March 5, 2013

ഡാനിയേലിനെ വീണ്െടടുത്ത ചരിത്രകാരന്‍ /വായന

 ഷൈനി

അനന്തപുരിയിലെ തമ്പാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റില്‍ ചേര്‍ത്തല ബസ് കാത്തുനില്‍ക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. അവിടെ മുറുക്കാന്‍ കടയിലെ ബെഞ്ചിലിരുന്ന ഒരാള്‍, ദൂരെ നടന്നുനീങ്ങുന്ന വൃദ്ധനെ നോക്കി പറയുന്നതു കേട്ടു: "എങ്ങനെ കഴിഞ്ഞയാളാ. എല്ലാം സിനിമ പിടിച്ചു മുടിച്ചു.'' 1968ലാണത്.
 
'ബ്രിട്ടീഷ് ഭരണകാലത്തെ ഗുമസ്തന്മാരുടെ വേഷം' ധരിച്ച ആ വൃദ്ധനെ പിന്തുടര്‍ന്നുവെങ്കിലും അദ്ദേഹം കന്യാകുമാരി ഭാഗത്തേക്കുള്ള ബസ്സില്‍ യാത്രയായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം നടത്തിയ അന്വേഷണമാണ് അത് മലയാള സിനിമയുടെ പിതാവായ ജോസഫ് ചെല്ലയ്യ ഡാനിയേലാണെന്ന കണ്െടത്തലിലേക്ക് നയിച്ചത.് അതിനു വേണ്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടത്തിയ യാത്രകള്‍, കത്തിടപാടുകള്‍, അനുഭവിച്ച അവഹേളനങ്ങള്‍ ഒന്നും വ്യര്‍ഥമായില്ല. ഇന്ത്യന്‍ സിനിമയില്‍ ദാദാസാഹിബ് ഫാല്‍ക്കെയ്ക്ക് തുല്യനായി മലയാള ചലച്ചിത്രത്തിന്റെ പിതൃസ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിക്കാന്‍ ഭരണകൂടം ഒടുവില്‍ തയ്യാറായി. അതുകൊണ്ടാണല്ലോ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഇന്നു ജെ.സി. ഡാനിയേലിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടുന്നത്.
കേരളത്തില്‍ ഫിലിം ജേണലിസ്റുകള്‍ എന്നൊരു വിഭാഗം സിനിമാനടികളുടെ അടിയുടുപ്പുകള്‍ വര്‍ണിച്ചു കഴിഞ്ഞ സിനിമാഗോസിപ്പിന്റെ കാലത്താണ് എഴുപതുകളില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഒരു ചലച്ചിത്ര ചരിത്രകാരന്റെ നിയോഗം ഏറ്റെടുക്കുന്നതെന്നോര്‍ക്കണം. അതിനുവേണ്ടി അദ്ദേഹത്തിന് അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങളുമായി നടത്തേണ്ടി വന്ന കലഹം ജെ.സി. ഡാനിയേലിന്റെ ജീവിതകഥയില്‍ സംക്ഷിപ്തമായെങ്കിലും ഉള്ളില്‍ തട്ടുംവിധം രേഖപ്പെടുത്തിയിരിക്കുന്നത്.
1938ല്‍ റിലീസായ ടി.ആര്‍. സുന്ദരത്തിന്റെ ശബ്ദചിത്രമായ ബാലന്‍ ആണ് മലയാളത്തിലെ ആദ്യസിനിമയെന്ന ധാരണ തകര്‍ത്താണ്, അതിനു പത്തു വര്‍ഷം മുമ്പേ പ്രദര്‍ശിപ്പിക്കപ്പെട്ട ഡാനിയേലിന്റെ വിഗതകുമാരന്‍ ആണ് ആ സ്ഥാനമര്‍ഹിക്കുന്നതെന്നു ചേലങ്ങാട്ട് സ്ഥാപിച്ചത്. "ഡാനിയേലിനെ അംഗീകരിക്കുന്നതു പോയിട്ട് അദ്ദേഹത്തെ വ്യക്തിപരമായി ശത്രുവിനെ പോലെ കണ്ട രണ്ടു പേരുണ്ട്. ഒരാള്‍ സാക്ഷാല്‍ കെ. കരുണാകരന്‍. രണ്ടാമത്തെയാള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍''-ചേലങ്ങാട്ട് രേഖപ്പെടുത്തുന്നു.
