December 1, 2010

ഓര്‍മകളിലെ ഒരു പെരുന്നാള്‍ തിരക്ക്.

സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ് പലരും. മറ്റു ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കുറച്ചു വില്‍പ്പനക്കാരുടെ ഊഹത്തിനാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം എവിടെയോ അടിച്ചു വീശി തുടങ്ങിയിരിക്കും. പുല്‍പറമ്പിലെ വയലില്‍ കെട്ടിയ ബലി മൃഗത്തെ കാണുമ്പോള്‍ തക്ബീറു ചെല്ലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടില്‍ നിന്ന് ഞാന്‍ പോറ്റി വളര്‍ത്തിയ ഒരു മൂരി കുട്ടനെ ബലിയറുത്തു. ദൈവം ശരിക്കും ഈ പ്രവൃത്തിയിലൂടെ മനുഷ്യന്റെ അര്‍പ്പണ ബോധത്തെ തൊട്ടുണര്‍ത്തുകയാണെന്ന് എനിക്ക് ബോധ്യമായി. കഴുത്തില്‍ കത്തി വച്ചപ്പോള്‍ ആ മൃഗം മുഖത്തേക്ക് ഒരു നോട്ടം നോക്കി. മറക്കില്ല ആ കാഴ്ച. ദൈവ വിധിയാണ്. പുണ്യ പ്രവര്‍ത്തിയാണെന്നുള്ള ചിന്തയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ ബലിമൃഗത്തിനെ അറുക്കാന്‍ അനുവദിക്കില്ലായിരുന്നു. ഇപ്പോഴുള്ള ബലി കര്‍മ്മങ്ങളില്‍ ഉരുവും ബലി അറുക്കുന്നവനും തമ്മില്‍ ബലി കര്‍മ്മം നടക്കുന്ന പറമ്പില്‍ വച്ച് കാണുന്ന ഒരു പരിചയം മാത്രമേ ഉള്ളു. ഫ്രിഡ്ജുള്ള വീടുകളുടെ അയല്‍പക്കങ്ങളില്‍ നിന്നും  ഇറച്ചി കവറുകള്‍ കൂട്ടമായി വരുമ്പോള്‍ പിറുപിറുപ്പോടെയാണെങ്കിലും വീട്ടുക്കാര്‍ വാങ്ങി വയ്ക്കുന്നു.  എല്ലാം സല്‍ കര്‍മമാണ്. കര്‍മത്തിന്റെ പുണ്യം പ്രവര്‍ത്തിയില്‍ ഇല്ലാതെയാവുന്നുവോ.
മഗ്രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയവര്‍ നമ്മോട് വിട പറഞ്ഞു പോയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്.
വാല്‍കഷ്ണം: ഒരു ബലി പെരുന്നാളിന് പേവുംതോട്ടത്തിലെ താഴത്ത് ഒരുക്കിയ ബലി അറുക്കല്‍ കേന്ദ്രത്തില്‍ ഒളിയത്തിന്റെ ഇറച്ചിയും കാത്ത് പെരുന്നാള്‍ തീര്‍ന്ന് പോയതിന്റെ വേദന കരഞ്ഞ് തീര്‍ത്തിട്ടുമുണ്ട്. ഇപ്പോള്‍ ഇറച്ചി വീടുകളില്‍ എത്തും. എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണിത്.
എന്റെ സുഹൃത്തുക്കളായ വായനക്കാര്‍ക്ക് ബലി പെരുന്നാല്‍ ആശംസകള്‍. നിങ്ങള്‍ക്ക് ആശംസകള്‍ എഴുതി തീര്‍ന്നതും എന്റെ സുഹൃത്ത്   സബ് നു ഒരു ആണ്‍കുട്ടിയുടെ പിതാവായതിന്റെ സന്തോഷ വാര്‍ത്തയും എന്നെ തേടിയെത്തി. “അവന്‍ ഒരു ആണ്‍കുട്ടിയാവട്ടെ എന്ന് ഞാന്‍ ആശംസിച്ചു.

No comments: