February 7, 2011

മാമ്പഴക്കാലം

സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എന്നുപറഞ്ഞാല്‍ നേരം പുലരുന്നേയുള്ളു. കിടക്ക പായയില്‍ നിന്ന് എണീറ്റപ്പടി ഓടുകയാണ്. മാവിന്റെ ചുവടാണ് ലക്ഷ്യം. എല്ലാവരും വരുന്നതിന് മുമ്പ് എത്തിയാലേ. പഴുത്തു വീണ മാങ്ങ കിട്ടാന്‍ സാധ്യതയുള്ളു. നേരം വൈകിയാല്‍ പിന്നെ കിളിയും അണാനും തിന്നതിന്റെ ബാക്കിയാവുന്ന മാങ്ങയില്‍ ശരണം വിളിക്കേണ്ടി വരും. ഈ യാത്രയില്‍ പരിചയക്കാരും സുഹൃത്തുകളും ഒന്നുമില്ല. ആരായാലും കിട്ടുന്നതിന്റെ പങ്ക് കുറയും. പിന്നെ നേരം വൈകിയാല്‍ നല്ല ഏറ് വിദ്ധക്തരായ സുഹൃത്തുകളെ കൂടെ കൂട്ടിയാലെ കാര്യം നടക്കൂ. മാവിന്റെ അടുത്ത് താമസിക്കുന്ന വീട്ടുക്കാര്‍ക്ക് മാങ്ങാക്കാലം വലിയ ഭീഷണിയാണ്. കല്ല് അപ്രതീക്ഷിതമായി തലയിലും വീടിന് മുകളിലും പതിക്കാന്‍ സാധ്യതയുണ്ട്. എന്ന് മാത്രമല്ല ഇവരുടെ ഈ പ്രശ്നം മാങ്ങ വേട്ടയില്‍ ഞങ്ങള്‍ക്ക് പലപ്പോഴും വലിയ പ്രതിരോധം തീര്‍ത്തു. ഈ വീട്ടുക്കാര്‍ പലപ്പോഴും മാവിന് എറിയുന്ന ഞങ്ങള്‍ക്കെതിരെ കല്ലേറ് നടത്തും.
രാവിലെയുള്ള ഈ മാങ്ങ പെറുക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഉച്ച കഴിഞ്ഞുള്ള ഇളം കാറ്റുള്ള സമയമാണ്. അണാനും കിളികളും മാങ്ങയെ ഭക്ഷണമാക്കുമ്പോള്‍ താഴെ വരുന്ന മാങ്ങയിലും കാറ്റു വീഴ്ത്തുന്നവയേയും ചാടി പിടിക്കാന്‍ കാത്തിരിക്കുന്ന കുട്ടികളെ ആ വഴി കടന്നു പോകുന്ന മുതിര്‍ന്നവരും കുട്ടികളും വെറുതേ മാവിന്റെ ചുവട്ടിലേക്ക് കല്ലെറിഞ്ഞ് പറ്റിക്കും. ഇത്രയും ജഗ്രതയില്‍ ജീവിതത്തില്‍ ഈ കുട്ടികളാരും നിന്നിട്ടുണ്ടാവില്ല. ഒരു ഇല വീഴുന്ന ശബ്ദം പോലും അവര്‍ ശ്രവിക്കും.
അവധിക്കാലങ്ങളില്‍ ദിവസത്തിന്റെ മുക്കാല്‍ പങ്കും ഇത്തരത്തില്‍ മാവുകളുടെയും പറങ്കി മാവിന്റെയും ചുവട്ടിലായിരിക്കും. നാട്ടിലേയും മറു നാട്ടിലേയും മാവുകളുടെ മാമ്പഴക്കാലത്തെ ഉടമസ്ഥര്‍ പലപ്പോഴും ഞങ്ങള്‍ കുട്ടികളായി മാറും. മാവിന്റെയും പിന്നെ ഇത്തരത്തില്‍ ഫലം ലഭിക്കുന്ന മരങ്ങളുടെയും ഒരു വലിയ ലിസ്റ് എന്നും ഞങ്ങളുടെ അടുത്തുണ്ടാകും. ഓരോ മാവിലെ മാങ്ങയുടെ മധുരവും പുളിയും എല്ലാം കൃത്യമായി കുട്ടികള്‍ പരസ്പരം കൈമാറും.
എന്റെ വീടിന്റെ അടുത്ത് അന്ന് വളരെ സ്വതന്ത്രമായി മാങ്ങ പറിക്കാന്‍ അമ്പല പറമ്പിലേ കോമാവും ഇല്ലത്തക്കണ്ടി ഇമ്പിച്ചിതന്ന്യന്‍ (ഇച്ച്യന്യന്‍) ഇത്താരി എന്നിവരുടെ പറമ്പിലെ കോമാവും നാട്ടിലെ മാങ്ങാ ചമന്തിക്കും കറിക്കുമുള്ള മാങ്ങ തന്നു കൊണ്ടിരുന്നു. ഇത്താരിയുടെ പറമ്പിലെ മാവ് അവര് മുറിച്ചു. അമ്പല പറമ്പിലെ മാവ് ഇന്നുമുണ്ട്. പക്ഷേ കുട്ടികള്‍ക്ക് ആ മാവില്‍ നിന്ന് മാങ്ങ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അമ്പല പറമ്പിന് ചുറ്റും മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.
അമ്പല പറമ്പിലെ ഉളര്‍മാങ്ങ എന്നും ഒരു കൊതിയോടെ സ്വാപ്നത്തില്‍ വരുന്നതാണ്. അതില്‍ തൊടാന്‍ ആരും ധൈര്യം കാണിച്ചതായി കണ്ടിരുന്നില്ല. എന്റെ സുഹൃത്ത് ശബീര്‍ എന്ന സാഹസികനായ നാട്ടിലെ വലിയ ഏറുക്കാരന്‍ വളരെ സാഹസികമായി ഇതില്‍ നിന്ന് മാങ്ങ പറിച്ചതായി കേട്ടിട്ടുണ്ട്. അമ്പലത്തിന്റെ നടയിലായിരുന്നു ഈ മാവ്. ഈ മാമ്പഴക്കാലത്തിന്റെതായി ഒരു കളിയും ഉളതായി ഞാന്‍ ഓര്‍ക്കുന്നു. മാങ്ങയുടെ അണ്ടി എറിഞ്ഞുള്ള ഒരു കളിയുണ്ടായിരുന്നു.
പറങ്കിയണ്ടി പെറുക്കുക അത് അവധിക്കാലങ്ങളില്‍ മുളപ്പൊട്ടി വരുന്ന കുട്ടി പീടികയില്‍ കൊടുത്ത് മിഠായി വാങ്ങുക. പറങ്കിമാങ്ങ പെറുക്കി അതിന്റെ നീരെടുത്ത് ബുള്‍ബുള്‍ മിഠായി ഉണ്ടാക്കുക എന്നിങ്ങനെ തുടങ്ങി മാമ്പഴക്കാലം ആസ്വദിച്ചു തിന്നു കുടിച്ച കാലത്തിന്റെ ഓര്‍മയിലും ബുള്‍ബുള്‍ മിഠായിയുടെ മധുരത്തിനും ആ കാലത്തെ ആസ്വദിച്ച സുഹൃത്തുക്കളേയും മനസില്‍ ഓര്‍ത്തു കൊണ്ട് മാമ്പഴക്കാലത്തിന്റെ ഓര്‍മകള്‍ സമര്‍പ്പിക്കുന്നു.

1 comment:

TPShukooR said...

തേനൂറും കോമാങ്ങക്കാലം മറക്കില്ലൊരിക്കലും...
തേനൂറുന്ന ഓര്‍മ്മകള്‍ നല്‍കിയ പോസ്റ്റിനു ആശംസകള്‍.