1970ല്‍ മലയാളസിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപോര്‍ട്ട് നല്‍കാന്‍ സി. അച്യുതമേനോന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍, ജെ.സി. ഡാനിയേലിനെ മലയാളസിനിമയുടെ പിതാവായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് ഉന്നയിച്ച കാരണം "വിഗതകുമാരന്‍ ശബ്ദസിനിമയല്ല'' എന്നതായിരുന്നു. "അങ്ങനെയെങ്കില്‍ നിശ്ശബ്ദ ചിത്രമായ രാജാഹരിശ്ചന്ദ്ര നിര്‍മിച്ച ഫാല്‍ക്കെയെ ഇന്ത്യന്‍ സിനിമയുടെ പിതാവായി അംഗീകരിക്കുന്നതെന്തുകൊണ്ടാണെ''ന്നു ചേലങ്ങാട്ട് തിരിച്ചുചോദിച്ച സംഭവവും പുസ്തകത്തില്‍ പറയുന്നുണ്ട്. ചേലങ്ങാട്ട് ജോലി ചെയ്തിരുന്ന പത്രമായ മലയാളിയുടെ പത്രാധിപരും കോണ്‍ഗ്രസ്നേതാവുമായിരുന്ന കുട്ടനാട്ടു രാമകൃഷ്ണപിള്ള, വാരാന്ത്യപ്പതിപ്പില്‍ ചേലങ്ങാട്ടിന്റെ ഡാനിയേലിനെക്കുറിച്ചുള്ള ലേഖനം വായിച്ചിട്ട് "കണ്ട മാപ്പിളയൊക്കെയാണു മലയാളസിനിമയുടെ പിതാവെന്നു പറയാന്‍ നാണമില്ലേ'' എന്നു ചോദിച്ച വസ്തുതയും പുസ്തകത്തിലുണ്ട്. "ഇങ്ങനെ ഒരു ചിത്രവുമില്ല, ഡാനിയേല്‍ എന്നൊരാളുമില്ല'' എന്നു കെ. കരുണാകരന്‍ തീര്‍ത്തുപറഞ്ഞ രംഗവും അദ്ദേഹം ഓര്‍മിക്കുന്നു. "വിഗതകുമാരന്‍ താന്‍ കണ്ടിട്ടുണ്െട''ന്ന് മേരിലാന്റ് സുബ്രഹ്മണ്യം പറഞ്ഞപ്പോഴാണു കരുണാകരന്‍ തണുത്തതത്രേ. "ഡാനിയേല്‍ അഗസ്തീശ്വരത്തുകാരയതുകൊണ്ട് മലയാളിയല്ല'' എന്ന കരുണാകരവ്യാഖ്യാനത്തിനും ചേലങ്ങാട്ടിനു മറുപടിയുണ്ട്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടപ്പോഴാണ് അഗസ്തീശ്വരം തമിഴ്നാട്ടിലേക്കു പോയത്. ഡാനിയേലിന് അവശതാ പെന്‍ഷന്‍ അപ്പോഴും നിരാകരിക്കുകയായിരുന്നു. പിന്നീട് ഡാനിയേലിന്റെ വിധവ ജാനറ്റിന് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു.
ആദ്യത്തെ സിനിമാ കഥാകാരനും തിരക്കഥാകാരനും ഛായാഗ്രഹകനും ചിത്രസംയോജകനും സംവിധായകനും നിര്‍മാതാവും ഡാനിയേല്‍ തന്നെയായിരുന്നുവെന്നു ഗോപാലകൃഷ്ണന്‍ പറയുന്നു. കാമറ കൈകൊണ്ട് കറക്കി പ്രവര്‍ത്തിപ്പിക്കുകയും രാത്രികളില്‍ സ്വയം ഫിലിം കഴുകി ഉണക്കിയെടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് അന്നു കിട്ടുമായിരുന്ന പുസ്തകങ്ങള്‍ വായിച്ചും മദ്രാസിലും ബോംബെയിലും പോയി, ഷൂട്ടിങ് നേരിട്ടു കണ്ടും സാഹസികമായാണു ഡാനിയേല്‍ സിനിമാനിര്‍മാണരംഗത്തിലേക്കിറങ്ങിയത്. ഔട്ട്ഡോര്‍ ചിത്രീകരണത്തിനും വിദേശത്തു (സിലോണ്‍)വച്ചുള്ള ഷൂട്ടിങിനും തുടക്കംകുറിച്ചതിന്റെ ക്രെഡിറ്റും ഡാനിയേലിനുള്ളത് തന്നെ. മലയാളസിനിമയിലെ ആദ്യത്തെ ബാലതാരം ഡാനിയേലിന്റെ മൂന്നുവയസ്സുള്ള മകന്‍ സുന്ദരമായിരുന്നു. വിഗതകുമാരനില്‍ വില്ലനായി അഭിനയിച്ച ജോണ്‍സണ്‍, അമ്പതുകളിലെ പ്രശസ്ത നടി ബി.എസ്. സരോജയുടെ സഹോദരനാണെന്നുള്ള രസകരമായ വിവരവും പുസ്തകത്തിലുണ്ട്.
വിഗതകുമാരനിലെ കഥാനായികയായ നായര്‍ യുവതിയെ അവതരിപ്പിച്ചതിന്റെ പേരിലാണു പി. കെ. റോസിയെന്ന പുലയക്കിടാത്തിക്ക് വീടും കുടുംബവും നഷ്ടപ്പെട്ട് നാടുവിടേണ്ടി വന്നത്. സവര്‍ണ ദുഷ്പ്രഭുത്വത്തിന്റെ ആക്രമണങ്ങള്‍ക്ക് ഡാനിയേലും അദ്ദേഹത്തിന്റെ സിനിമയും ഇരയായതും അതുകൊണ്ടു തന്നെ. തനിക്ക് പൈതൃകമായി ലഭിച്ച സ്വത്തുക്കളൊക്കെ അദ്ദേഹം സിനിമാഭ്രമത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തിയത് 30ാം വയസ്സില്‍. അഞ്ചുവര്‍ഷത്തിനകം മധുരയില്‍ ദന്തഡോക്ടറായി പ്രാക്ടീസാരംഭിച്ച് ജീവിതം പച്ചപിടിച്ചപ്പോഴാണു തമിഴ് സിനിമാതാരമായ പി യു ചിന്നപ്പയെ പരിചയപ്പെടുന്നത്. ഈ സൌഹൃദമാണു മനസ്സിലുറങ്ങിക്കിടന്ന സിനിമാഭ്രമം വീണ്ടും ജ്വലിപ്പിച്ചത്. അത് ആ തകര്‍ച്ച പൂര്‍ണമാക്കി. പെണ്‍മക്കളെ നേരത്തെ കെട്ടിച്ചയച്ചതു കൊണ്ട് അല്‍പ്പം ആശ്വാസം ലഭിച്ചുവെന്നു മാത്രം. കുറച്ച് താറാവുകളുമായി ഡാനിയേലിനെ താന്‍ കണ്ട രംഗം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. വാര്‍ധക്യം കീഴടക്കിയ ഒരു മനുഷ്യന്‍. മുഖം ഷേവു ചെയ്തിട്ട് ദിവസങ്ങളായി. മുഷിഞ്ഞ കൈയുള്ള ബനിയനും കൈലിയുമാണ് വേഷം. ഒരു തരം ദുര്‍ഗന്ധം ആ മനുഷ്യനില്‍ നിന്നു പ്രസരിക്കുന്നു.
"തോറ്റു ഗോപാലകൃഷ്ണാ, ഞാന്‍ തോറ്റു'' എന്നു വിലപിക്കുന്ന സിനിമാപിതാവിന്റെയും "നിങ്ങളെല്ലാവരും കൂടി ശ്രമിച്ച് ഞങ്ങള്‍ക്കെന്തെങ്കിലും സഹായം ശരിയാക്കിത്തരണം'' എന്ന് കേഴുന്ന ജാനറ്റിന്റെയും ദൈന്യതയാര്‍ന്ന മുഖ്യങ്ങള്‍ ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുമ്പോഴും നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
- തേജസ്‌ ദിനപത്രം -

കത്തിത്തീരാതെ സെല്ലുലോയ്ഡ്




പി.വി. വേണുഗോപാല്‍

ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ഉയര്‍ത്തുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജീവചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നടന്നുതീര്‍ത്ത ദുഷ്കരമായ വഴികളെപ്പറ്റി മകന്‍ സാജുചേലങ്ങാട്ട്

ഞങ്ങള്‍ വളരെ കഷ്ടത്തിലാണു കഴിയുന്നത്. നിങ്ങളെല്ലാവരും കൂടി ഉല്‍സാഹിച്ച് ഞങ്ങളെ സഹായിക്കണമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. ദൈവസഹായത്തിനുവേണ്ടി ദൈവത്തോട് കണ്ണീരോടെ അപേക്ഷിക്കുന്നു. നിങ്ങള്‍ പ്രയാസപ്പെട്ട് ഞങ്ങളെ സഹായിക്കണം.
ദാരിദ്യ്രത്തിന്റെയും രോഗങ്ങളുടെയും പിടിയിലകപ്പെട്ട് ജീവിതസായന്തനത്തില്‍ ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന് എഴുതിയ കത്തിലെ വരികളാണിവ. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജെ.സി. ഡാനിയേലും കന്നിചലച്ചിത്രത്തിലെ നായിക പി.കെ. റോസിയുമൊക്കെ അവഗണനയുടെ കയങ്ങളിലേക്ക് എറിയപ്പെട്ടത് എങ്ങനെയെന്ന് ഇന്നു ലോകത്തിനറിയാം. അവഗണനയുടെ ലോകത്തു നിന്ന് അവരെ കൈപിടിച്ചുയര്‍ത്തി മലയാള സിനിമയുടെ പൂമുഖത്ത് അര്‍ഹിക്കുന്ന അംഗീകാരത്തോടെ കയറ്റിയിരുത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ഇന്ന് ചരിത്രത്തിന്റെ ഭാഗം.

എന്തുകൊണ്ട്?
അണാപൈസയുടെ കണക്കില്‍ പരാജയപ്പെട്ടുപോയ വിഗതകുമാരനും അതിന്റെ നിര്‍മാതാവും സംവിധായകനും നായകനുമായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും നായികയായിരുന്ന പി.കെ. റോസിയുമൊക്കെ എട്ടു പതിറ്റാണ്ടിനിപ്പുറവും മലയാളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തെ എന്തുകൊണ്ട് അലോസരപ്പെടുത്തുന്നു?
കറകളഞ്ഞ ദേശീയവാദിയെന്ന് അറിയപ്പെട്ട മലയാളി പത്രാധിപര്‍ കുട്ടനാട് രാമകൃഷ്ണപിള്ളയും രാഷ്ട്രീയത്തിലെ ദ്രോണാചാര്യരെന്ന് അറിയപ്പെട്ട കെ. കരുണാകരനും മലയാളസാഹിത്യ സിനിമാരംഗങ്ങളിലെ പ്രാമാണിക വ്യക്തിത്വമായ മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ എന്തുകൊണ്ട് ആവര്‍ത്തിച്ച് കുറ്റവിചാരണ ചെയ്യപ്പെടുന്നു? എന്തുകൊണ്ട് കെ. മുരളീധരനും എന്‍. എസ്. മാധവനും എന്‍. മാധവന്‍ കുട്ടിയുമടക്കമുള്ള സമകാലിക രാഷ്ട്രീയ സാഹിത്യ-സാംസ്കാരിക നേതാക്കള്‍ വിഗതകുമാരനുയര്‍ത്തുന്ന അലോസരത്തിന്റെ ചരടില്‍ കുരുങ്ങിപ്പോവുന്നു?
ഈ ചോദ്യങ്ങള്‍ മലയാളിയുടെ സാംസ്കാരിക അടിത്തറയുടെ ജനിതകഘടന കൂടിയാണ് വെളിപ്പെടുത്തുന്നത്.

