May 2, 2011

ബാങ്കും ഇഖാമത്തും റൊക്കം ഉറുപ്പ്യേക്കു അഞ്ച്. കടം പറയരുത്.

മെയ്യ് ഒന്ന് ലോക തൊഴിലാളി ദിനം. നാടെങ്ങും തൊഴിലാളികള്‍ സന്തോഷ പൂര്‍വ്വം അവരുടെ ദിനം ആഘോഷിച്ചു. അവരുടെ അവകാശങ്ങളേയും ചുമതലകളേയും അവര്‍ ഒന്നു കൂടി മനസിലാക്കി. ഈ സന്ദര്‍ഭത്തിലാണ് എനിക്ക് എന്റെ നാട്ടിലെ ഒരു പള്ളിയിലെ ബാങ്ക് വിളി തൊഴിലാളിയുടെ പണി മുടക്കിനെ കുറിച്ചോര്‍മ്മ വന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുബ്ബഹി ബാങ്കിന്റെ വിളി ചെവിയില്‍ മുഴങ്ങുമ്പോള്‍ ഒന്നെങ്കില്‍ പുതപ്പിന്റെ അറ്റം പിടിച്ച് കൂടുതല്‍ ശരീരത്തിലേക്ക് വലിച്ചിടും. അലെങ്കില്‍ എണീറ്റ് പല്ലു തേപ്പ് കഴിച്ച് നമസ്ക്കാരത്തിനായി പള്ളിയിലേക്ക് യാത്രയാവും. ഈ രണ്ട് പ്രക്രിയയും നടന്നു കൊണ്ടിരുന്നത് വീടിന്റെ അടുത്തുള്ള പള്ളിയില്‍ നിന്നുള്ള ബാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇന്‍വെര്‍ട്ടര്‍ ഉള്ളതു കൊണ്ട് കറന്റെന്ന  സാധനം ഇല്ലെങ്കില്‍ പോലും ബാങ്കിന് ഒരു മുടക്കവും വരാറില്ല. എന്നാല്‍ ദിവസവും ഒരു നേരത്ത് ഉണരുന്നത് കൊണ്ടായിരിക്കാം ബാങ്കിന്റെ സമയമായപ്പോള്‍ ഞാനുണര്‍ന്നു. പള്ളി തൊട്ടു പിന്നിലായത് കൊണ്ട് വിടിന്റെ കിഴക്കു വശത്തുള്ള റോഡില്‍ പള്ളിയില്‍ പോകുന്നവരുടെ കുശുകുശുപ്പ് സംസാരങ്ങള്‍ ഇന്നു  ബാങ്ക് കേട്ടോ? ആളുകള്‍ പരസ്പരം ചോദിച്ചു കൊണ്ട് പള്ളിയിലേക്ക് നീങ്ങുന്നു. ഞാനും എണീറ്റു പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ ഭയങ്കര ചര്‍ച്ചയാണ് ബാങ്ക് വിളിയുടെ കൂലി സംബന്ധിച്ച പ്രശ്നത്തില്‍  പ്രതിഷേധിച്ച് മുക്രി ബാങ്ക് വിളിച്ചില്ല. എതായാലും പള്ളി പ്രസിഡണ്ട് ഉറങ്ങി പോയെങ്കിലും ഓടി കിതച്ച് വന്നു. മുമ്പ് പള്ളിയില്‍ വന്നവരില്‍ ആരോ പുറത്ത് നിന്ന് ബാങ്ക് വിളിച്ചിരുന്നത് കൊണ്ട് ഇഖാമത്ത് കൊടുത്ത് നസ്കാരം നിര്‍വ്വഹിച്ച് എല്ലാവരും മടങ്ങി.
അന്ന് വൈകുന്നേരം വീടിന്റെ അടുത്തുള്ള പീടിക തിണയില്‍ നാട്ടിലെ കുപ്പായ മിട്ടതും മിടാത്തതും തല നിരച്ചതും നിരക്കാത്തവരുമായ മുതിര്‍ന്ന പൌരന്മാരുടെ നുണ സദ്യയിലെ ഒരു വിഭവം ആ ദിവസത്തെ സുബ്ബഹി ബാങ്കായിരുന്നു. ഞാന്‍ പീടികയുടെ ചുറ്റുപ്പാടില്‍ നിന്ന് ചര്‍ച്ച ശ്രവിച്ചു. മുക്രി ബാങ്ക് ജോലിയില്‍ നിന്ന് മാറി നിന്നതിന്റെ പൊരുള്‍ വേറെയൊന്നുമല്ല ബാങ്കൊന്നിന് പണം കണക്കാക്കി മുക്രി പറഞ്ഞെങ്കിലും ഭരണ സമിതിക്ക് അതു അംഗീകരിക്കാന്‍ പറ്റിയില്ല. മുക്രി പറഞ്ഞ തുകയ്ക്ക് അവര് ബാങ്കും ഇഖാമത്തും ഇമാമ്മത്തിനും ആളെ കിട്ടുമെന്നു പറഞ്ഞത് മുക്രിക്ക് രസിച്ചില്ല. മുക്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. എന്നാലും അള്ളാഹുവിന്റെ ഒരു കാര്യത്തില്‍ മുക്രി മര്‍ക്കട ബുദ്ധി കാണിക്കുമെന്ന് പള്ളി കമ്മിറ്റി കരുതിയില്ലെന്നാണ്. നാട്ടിലെ നുണകളുടെയും പരദൂഷണങ്ങളുടെയും മൊത്ത കച്ചവടക്കാരായ മുതിര്‍ന്ന പൌരന്മാരുടെ ചര്‍ച്ചയില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയത്.
എന്നാലും നമ്മള് പടപ്പുകളുടെ ഓരോ കാര്യം അല്ലാഹുവായാലും ചെകുത്താനായാലും പണമാണ് എല്ലാത്തിനും വലുതെന്ന സത്യം എനിക്ക് ഈ പ്രശ്നത്തോടെ മനസിലായി. ഏതായാലും പല പള്ളികളിലും ഇപ്പോള്‍ ഹിന്ദി വാലകള്‍ ആണു. അവര് എപ്പോഴാണ് പണി മുടക്കുകയെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ തിന്നാനും കുടിക്കാനും മയ്യിത്ത് നമസ്കാരത്തിന് വരെ കൂലിക്ക് ആളെ വെക്കേണ്ടി വരും. നമ്മുക്ക് ഒന്നിനും ഒഴിവില്ല. സമയവുമില്ല. ശവമായി കിടക്കാനെങ്കിലും എനിക്കും നിങ്ങള്‍ക്കും ദൈവം സഹായിക്കട്ടെ.

No comments: