January 27, 2013

വിശ്വരൂപം എതിര്‍ക്കപ്പെടുമ്പോള്‍

മുസ്ലിം നാമധാരിയായ ഒരു ഇന്ത്യന്‍ മേജര്‍ ലോകത്തെ ഒരേയൊരു ലൈവ് ഏജന്‍ായി അല്‍ക്കൊയ്ദയുടെ ഉള്ളിലേക്കു നുഴഞ്ഞുകയറുന്നതും അവരുടെ രഹസ്യ താവളങ്ങളും പദ്ധതികളും മനസ്സിലാക്കി അതിന്നനുസരിച്ച് ലോകത്തെ രക്ഷിക്കാന്‍ പെടാപാടു പെടുന്നതുമാണ് വിശ്വരൂപത്തിന്റെ കഥാതന്തു. കഴിഞ്ഞ ദിവസം കമലഹാസന്റേതായി നെറ്റിലൊക്കെ വന്ന ഒരു പ്രസ്താവനയിലെ അവസാനഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട് ദേശസ്‌നേഹികളായ മുസ്ലിംകള്‍ക്ക് ഈ സിനിമയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനാവില്ല എന്ന്. വിശ്വരൂപം എന്ന സിനിമ ഏതെങ്കിലും ദേശത്തിനോട് കൂറ് ഉണ്ടാവണം എന്നു പറയുന്ന സിനിമയല്ല. അത് ഡീല്‍ ചെയ്യുന്നത് ആഗോള ഭീകരത, അതിന്റെ രക്ഷാകര്‍ത്താക്കളായ അമേരിക്കന്‍ ചങ്ങാതിമാര്‍, പിന്നെ അല്‍ക്കൊയ്ദ... ഇതിലെവിടെയാണ് ദേശസ്‌നേഹവും മറ്റും വരുന്നത്.. എത്രമാത്രം ബാലിശമായിട്ടാണ് അല്‍ക്കൊയ്ദ എന്ന സംഘത്തിലേക്ക് കാഷ്മീരി എന്നു പേരിലിലുള്ള, അറബി അറിയാത്ത, തമിഴും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന കമലഹാസന്‍ കയറിപ്പറ്റുന്നത് കാണിച്ചതെന്നോ.. ഹോ.. ഭയങ്കരം.. ഭയാനകം....അയാളവിടെ ആരുമായും അധികം ഇന്ററാക്ട് ചെയ്യുന്നില്ല. എന്തിന് മുസ്ലിംകള്‍ പരസ്പരം കാണുമ്പോള്‍ സാധാരണയായി ചെയ്യുന്ന കെട്ടിപ്പിടുത്തത്തിനുപോലും ഇയാള്‍ നില്‍ക്കുന്നില്ല. ഒരു സന്ദര്‍ഭത്തില്‍ ഈ രക്ഷകന്‍ ഉസാമയുടെ അടുത്തയാളായ ഉമറി (രാഹുല്‍ ബോസ്) നോട് പറയുന്നുണ്ട് തന്തയാരാണെന്ന് ഒരു ഉറപ്പുമില്ലാത്ത നിങ്ങളെപ്പോലുള്ളവര്‍ക്ക് സ്‌റ്റോംഗ് അല്‍പം കൂടുതലായിരിക്കും അല്ലേന്ന്.. ഇതൊക്കെ പരിചയപ്പെട്ട അന്ന് തന്നെ സംഭവിക്കുന്നതാണ് കേട്ടോ..എന്നിട്ടും പാവം അല്‍ക്കൊയ്ദക്കാര്‍ കമലഹാസനെ കൂടെ നിര്‍ത്തി ഭാവി പരിപാടികളൊക്കെ വിശദമായി പറഞ്ഞുകൊടുക്കുന്നു.. അയാളത് അപ്പപ്പോള്‍ അറിയിക്കേണ്ടവരെ അറിയിക്കുന്നു. എന്താ ല്ലേ... ഇതിലേറ്റവും രസകരം എന്നു എനിക്കു തോന്നിയ ഒരു സീനുണ്ട്. പറയാം. സിനിമയുടെ ക്ലൈമാക്‌സിനടുത്ത് ഒരു ഭയങ്കര ബോംബനെ പിടിയ്ക്കാനായി സകല പോലീസും കമലഹാസനും രണ്ടു സുന്ദരികളും ഒരു മുറിക്കകത്ത് നില്‍പാണ്.. അപ്പൊ ബാങ്ക് വിളിച്ചാട്ടാവാം അല്‍ക്കൊയ്ദക്കാരന്‍ അവന്റെ മുറിയില്‍ നിസ്‌കാരം തുടങ്ങി.. ഇവിടെ എഫ്ബിഐക്കാരന്‍ നോക്കുമ്പോളുണ്ട് നമ്മുടെ കമലഹാസന്‍ നിസ്‌കരിക്കുന്നു.. ......ചോദ്യം: ഹാ.. ഇയ്യാളിതെന്താ ഈ ചെയ്യുന്നത്... ഉത്തരം: ങ്.. ചിലപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതായിരിക്കും... ഹോ.. ... അതേ സുഹൃത്തുക്കളേ ഈ അല്‍ക്കൊയ്ദയേയും അതുപോലുള്ള എല്ലാ തീവ്രവാദികളേയും ഇല്ലായ്മ ചെയ്യേണ്ടത് അഞ്ചുനേരം കര്‍ശനമായി നിസ്‌കരിക്കുന്ന ഓരോ മുസ്ലിമിന്റേയും ബാധ്യയാകുന്നു.. അപ്പോഴാണ് അവന്‍ രാജ്യസ്‌നേഹിയായ പൗരനാവുന്നത്.. അല്ലെങ്കില്‍ അവന്‍ രാജ്യദ്രോഹിയാകുന്നു.
ലോകത്ത് മുസ്ലിം നാമധാരിയായതിന്റെ പേരില്‍ പോലും ത്രിവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ വേട്ടയാടപ്പെടുന്ന മുസ്ലീമിനെ സംബന്ധിച്ചോടത്തോളം ഈ സിനിമ മുന്നോട്ട് വെയ്ക്കുന്ന മെസേജ് വളരെ വിപരീതമായി മാത്രമേ ഭവിക്കുകയുള്ളു. ഇന്ത്യയില്‍ മുസ്ലിം ഭീകരവാദം എന്ന ഒരു ഭീക്ഷണി വരാനിരിക്കുന്നുവെന്ന വാക്കുകളില്‍ തീരുന്ന സിനിമ. എന്നും ഒത്തിരി ആശയ സംവാദങ്ങള്‍ക്ക് കാരണമാവുന്ന സിനിമയെന്ന കലയ്ക്ക് ഇന്ത്യന്‍ ജനതയുടെയും ലോക ജനതയുടെയും മനസില്‍ യാഥാര്‍ത്ഥ്യത്തോളം തന്നെ വിശ്വാസമുണ്ട്. ഈ സിനിമ നല്‍കുന്ന മെസേജ് തീര്‍ച്ചയായും ഇന്ന് ത്രീവ്രവാദി എന്നതിലപ്പുറം ഭീകരവാദിയായി ഇന്ത്യന്‍ മുസ്ലീമിനെ ഇതര മതസ്ഥര്‍ കാണാനുള്ള കാരണമാവുമെന്നതിലും ഈ സിനിമ എതിര്‍ക്കപ്പെടുന്നില്ലെങ്കില്‍ ഈ സിനിമാ കഥ യാഥാര്‍ത്ഥ്യമായി പരിഗണിക്കപ്പെടും. പുകവലിയെ പ്രോത്സാഹിക്കപ്പെടുന്നുവെന്ന കാരണത്താല്‍ പുകവലി രംഗങ്ങള്‍ മുറിച്ചു മാറ്റുന്ന നാട്ടില്‍ പലതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

No comments: