March 5, 2013

ഡാനിയേലിനെ വീണ്െടടുത്ത ചരിത്രകാരന്‍ /വായന

 ഷൈനി

അനന്തപുരിയിലെ തമ്പാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റില്‍ ചേര്‍ത്തല ബസ് കാത്തുനില്‍ക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. അവിടെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്ന ഒരാള്‍, ദൂരെ നടന്നുനീങ്ങുന്ന വൃദ്ധനെ നോക്കി പറയുന്നതു കേട്ടു: "എങ്ങനെ കഴിഞ്ഞയാളാ. എല്ലാം സിനിമ പിടിച്ചു മുടിച്ചു.'' 1968ലാണത്.
 
'ബ്രിട്ടീഷ് ഭരണകാലത്തെ ഗുമസ്തന്മാരുടെ വേഷം' ധരിച്ച ആ വൃദ്ധനെ പിന്തുടര്‍ന്നുവെങ്കിലും അദ്ദേഹം കന്യാകുമാരി ഭാഗത്തേക്കുള്ള ബസ്സില്‍ യാത്രയായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നടത്തിയ അന്വേഷണമാണ് അത് മലയാള സിനിമയുടെ പിതാവായ ജോസഫ് ചെല്ലയ്യ ഡാനിയേലാണെന്ന കണ്െടത്തലിലേക്ക് നയിച്ചത.് അതിനു വേണ്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടത്തിയ യാത്രകള്‍, കത്തിടപാടുകള്‍, അനുഭവിച്ച അവഹേളനങ്ങള്‍ ഒന്നും വ്യര്‍ഥമായില്ല. ഇന്ത്യന്‍ സിനിമയില്‍ ദാദാസാഹിബ് ഫാല്‍ക്കെയ്ക്ക് തുല്യനായി മലയാള ചലച്ചിത്രത്തിന്റെ പിതൃസ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ ഭരണകൂടം ഒടുവില്‍ തയ്യാറായി. അതുകൊണ്ടാണല്ലോ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഇന്നു ജെ.സി. ഡാനിയേലിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടുന്നത്.
കേരളത്തില്‍ ഫിലിം ജേണലിസ്റുകള്‍ എന്നൊരു വിഭാഗം സിനിമാനടികളുടെ അടിയുടുപ്പുകള്‍ വര്‍ണിച്ചു കഴിഞ്ഞ സിനിമാഗോസിപ്പിന്റെ കാലത്താണ് എഴുപതുകളില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഒരു ചലച്ചിത്ര ചരിത്രകാരന്റെ നിയോഗം ഏറ്റെടുക്കുന്നതെന്നോര്‍ക്കണം. അതിനുവേണ്ടി അദ്ദേഹത്തിന് അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങളുമായി നടത്തേണ്ടി വന്ന കലഹം ജെ.സി. ഡാനിയേലിന്റെ ജീവിതകഥയില്‍ സംക്ഷിപ്തമായെങ്കിലും ഉള്ളില്‍ തട്ടുംവിധം രേഖപ്പെടുത്തിയിരിക്കുന്നത്.
1938ല്‍ റിലീസായ ടി.ആര്‍. സുന്ദരത്തിന്റെ ശബ്ദചിത്രമായ ബാലന്‍ ആണ് മലയാളത്തിലെ ആദ്യസിനിമയെന്ന ധാരണ തകര്‍ത്താണ്, അതിനു പത്തു വര്‍ഷം മുമ്പേ പ്രദര്‍ശിപ്പിക്കപ്പെട്ട ഡാനിയേലിന്റെ വിഗതകുമാരന്‍ ആണ് ആ സ്ഥാനമര്‍ഹിക്കുന്നതെന്നു ചേലങ്ങാട്ട് സ്ഥാപിച്ചത്. "ഡാനിയേലിനെ അംഗീകരിക്കുന്നതു പോയിട്ട് അദ്ദേഹത്തെ വ്യക്തിപരമായി ശത്രുവിനെ പോലെ കണ്ട രണ്ടു പേരുണ്ട്. ഒരാള്‍ സാക്ഷാല്‍ കെ. കരുണാകരന്‍. രണ്ടാമത്തെയാള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍''-ചേലങ്ങാട്ട് രേഖപ്പെടുത്തുന്നു.
1970ല്‍ മലയാളസിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപോര്‍ട്ട് നല്‍കാന്‍ സി. അച്യുതമേനോന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജെ.സി. ഡാനിയേലിനെ മലയാളസിനിമയുടെ പിതാവായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് ഉന്നയിച്ച കാരണം "വിഗതകുമാരന്‍ ശബ്ദസിനിമയല്ല'' എന്നതായിരുന്നു. "അങ്ങനെയെങ്കില്‍ നിശ്ശബ്ദ ചിത്രമായ രാജാഹരിശ്ചന്ദ്ര നിര്‍മിച്ച ഫാല്‍ക്കെയെ ഇന്ത്യന്‍ സിനിമയുടെ പിതാവായി അംഗീകരിക്കുന്നതെന്തുകൊണ്ടാണെ''ന്നു ചേലങ്ങാട്ട് തിരിച്ചുചോദിച്ച സംഭവവും പുസ്തകത്തില്‍ പറയുന്നുണ്ട്. ചേലങ്ങാട്ട് ജോലി ചെയ്തിരുന്ന പത്രമായ മലയാളിയുടെ പത്രാധിപരും കോണ്‍ഗ്രസ്നേതാവുമായിരുന്ന കുട്ടനാട്ടു രാമകൃഷ്ണപിള്ള, വാരാന്ത്യപ്പതിപ്പില്‍ ചേലങ്ങാട്ടിന്റെ ഡാനിയേലിനെക്കുറിച്ചുള്ള ലേഖനം വായിച്ചിട്ട് "കണ്ട മാപ്പിളയൊക്കെയാണു മലയാളസിനിമയുടെ പിതാവെന്നു പറയാന്‍ നാണമില്ലേ'' എന്നു ചോദിച്ച വസ്തുതയും പുസ്തകത്തിലുണ്ട്. "ഇങ്ങനെ ഒരു ചിത്രവുമില്ല, ഡാനിയേല്‍ എന്നൊരാളുമില്ല'' എന്നു കെ. കരുണാകരന്‍ തീര്‍ത്തുപറഞ്ഞ രംഗവും അദ്ദേഹം ഓര്‍മിക്കുന്നു. "വിഗതകുമാരന്‍ താന്‍ കണ്ടിട്ടുണ്െട''ന്ന് മേരിലാന്റ് സുബ്രഹ്മണ്യം പറഞ്ഞപ്പോഴാണു കരുണാകരന്‍ തണുത്തതത്രേ. "ഡാനിയേല്‍ അഗസ്തീശ്വരത്തുകാരയതുകൊണ്ട് മലയാളിയല്ല'' എന്ന കരുണാകരവ്യാഖ്യാനത്തിനും ചേലങ്ങാട്ടിനു മറുപടിയുണ്ട്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടപ്പോഴാണ് അഗസ്തീശ്വരം തമിഴ്നാട്ടിലേക്കു പോയത്. ഡാനിയേലിന് അവശതാ പെന്‍ഷന്‍ അപ്പോഴും നിരാകരിക്കുകയായിരുന്നു. പിന്നീട് ഡാനിയേലിന്റെ വിധവ ജാനറ്റിന് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു.
ആദ്യത്തെ സിനിമാ കഥാകാരനും തിരക്കഥാകാരനും ഛായാഗ്രഹകനും ചിത്രസംയോജകനും സംവിധായകനും നിര്‍മാതാവും ഡാനിയേല്‍ തന്നെയായിരുന്നുവെന്നു ഗോപാലകൃഷ്ണന്‍ പറയുന്നു. കാമറ കൈകൊണ്ട് കറക്കി പ്രവര്‍ത്തിപ്പിക്കുകയും രാത്രികളില്‍ സ്വയം ഫിലിം കഴുകി ഉണക്കിയെടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് അന്നു കിട്ടുമായിരുന്ന പുസ്തകങ്ങള്‍ വായിച്ചും മദ്രാസിലും ബോംബെയിലും പോയി, ഷൂട്ടിങ് നേരിട്ടു കണ്ടും സാഹസികമായാണു ഡാനിയേല്‍ സിനിമാനിര്‍മാണരംഗത്തിലേക്കിറങ്ങിയത്. ഔട്ട്ഡോര്‍ ചിത്രീകരണത്തിനും വിദേശത്തു (സിലോണ്‍)വച്ചുള്ള ഷൂട്ടിങിനും തുടക്കംകുറിച്ചതിന്റെ ക്രെഡിറ്റും ഡാനിയേലിനുള്ളത് തന്നെ. മലയാളസിനിമയിലെ ആദ്യത്തെ ബാലതാരം ഡാനിയേലിന്റെ മൂന്നുവയസ്സുള്ള മകന്‍ സുന്ദരമായിരുന്നു. വിഗതകുമാരനില്‍ വില്ലനായി അഭിനയിച്ച ജോണ്‍സണ്‍, അമ്പതുകളിലെ പ്രശസ്ത നടി ബി.എസ്. സരോജയുടെ സഹോദരനാണെന്നുള്ള രസകരമായ വിവരവും പുസ്തകത്തിലുണ്ട്.
വിഗതകുമാരനിലെ കഥാനായികയായ നായര്‍ യുവതിയെ അവതരിപ്പിച്ചതിന്റെ പേരിലാണു പി. കെ. റോസിയെന്ന പുലയക്കിടാത്തിക്ക് വീടും കുടുംബവും നഷ്ടപ്പെട്ട് നാടുവിടേണ്ടി വന്നത്. സവര്‍ണ ദുഷ്പ്രഭുത്വത്തിന്റെ ആക്രമണങ്ങള്‍ക്ക് ഡാനിയേലും അദ്ദേഹത്തിന്റെ സിനിമയും ഇരയായതും അതുകൊണ്ടു തന്നെ. തനിക്ക് പൈതൃകമായി ലഭിച്ച സ്വത്തുക്കളൊക്കെ അദ്ദേഹം സിനിമാഭ്രമത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തിയത് 30ാം വയസ്സില്‍. അഞ്ചുവര്‍ഷത്തിനകം മധുരയില്‍ ദന്തഡോക്ടറായി പ്രാക്ടീസാരംഭിച്ച് ജീവിതം പച്ചപിടിച്ചപ്പോഴാണു തമിഴ് സിനിമാതാരമായ പി യു ചിന്നപ്പയെ പരിചയപ്പെടുന്നത്. ഈ സൌഹൃദമാണു മനസ്സിലുറങ്ങിക്കിടന്ന സിനിമാഭ്രമം വീണ്ടും ജ്വലിപ്പിച്ചത്. അത് ആ തകര്‍ച്ച പൂര്‍ണമാക്കി. പെണ്‍മക്കളെ നേരത്തെ കെട്ടിച്ചയച്ചതു കൊണ്ട് അല്‍പ്പം ആശ്വാസം ലഭിച്ചുവെന്നു മാത്രം. കുറച്ച് താറാവുകളുമായി ഡാനിയേലിനെ താന്‍ കണ്ട രംഗം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. വാര്‍ധക്യം കീഴടക്കിയ ഒരു മനുഷ്യന്‍. മുഖം ഷേവു ചെയ്തിട്ട് ദിവസങ്ങളായി. മുഷിഞ്ഞ കൈയുള്ള ബനിയനും കൈലിയുമാണ് വേഷം. ഒരു തരം ദുര്‍ഗന്ധം ആ മനുഷ്യനില്‍ നിന്നു പ്രസരിക്കുന്നു.
"തോറ്റു ഗോപാലകൃഷ്ണാ, ഞാന്‍ തോറ്റു'' എന്നു വിലപിക്കുന്ന സിനിമാപിതാവിന്റെയും "നിങ്ങളെല്ലാവരും കൂടി ശ്രമിച്ച് ഞങ്ങള്‍ക്കെന്തെങ്കിലും സഹായം ശരിയാക്കിത്തരണം'' എന്ന് കേഴുന്ന ജാനറ്റിന്റെയും ദൈന്യതയാര്‍ന്ന മുഖ്യങ്ങള്‍ ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുമ്പോഴും നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
- തേജസ്‌ ദിനപത്രം -

No comments: