August 26, 2011

ഓര്‍മകളിലെ ഒരു പെരുന്നാള്‍.

സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ്. ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കച്ചവടക്കാരുടെ താല്‍പ്പര്യത്തിലാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം  അടിച്ചു വീശി തുടങ്ങിയിരിക്കും. മഹ് രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ ഖുതുബയുടെ അവസാനത്തോടെ തന്നെ പുറത്തിറങ്ങും ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ എണീറ്റു പോരുന്നതിന് ഒരു കാരണവുമായി. റബര്‍ ബാറ്റില്‍ കെട്ടിയ ബലൂണിന്റെയും പീപിയുടെയും വിളികള്‍ കുട്ടികളെ പുറത്തേക്ക് അകര്‍ഷിക്കും. പള്ളിയില്‍ നിന്ന് അല്ലാവരും പുറത്തിറങ്ങിയാല്‍  എല്ലാവര്‍ക്കും ആശംസകള്‍ ചൊല്ലി വിശേഷങ്ങള്‍ തിരക്കി. ചുറ്റി തിരിയും. പ്രവാസിക പള്ളിയുടെ അടുത്തുള്ള ഉമ്മയുടെ വീട്ടില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി വീണ്ടും പള്ളിയുടെ അടുത്ത് വരും സുഹൃത്തുക്കളുമായി അമ്പലത്തിങ്ങല്‍ ബഷീറിന്റെ വീട്ടില്‍ തുടങ്ങുന്ന വീടു സന്ദര്‍ശനങ്ങള്‍ കണ്ണങ്ങര ഫജുറുവിന്റെയോ സനു ശിഹാബിന്റെയോ വീട്ടില്‍ അവസാനിക്കുന്നത്. പുതിയ പെരുന്നാള്‍ ആഘോഷങ്ങള്‍. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തിലെ പള്ളി പരിസരത്തെ കൂട്ടം കൂടലില്‍ പ്രവാസികള്‍ക്ക് നല്ല ഡിമാന്റാണ്. റംസന്‍ പിരിവിന് കിട്ടാത്തവരാണെങ്കില്‍ അവരെ പിടി കൂടാന്‍ നില്‍ക്കുന്നവരും പരിചയം പുതുക്കുന്നവരും എല്ലാം സ്ഥിരം കാഴ്ചയായിരിക്കുന്നു.
പള്ളി പരിസരത്തെ കൂട്ടം ചെറിയ ചെറിയ കൂട്ടങ്ങളായി നീങ്ങി തുടങ്ങും. പള്ളി പൂട്ടി നമ്മുടെ ആലിയാക്ക പുഞ്ചിരി തൂകി  കുശലം പറഞ്ഞ് നടന്നു നീങ്ങുന്നതോടെ പള്ളിയിലും പരിസരത്തുമുള്ള ആഘോഷങ്ങള്‍ക്ക് അവസാനമാവും. പള്ളിയില്‍ നിന്ന് ആലിയാക്ക വിരമിച്ച ഒരു പെരുന്നാളിന് അദ്ദേഹത്തെ കുറിച്ച് കൂട്ടായ്മ പൊറ്റശ്ശേരി ഒരു സപ്ളിമെന്റ് പ്രസിദീകരിച്ചിരുന്നു. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരേയും പുഞ്ചിരിയോടെ എതിരേറ്റ "പുള്ളത്തിയുടെ മനസായിരിക്കണം മനുഷ്യനെന്ന് '' പറയാറുണ്ടായിരുന്ന ആലിയാക്ക ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു.    പള്ളിമുക്രിയെന്ന വാക്കിന് പകരം "ആലിയാക്ക''യെന്ന് മാറ്റിയ സ്നേഹ നിധിയായ കാരണവര്‍. ഒരു സമൂഹത്തിന് മുഴുവന്‍ നല്ലത് മാത്രം പറയാനുള്ള ഒരു മനുഷ്യന്റെ പേര്  നാട്ടുക്കാരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഞാനോര്‍ക്കുന്നു. പൊറ്റശ്ശേരിയിലെ മസ്ജിദുല്‍ ഫത്തിഹിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍  മുക്രിയാരാണെന്നതിന് പകരം നാട്ടുക്കാരു ചോദിച്ചത് ഈ പള്ളിയിലെ ആലിയാക്ക ആരാണെന്നായിരുന്നു. പേവുംതോടത്തില്‍ കോയസനാക്ക ഉമ്മറാക്ക എല്ലാവരും സന്തോഷകരമായ ഓര്‍മ്മകളില്‍ നിറയുന്നു. അല്ലാഹുവിലേക്ക് മടങ്ങിയ ഇവര്‍ക്ക് ദൈവം സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്നേഹ ബന്ധങ്ങള്‍ പുതുക്കാനും എന്നും പെരുന്നാള്‍ ദിനങ്ങള്‍ മുതല്‍ കൂട്ടാണ്. എല്ലാവര്‍ക്കും സന്തോഷകരമായ ഈദുല്‍ ഫിത്വര്‍ ആശംസകളോടെ..................

No comments: