പി.വി. വേണുഗോപാല്‍
ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ഉയര്‍ത്തുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജീവചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടന്നുതീര്‍ത്ത ദുഷ്കരമായ വഴികളെപ്പറ്റി മകന്‍ സാജുചേലങ്ങാട്ട്
ഞങ്ങള്‍ വളരെ കഷ്ടത്തിലാണു കഴിയുന്നത്. നിങ്ങളെല്ലാവരും കൂടി ഉല്‍സാഹിച്ച് ഞങ്ങളെ സഹായിക്കണമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. ദൈവസഹായത്തിനുവേണ്ടി ദൈവത്തോട് കണ്ണീരോടെ അപേക്ഷിക്കുന്നു. നിങ്ങള്‍ പ്രയാസപ്പെട്ട് ഞങ്ങളെ സഹായിക്കണം.
ദാരിദ്യ്രത്തിന്റെയും രോഗങ്ങളുടെയും പിടിയിലകപ്പെട്ട് ജീവിതസായന്തനത്തില്‍ ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എഴുതിയ കത്തിലെ വരികളാണിവ. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജെ.സി. ഡാനിയേലും കന്നിചലച്ചിത്രത്തിലെ നായിക പി.കെ. റോസിയുമൊക്കെ അവഗണനയുടെ കയങ്ങളിലേക്ക് എറിയപ്പെട്ടത് എങ്ങനെയെന്ന് ഇന്നു ലോകത്തിനറിയാം. അവഗണനയുടെ ലോകത്തു നിന്ന് അവരെ കൈപിടിച്ചുയര്‍ത്തി മലയാള സിനിമയുടെ പൂമുഖത്ത് അര്‍ഹിക്കുന്ന അംഗീകാരത്തോടെ കയറ്റിയിരുത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ഇന്ന് ചരിത്രത്തിന്റെ ഭാഗം.
എന്തുകൊണ്ട്?
അണാപൈസയുടെ കണക്കില്‍ പരാജയപ്പെട്ടുപോയ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും നായികയായിരുന്ന പി.കെ. റോസിയുമൊക്കെ എട്ടു പതിറ്റാണ്ടിനിപ്പുറവും മലയാളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ എന്തുകൊണ്ട് അലോസരപ്പെടുത്തുന്നു?
കറകളഞ്ഞ ദേശീയവാദിയെന്ന് അറിയപ്പെട്ട മലയാളി പത്രാധിപര്‍ കുട്ടനാട് രാമകൃഷ്ണപിള്ളയും രാഷ്ട്രീയത്തിലെ ദ്രോണാചാര്യരെന്ന് അറിയപ്പെട്ട കെ. കരുണാകരനും മലയാളസാഹിത്യ സിനിമാരംഗങ്ങളിലെ പ്രാമാണിക വ്യക്തിത്വമായ മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ എന്തുകൊണ്ട് ആവര്‍ത്തിച്ച് കുറ്റവിചാരണ ചെയ്യപ്പെടുന്നു? എന്തുകൊണ്ട് കെ. മുരളീധരനും എന്‍. എസ്. മാധവനും എന്‍. മാധവന്‍ കുട്ടിയുമടക്കമുള്ള സമകാലിക രാഷ്ട്രീയ സാഹിത്യ-സാംസ്കാരിക നേതാക്കള്‍ വിഗതകുമാരനുയര്‍ത്തുന്ന അലോസരത്തിന്റെ ചരടില്‍ കുരുങ്ങിപ്പോവുന്നു?
ഈ ചോദ്യങ്ങള്‍ മലയാളിയുടെ സാംസ്കാരിക അടിത്തറയുടെ ജനിതകഘടന കൂടിയാണ് വെളിപ്പെടുത്തുന്നത്.
ചെമ്പുപട്ടയം തേടി കണ്െടത്തിയ സുവര്‍ണസത്യം
1893ല്‍ അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും 1932 ജൂണ്‍ 5ന് ചേര്‍ത്തലയില്‍ ജനിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണനും തമ്മില്‍ ലാഭത്തിന്റെ പുസ്തകത്തില്‍ കുറിച്ചിടാനുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടുമെന്തിന് ചേര്‍ത്തലക്കാരന്‍ ഗോപാലകൃഷ്ണന്‍ നാഗര്‍കോവിലുകാരന്‍ ഡാനിയേലിനെ തേടിയലഞ്ഞു? ശക്തനായ ഭരണാധികാരിയോടും പ്രശസ്തനായ സാഹിത്യകാരന്‍ കൂടിയായ ഉദ്യോഗസ്ഥ പ്രമുഖനോടും കറകളഞ്ഞ ദേശീയവാദിയായ സ്വന്തം പത്രാധിപരോടും ഡാനിയേല്‍ വിഗതകുമാരനെച്ചൊല്ലി എന്തിനിടഞ്ഞു?
ഒരു പണ്ഡിതനും തെളിച്ച ചരിത്രവഴിയിലൂടെ ആയിരുന്നില്ല ചേലങ്ങാടന്റെ ഹൃദയത്തിലേക്ക് ജെ.സി. ഡാനിയേല്‍ തുളച്ചുകയറിയത്.
ദീനബന്ധുവിലും മലയാളിയിലും സിനിമാലേഖനങ്ങള്‍ തുടര്‍ച്ചയായി എഴുതിവന്നിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഡാനിയേലിനെ തേടിയുള്ള യാത്ര ആരംഭിക്കുന്നത് പുരാവസ്തു സംരക്ഷണകേന്ദ്രമായ ലെക്സിക്കനില്‍ നിന്നാണ്. ചേലങ്ങാട്ട് ലെക്സിക്കനില്‍ എത്തിയത് വസ്തുസംബന്ധമായ പഴയ ചില ചെമ്പുപട്ടയങ്ങള്‍ തേടിയായിരുന്നു. ആ തിരച്ചിലിനിടയില്‍ സിനിമാകമ്പക്കാരനായ ഗോപാലകൃഷ്ണന്റെ മനസ്സിലേക്ക് ജെ.സി. ഡാനിയേലിനെ കടത്തിവിട്ടത് തിരുവനന്തപുരത്തുകാരായ ചില ലെക്സിക്കന്‍ ജീവനക്കാരായിരുന്നു. അവരാണ് ഡാനിയേല്‍ കേരളത്തിലെ ആദ്യ സ്റുഡിയോ സമുച്ചയം ഒരുക്കിയ തിരുവനന്തപുരത്തെ ശാരദാവിലാസമെന്ന വീടിന്റെ ഉടമ നാഗപ്പന്‍ നായരെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. ലെക്സിക്കന്‍ ഉദ്യോഗസ്ഥരും നാഗപ്പന്‍ നായരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിഗതകുമാരനെപ്പറ്റിയുള്ള ചേലങ്ങാടിന്റെ ആദ്യലേഖനം. മലയാള സിനിമയ്ക്ക് വരേണ്യവര്‍ഗം ചമച്ച ചരിത്രത്തെ വെണ്ണീരാക്കാനുള്ള ആദ്യ തീപ്പൊരിയായിരുന്നു അത്. പിന്നീട് ആ അഗ്നി ആളിക്കത്തിച്ചതും സാമ്പ്രദായിക ചരിത്രകാരന്മാരുടെയോ അക്കാദമിക് ബുദ്ധിജീവികളുടെയോ സഹായത്താലല്ലെന്നതാണ് ചേലങ്ങാടന്റെ അന്വേഷണയാത്രയെ വ്യത്യസ്തമാക്കുന്നത്.
തമ്പാനൂര്‍ ബസ്സ്റാന്റിന്റെ കിഴക്കുപുറത്തെ വാകമരച്ചോട്ടിലെ മുറുക്കാന്‍ കടക്കാരനും കടയ്ക്കു മുമ്പില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന നാട്ടുകാരില്‍ ചിലരും കന്യാകുമാരിയിലെ അലക്കുകാരന്‍ പെരുമാളും കവടിയാര്‍ കൊട്ടാരത്തിനു സമീപമുള്ള കപ്പേളയിലെ സൂക്ഷിപ്പുകാരനുമൊക്കെ ഉള്‍പ്പെടുന്ന, ചരിത്രത്തില്‍ നിന്ന് എപ്പോഴും അകറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരാണു ചേലങ്ങാട്ടിന്റെയും ജെ.സി. ഡാനിയേലിന്റെയും ചരിത്രപരമായ കണ്ടുമുട്ടലിന് വേദിയൊരുക്കിയത്.
ആ കണ്ടുമുട്ടലിനെ തുടര്‍ന്നായിരുന്നു വിഗതകുമാരന്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വീണ്ടും അലോസരം സൃഷ്ടിച്ചത്. കുപ്പമാടയില്‍ ഒടുങ്ങേണ്ട പുലയക്കിടാത്തി അഭ്രപാളികളില്‍ നായര്‍വേഷം ധരിച്ചെത്തിയ സവര്‍ണ പ്രമാണിമാരില്‍ സൃഷ്ടിച്ച ആദ്യ അലോസരം റീവൈന്‍ഡ് ചെയ്യപ്പെടുമായിരുന്നു അവിടെ. കത്തിച്ചുപിടിച്ച ചൂട്ടിന്റെ വെളിച്ചത്തിനു പിന്നാലെ നടന്ന് നാടുനീളെ ബാന്ധവവും സംബന്ധവുമായിക്കഴിഞ്ഞ സദാചാരപ്രമാണിമാര്‍ ഒരു ശൃംഗാരരംഗത്തിന്റെ പേരില്‍ അഭ്രപാളികള്‍ക്ക് തീവച്ചതും ക്യാപിറ്റോള്‍ തിയേറ്റര്‍ കല്ലെറിഞ്ഞു തകര്‍ത്തതും മലയാളത്തിലെ ആദ്യനായികയെ തല്ലിയോടിച്ചതും ഒരുവട്ടം കൂടി കേരളം ചര്‍ച്ച ചെയ്തതപ്പോഴാണ്. സര്‍വതും വിറ്റുതുലച്ച് കൊല്‍ക്കത്തയിലും മദിരാശിയിലും ബോംബെയിലും അലഞ്ഞുതിരിഞ്ഞ് സിനിമ പഠിച്ചു പകര്‍ത്തിയ ഡാനിയേല്‍ എന്ന നാടാരുടെ സ്വപ്നങ്ങളെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ സവര്‍ണന്‍ തകര്‍ത്തുകളഞ്ഞതും അന്ന് കേരളം വീണ്ടും ചര്‍ച്ച ചെയ്തു. അവര്‍ണനെ സിനിമാചരിത്രത്തില്‍ നിന്നു തൊഴിച്ചു പുറത്താക്കിയ ഭൂതകാലത്തിന്റെ ദുഷ്ചെയ്തിയോട് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന ഒറ്റയാന്‍ നടത്തിയ പോരാട്ടമാണ് കേരളം പിന്നീട് കണ്ടത്. ടി.ആര്‍. സുന്ദരം മുതലാളിയെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ ആഢ്യന്മാര്‍ കച്ചകെട്ടിയിറങ്ങിയ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ വിഗതകുമാരനെന്ന ഒരു സിനിമയോ ജെ.സി. ഡാനിയേല്‍ എന്ന സിനിമക്കാരനോ ഉണ്ടായിരുന്നേയില്ലെന്നായിരുന്നു അന്ന് ഇത്തരക്കാരുടെ പ്രചാരണം.
എന്നാല്‍, ജെ.സി. ഡാനിയേല്‍ ആണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തില്‍ അഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസയോഗ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ ചേലങ്ങാട്ട് സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു.
അപ്പോഴാണ് രണ്ടാം തലമുറയിലെ രാഷ്ട്രീയ-സാഹിത്യ-മാധ്യമ സവര്‍ണലോബി ഒരുമിച്ചു ചേര്‍ന്നത്. "നാഗര്‍കോവിലുകാരന്‍ തമിഴന് കേരളത്തില്‍ നിന്നു പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെ''ന്ന് കരുണാകരന്‍ വിധിച്ചതും "നിശ്ശബ്ദചിത്രമെങ്ങനെ മലയാളചിത്രമാവും'' എന്ന്
മലയാറ്റൂര്‍ രാമകൃഷ്ണ അയ്യര്‍ വാദിച്ചതും ചരിത്രം. തീ പാറുന്ന വാക്കുകളുമായി ചേലങ്ങാട്ട് തന്നെ യുദ്ധം തുടര്‍ന്നപ്പോള്‍ മലയാളി പത്രാധിപരായ കുട്ടനാട് രാമകൃഷ്ണപിള്ള 'കണ്ട മാപ്പിള'യെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചേലങ്ങാടിനെതിരേ തിരിഞ്ഞതും അപ്പോഴാണ്.
ഇപ്പോള്‍ അലോസരത്തിന്റെ മൂന്നാം ഖണ്ഡം ഈ തലമുറയിലെ മാധ്യമ-സാഹിത്യ-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ വിവാദത്തിന്റെ ചുവടുപിടിച്ച് വിസര്‍ജിക്കുന്നത് വാക്കുകള്‍ക്കും വാചകങ്ങള്‍ക്കു പോലും വ്യത്യാസമില്ലാതെ കഴിഞ്ഞ തലമുറ ഉയര്‍ത്തിയ അതേ ചോദ്യങ്ങളും ന്യായങ്ങളുമാണ്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാഷനല്‍ ഫിലിം ആര്‍ക്കൈവ്സിലെ അസിസ്റന്റ് ക്യൂറേറ്റര്‍ ആയിരുന്ന പി. കെ. നായര്‍ വിഗതകുമാരന്‍ എന്നൊരു സിനിമയെപ്പറ്റി കേട്ടറിവുപോലുമില്ലെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ അറിയിച്ചു. വള്ളിപുള്ളി വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസം ലോകസിനിമയെപ്പറ്റി ബൃഹദ്ഗ്രന്ഥമെഴുതിയ തോട്ടം രാജശേഖരനെന്ന മുന്‍ ഉദ്യോഗസ്ഥ പ്രമുഖനും പറഞ്ഞത് അതേ കാര്യം! മാപ്പിളയെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞ തലമുറയിലെ 'വിശാരദന്മാര്‍' പറഞ്ഞ വാക്കുകളും വാചകങ്ങളും തന്നെയാണ് വിഗതകുമാരനും ഡാനിയേലിനും ചേലങ്ങാട്ടിനുമെതിരേ ഇപ്പോള്‍ വാളോങ്ങുന്നവരും വിളമ്പുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ കണ്െടത്തിയ ചരിത്രസത്യം ഈ തലമുറയിലെ വരേണ്യവര്‍ഗത്തിന് അലോസരമുണ്ടാക്കുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഭരണപക്ഷ വരേണ്യസ്തുതിപാഠകര്‍ക്ക് നിരന്തരം അലോസരം സൃഷ്ടിക്കുന്നുവെന്നാണ് ചേലങ്ങാട്ടിന്റെ കണ്െടത്തലുകളെ കാലാതിവര്‍ത്തിയാക്കുന്നതും. ഒരര്‍ഥത്തില്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്കു പകരുന്ന ഇത്തരം അലോസരങ്ങളാണല്ലോ ചരിത്രത്തെ നേര്‍വഴി നടത്തുന്നത്.
നോവലിസ്റ് പറയുന്നത്
വസ്തുതകള്‍ ശരിക്കു പഠിക്കാതെയാണ് എന്‍. എസ്. മാധവനെപ്പോലുള്ളവര്‍ സെല്ലുലോയ്ഡിനെ സംബന്ധിച്ച വിവാദത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്നു സിനിമയ്ക്കാധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ് വിനു എബ്രഹാം വ്യക്തമാക്കി.
"2005ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവേദിയില്‍ വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖയാണ് വിഗതകുമാരനിലെ നായികയായ പി. കെ. റോസിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്''- അദ്ദേഹം പറഞ്ഞു. "തലസ്ഥാനനഗരിയിലെ ദലിത് പ്രവര്‍ത്തകരായ ആര്‍. ഗോപാലകൃഷ്ണന്‍, എസ്. എം. മണി തുടങ്ങിയവരില്‍ നിന്നു റോസിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പിന്നെയും പല അന്വേഷണങ്ങള്‍ക്കും ശേഷമാണ് നഷ്ടനായിക രചിക്കുന്നത്.''
"1970ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിനിമാവ്യവസായത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണു മലയാറ്റൂര്‍ രാമകൃഷ്ണനെ, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ സമീപിക്കുന്നത്. അന്നദ്ദേഹം നിഷേധാത്മകമായാണു പ്രതികരിച്ചതെന്നു ചേലങ്ങാട്ട് തന്നെ എഴുതിയിട്ടുണ്ട്. പിന്നീട് 1975ല്‍ കെ. കരുണാകരന്‍ ചലച്ചിത്രവകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ വീണ്ടും സിനിമാപിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നുവന്നു. ഉദ്യോഗസ്ഥന്മാരുടെ വിശദീകരണത്തില്‍ കവിഞ്ഞ് അദ്ദേഹവും പ്രശ്നം പഠിച്ചിട്ടുണ്ടാവണമെന്നില്ല. അങ്ങനെയാണു മലയാറ്റൂരും കരുണാകരനും ഈ വിഷയത്തില്‍ വിവാദപുരുഷന്മാരായിത്തീരുന്നത്.''
"നഷ്ടനായിക സിനിമയാക്കാന്‍ ബ്ളെസി ആലോചിച്ചിരുന്നുവെങ്കിലും നിര്‍മാതാക്കളെ കിട്ടാത്തതുകൊണ്ട് ആ പ്രോജക്ട് നീണ്ടുപോയ സാഹചര്യത്തിലാണു കമല്‍ സാര്‍ മുന്നോട്ടുവന്നത്''- വിനു വ്യക്തമാക്കി.
- തേജസ് ദിനപത്രം -
No comments:
Post a Comment