകാരി, ആത്മീയനേതാവ്, അദ്ധ്യാപകന്‍, അടിമകളുടെ വിമോചകന്‍, സ്ത്രീകളുടെ സംരക്ഷകന്‍, അനാഥകളുടെ ആശ്രയം, ചൂഷിതരുടെ അഭയം. നബിയില്‍ എല്ലാം ഉണ്ടായിരുന്നു.. അലിയുടെയും ഫാത്വിമയുടെയും സ്നേഹസമ്പന്നനായ പിതാവ്, അബൂബക്കറിന്റെ ഗുരുനാഥന്‍, ഉമറിന്റെ മെന്റര്‍, ബിലാലിന്റെ പ്രാണന്‍, ആയിഷയുടെ പ്രണയഭാജനം, ഹംസയുടെ സഹോദരന്‍, ഖാലിദിന്റെ വീരനായകന്‍, അബൂദറിന്റെ റോള്‍മോഡല്‍, മദീനാജനതയുടെ പിതാവ്, സഹോദരന്‍, മകന്‍.. മദീനയില്‍ ജനം ഉറങ്ങുമ്പോഴും അവര്‍ക്ക് വേണ്ടി ഉറക്കമൊഴിച്ച അവരുടെ അംഗരക്ഷകന്‍. ചിലപ്പോള്‍ ഗഹനമായ സമസ്യകള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കുന്ന രാഷ്ട്രമീമാംസകാനായി. ചിലപ്പോള്‍ സാമ്രാജിത്വത്തിനെതിരെ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന നയതന്ത്രജ്ഞനായി. വറുതിയുടെ നാളുകളില്‍ ജനക്ഷേമത്തിന്റെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിചക്ഷണനായി. വിരൂപനായ അസ്വദിന് വധുവിനെ അന്വേഷിച്ചു കണ്ടെത്തുന്ന സുഹൃത്തായും, കാട്ടറബിയുടെ ചെറുമകന്‍ ഈത്തപ്പഴം തിന്നാന്‍ വാശിപിടിച്ചു കരഞ്ഞപ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ ഈത്തപ്പഴം തിന്നാന്‍ ഈത്തപ്പനമരം തന്നെ വാങ്ങിക്കൊടുക്കുന്ന പിതാവായും, പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ സായാഹ്നങ്ങളില്‍ അങ്ങാടികളിലേക്ക് മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുന്ന ഭരണാധികാരിയായും, രോഗാതുരരായവരെ വീടുകളില്‍ ചെന്ന് ക്ഷേമമന്വേഷിക്കുന്ന വൈദ്യനായും എല്ലാം നബിയുണ്ട്.. ഇതാ എന്റെ നായകസങ്കല്പങ്ങള്‍ തകര്‍ത്തെറിയപ്പെടുന്നു. കഥകളിലോ സിനിമകളിലോ പോലും സാധ്യമല്ലാത്ത ഒരു ഹീറോ ഇതാ യഥാര്‍ത്ഥ ജീവിതത്തില്‍..
-----------
നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു, മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും. അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ വിഗ്രഹാരാധകരുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു, മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ ലോകം കിസ്റ ഹിര്‍ക്കല്‍മാരുടെ എകാധിപത്യത്തിന്‍ കീഴിലായിരുന്നു, എന്നാല്‍ നബി മരിച്ചു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം വിസ്മൃതിയിലാണ്ടു പോയിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത ജാഹിലുകള്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അവര്‍ നിസ്സാരകാര്യങ്ങള്‍ക്ക് ചോരപുഴകള്‍ ഒഴിക്കിയിരുന്ന കാടന്മാരായിരുന്നു, എന്നാല്‍ നബിക്ക് ശേഷം, മരണാസന്നവേളയിലെ ദാഹജലം പോലും അപരന് ദാനം ചെയ്യാന്‍ മാത്രം ഉന്നതരായി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ അറേബ്യ മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലായിരുന്നു, മരിക്കുമ്പോള്‍ ഇവയൊന്നും ആ നാട്ടില്‍ കണികാണാന്‍ പോലും കിട്ടാനില്ലായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു.. ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ വേറെ ആരാണ് ഉള്ളത്..? നിണമണിഞ്ഞ പരുക്കന്‍ മരുഭൂമിയെ അദ്ദേഹം ദിവ്യവചനങ്ങളാല്‍ സുവര്‍ണ്ണമണിഞ്ഞ ഊഷ്മളമരുപ്പച്ചകളാക്കി മാറ്റി..
“If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad?” (Alphonse de Lamartine)
ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍.. തനിക്ക് മുമ്പില്‍ ഓഫറുകളുമായി വന്നവരോട് 'എന്റെ വലതുകയ്യില്‍ സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും പിന്തിരിയില്ല' എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ആദര്‍ശപ്രതിബദ്ധത. കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട, സ്വന്തം നാടുവിട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം. ചില അട്ജസ്റ്റ്മെന്റ്കള്‍ക്ക് ഒരുക്കം ആണെങ്കില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാം എന്ന് പറഞ്ഞവരോട് 'നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്കെന്റെ ദീന്‍' എന്ന് പറയുമ്പോള്‍ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട്.. സഫാമലക്ക് മുകളിലെ പ്രഖ്യാപനത്തില്‍ കാണിച്ച ആ ചങ്കൂറ്റവും നയതന്ത്രജ്ഞതയും. ഹുദൈബിയ സന്ധിയില്‍ തന്റെ കൂടെയുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ തിരിച്ചയക്കണ്ട എന്നും ഇങ്ങോട്ട് വന്നാല്‍ തിരിച്ചയക്കാം എന്നും കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍, ഉള്ളു നിറഞ്ഞ ചിരിയിലും നിറഞ്ഞു നിന്ന തന്റെ അനുയായികളിലുള്ള ദൃഡവിശ്വാസം.. തന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് 'ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ അടിമ മാത്രം' എന്ന് പറഞ്ഞ എളിമ, മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം തലകുനിച്ചു വന്ന വിനയം, കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി അതസ്ഥിതന് ചവിട്ടിക്കയറാന്‍ തന്റെ തോള്‍ കാണിച്ചു കൊടുത്ത ആ ഗൂസ്ബമ്പിംഗ് മൊമന്റ്റ്. രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ, താടിരോമങ്ങള്‍ നനയുന്ന, കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം.. ഒടുവില്‍ അറഫാമലക്ക് മുകളില്‍ വച്ച് 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു' എന്ന് പറഞ്ഞ വീരേതിഹാസരചന.. ദി ലെജന്റ്.. എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി. ദൈവം. ദൈവവചനങ്ങള്‍.. മുഹമ്മദിന്റെ കരുത്ത്. പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍..
ഇനിയും എങ്ങോട്ടാണ് ഒരു ഹീറോക്ക് വളരാന്‍ കഴിയുക..? ഇല്ല.. ഇതാണ് നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത.. ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. സാധ്യമല്ല.. എന്റെ മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു.. ഇതാ എന്റെ നായകന്മാര്‍ കടലില്‍ അസ്തമിച്ചിരിക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ താരങ്ങളും പൂര്‍ണ്ണചന്ദ്രനും എല്ലാം മറഞ്ഞു പോയത് പോലെ..
"പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.” - തോമസ് കാര്‍ലൈല്‍
എല്ലാവരും വയിച്ചിരിക്കേണ്ട ഒരു ലേഖനം. റമീസ് മുഹമ്മദ്.

June 23, 2016

പുണ്യ പിരിവിന്റെ പൂക്കാലം..

പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ അതിന്റെ ഇരുപത് ദിനങ്ങള്‍ പിന്നിട്ട്. എനിയുള്ള പത്തിലേക്ക് എത്തിയിരിക്കുന്നു. ക്ഷമിക്കണം ഒരു തിരുത്തുണ്ട്. വ്യാപാരി വ്യവസായി മത നേതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോധിക്കും പോലെ. റംസാന്‍ മാസ പിറവിക്ക് വലിയ കോലാഹലമൊന്നും കണ്ടില്ല. എല്ലാവര്‍ക്കും ദൈവ രക്ഷയുണ്ടാവട്ടെ. ശവ്വാല്‍പിറ കാണുകയാണെങ്കില്‍ ഗള്‍ഫും ഇന്ത്യയുമായി ഒന്നര മുതല്‍ നാലു വരെ മണിക്കൂറിന്റെ വ്യത്യാസമുണ്ട്. അതു കൊണ്ട് ഒരു ദിവസത്തിന്റെ മാറ്റം ചിലപ്പോള്‍ സംഭവിക്കാം. നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ നമ്മള്‍ കാത്തിരുന്നു കാണുക. ‘പിറ’ കാണാതെ നോമ്പായാലും പെരുന്നാളായാലും പാടില്ല. വിശ്വാസ സംരക്ഷണം. മനുഷ്യവകാശത്തില്‍ പെട്ടതാണ്.

റംസാന്‍ ആയതിന് ശേഷം ഏതു വീട്ടിലും ചെന്ന് വിളിച്ചാല്‍. പ്രത്യേകിച്ച് നമ്മുടെ കൈവശം വല്ല പുസ്തകവും കണ്ടാല്‍ വീടിന്റെ ഉള്ളില്‍ ഒരു ശബ്ദം കേള്‍ക്കും “മൂപ്പര് ഇവടെല്ല. നാളെ വന്നോളി”.പൂക്കാലത്തിലെ പിരിവുക്കാരെ പേടിച്ചാണ് ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുന്നത്. പള്ളികളില്‍ ഇടത്തും വലത്തും പിരിവാണ്. പിരിവെടുക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം പതിനൊന്ന് മാസവും സ്വന്തത്തിനും ഒരു മാസം പടച്ചോനും എന്ന നിലയില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ കിട്ടിയ സീസണിനെ ലാഭകരമാക്കുക എന്ന കച്ചവട തന്ത്രം പ്രയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റ് ഇവിടെയല്ല ചില യത്തിംഖാന പിരിവുക്കാരുണ്ട് പണക്കാരനും പാവപ്പെട്ടവനും ഒന്നും പ്രശ്നമാക്കാതെ വീട്ടില്‍ കയറി കിട്ടിയാലെ പോകൂ എന്ന നിലയിലുള്ള ഒരു നില്‍പ്പാണ്. മീന്‍ വാങ്ങാന്‍ വച്ച പൈസ എടുത്ത് പുണ്യം നേടി. നൂറു പണ്ടാരമടങ്ങാന്‍ വിളിച്ച് അവനവന്റെ ദാരിദ്രത്തെ ശപിക്കുന്ന പാവങ്ങളെ തിരിച്ചറിയാനെങ്കിലും ബോധമുള്ളവരെ വേണം റസീവര്‍മാരാക്കാനെന്നു എനിക്ക് തോന്നുന്നു.
കവലകളായ കവലകളിലെല്ലാം ഇഫ്ത്താറുകള്‍ അരങ്ങു തകര്‍ക്കുന്നു. സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ അമ്പലം ശാന്തി മുതല്‍ കപ്പ്യരുവരെ പരിപാടികളില്‍ നിറസാന്നിദ്യമാവുന്നു. സന്തോഷം. ഇസ്ലാമിന്റെ ആരാധനാ കര്‍മങ്ങളുടെ മഹത്വം ഇതര മതസ്ഥരിലും എത്തുകയെന്നത് നല്ല കര്‍മം. എല്ലാ സല്‍കര്‍മങ്ങളും ദൈവം സ്വീകരിക്കുമാറാവട്ടെ.
ജമാഅത്ത് മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ ജനങ്ങളുടെ പരസ്പര സാഹോദര്യം വളര്‍ത്താന്‍ സ്വന്തമായി പ്രത്യേകം പരിപാടികളാണ് നടത്താറുള്ളത്. സുന്നിക്ക് പിന്നെ ഹിന്ദു ഹറാമായതിനാല്‍ അവര്‍ക്ക് ശാന്തിയും കപ്പ്യാരും ഹല്ലാലാവുത്ത് വല്ല പച്ച കൊടിയും അലെങ്കില്‍ ചുവപ്പു കൊടിയും പാറുന്ന പന്തലിലാവുമ്പോഴാണ്. എല്ലാം പറഞ്ഞു എന്നെ ഉള്ളു.
സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഈ വിഭാഗങ്ങളുടെ സാഹോദര്യവും പരസ്പര സഹകരണവും ആരു ഊട്ടിയുറപ്പിക്കും. അവസാന നാളില്‍ മുസ്ലിം എഴുപത്തഞ്ച് വിഭാഗങ്ങളാവും ഞാനെവിടെയോ കേട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
എ.ടി.എം കൌണ്ടറിലും ബാങ്കുകളിലും നല്ല പുത്തന്‍ നോട്ടുകള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കവറു സക്കാത്തുകളായോ സക്കാത്ത് കമ്മറ്റിയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടിയോ നമ്മുക്കിടയില്‍ വന്നു ചേരും. കാത്തിരിക്കുക. മുജാഹിദ് സക്കാത്ത് ജമാഅത്ത് സക്കാത്ത്. പുല്‍പറമ്പില്‍ നിന്ന് ഫാരിസ് അബൂബക്കറിന്റെ പേരില്‍ നേര്‍ച്ചയാക്കപ്പെട്ട പ്രത്യേക സക്കാത്ത്. സക്കാത്ത് പവപ്പെട്ടവന്റെ അവകാശമാണ്. അതില്‍ തലയിടരുത്. പാവപ്പെട്ടവന്‍ കഞ്ഞി കുടിക്കട്ടെ.
മുജാഹിദും ജമാഅത്തും സുന്നിയും സക്കാത്തിന്റെ കാര്യത്തില്‍ ഒരുമിച്ചാല്‍ എല്ലാം പോവും. മുപ്പത് കില്ലോ അരിയും ജമാഅത്തില്‍ നിന്നും മുജാഹിദില്‍ നിന്നും കിട്ടുന്ന ഇരുനൂറു രൂപ വച്ചുള്ള സക്കാത്ത്. സുന്നികള്‍ക്ക് പിന്നെ ഇതു ബാധകമല്ല. അവര്‍ക്ക് പള്ളിയിലെ ഉസ്താദിന് പൊരിച്ചതും കരിച്ചതും കൊടുത്ത് ആളാവുന്നതില്ലാ പുണ്യം. സക്കാത്ത് സങ്കടിതമായി കൊടുക്കണം. ഇസ്ലാമികമായി സക്കാത്തിന് അതിന്റെതായ സ്ഥാനമുണ്ട്. ഞാനൊന്നും പറഞ്ഞില്ല എന്നല്ല.
പുണ്യങ്ങളുടെ പൂക്കാലത്തില്‍ വിരലില്‍ എണാവുന്ന ദിനങ്ങള്‍ മാത്രം. ആയിര മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട രാവിനെ നേടാന്‍ ദൈവം എല്ലാ ലോകരേയും അനുഗ്രിക്കട്ടെ.
ശ്രദ്ധക്കു വേണ്ടി: ശബ്ദ മലിനീകരണം വലിയ പ്രശ്നമാണ്. പാലിയേറ്റീവിനു വേണ്ടിയുള്ള മുക്കം അങ്ങാടിയിലെ വിളിച്ചു പറയല്‍ യത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബ്ദം പ്രശ്നമുള്ള രോഗികള്‍ യാത്രക്കാരിലും കച്ചവടക്കാരിലുമുണ്ടെന്ന് മനസിലാക്കുമെന്ന് കരുതുന്നു. ഇതിലും എന്തെങ്കിലും പറഞ്ഞാല്‍ പാവപ്പെട്ടവന് കിട്ടുന്ന സഹായം ഇല്ലാതാവുമെന്ന് ഭയക്കുന്ന പാവം രോഗി മിണ്ടാതിരിക്കുന്നു.