ചെമ്പുപട്ടയം തേടി കണ്െടത്തിയ സുവര്‍ണസത്യം
1893ല്‍ അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേല്‍ നാടാരും 1932 ജൂണ്‍ 5ന് ചേര്‍ത്തലയില്‍ ജനിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണനും തമ്മില്‍ ലാഭത്തിന്റെ പുസ്തകത്തില്‍ കുറിച്ചിടാനുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടുമെന്തിന് ചേര്‍ത്തലക്കാരന്‍ ഗോപാലകൃഷ്ണന്‍ നാഗര്‍കോവിലുകാരന്‍ ഡാനിയേലിനെ തേടിയലഞ്ഞു? ശക്തനായ ഭരണാധികാരിയോടും പ്രശസ്തനായ സാഹിത്യകാരന്‍ കൂടിയായ ഉദ്യോഗസ്ഥ പ്രമുഖനോടും കറകളഞ്ഞ ദേശീയവാദിയായ സ്വന്തം പത്രാധിപരോടും ഡാനിയേല്‍ വിഗതകുമാരനെച്ചൊല്ലി എന്തിനിടഞ്ഞു?
ഒരു പണ്ഡിതനും തെളിച്ച ചരിത്രവഴിയിലൂടെ ആയിരുന്നില്ല ചേലങ്ങാടന്റെ ഹൃദയത്തിലേക്ക് ജെ.സി. ഡാനിയേല്‍ തുളച്ചുകയറിയത്.
ദീനബന്ധുവിലും മലയാളിയിലും സിനിമാലേഖനങ്ങള്‍ തുടര്‍ച്ചയായി എഴുതിവന്നിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഡാനിയേലിനെ തേടിയുള്ള യാത്ര ആരംഭിക്കുന്നത് പുരാവസ്തു സംരക്ഷണകേന്ദ്രമായ ലെക്സിക്കനില്‍ നിന്നാണ്. ചേലങ്ങാട്ട് ലെക്സിക്കനില്‍ എത്തിയത് വസ്തുസംബന്ധമായ പഴയ ചില ചെമ്പുപട്ടയങ്ങള്‍ തേടിയായിരുന്നു. ആ തിരച്ചിലിനിടയില്‍ സിനിമാകമ്പക്കാരനായ ഗോപാലകൃഷ്ണന്റെ മനസ്സിലേക്ക് ജെ.സി. ഡാനിയേലിനെ കടത്തിവിട്ടത് തിരുവനന്തപുരത്തുകാരായ ചില ലെക്സിക്കന്‍ ജീവനക്കാരായിരുന്നു. അവരാണ് ഡാനിയേല്‍ കേരളത്തിലെ ആദ്യ സ്റുഡിയോ സമുച്ചയം ഒരുക്കിയ തിരുവനന്തപുരത്തെ ശാരദാവിലാസമെന്ന വീടിന്റെ ഉടമ നാഗപ്പന്‍ നായരെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിനു നല്‍കിയത്. ലെക്സിക്കന്‍ ഉദ്യോഗസ്ഥരും നാഗപ്പന്‍ നായരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിഗതകുമാരനെപ്പറ്റിയുള്ള ചേലങ്ങാടിന്റെ ആദ്യലേഖനം. മലയാള സിനിമയ്ക്ക് വരേണ്യവര്‍ഗം ചമച്ച ചരിത്രത്തെ വെണ്ണീരാക്കാനുള്ള ആദ്യ തീപ്പൊരിയായിരുന്നു അത്. പിന്നീട് ആ അഗ്നി ആളിക്കത്തിച്ചതും സാമ്പ്രദായിക ചരിത്രകാരന്മാരുടെയോ അക്കാദമിക് ബുദ്ധിജീവികളുടെയോ സഹായത്താലല്ലെന്നതാണ് ചേലങ്ങാടന്റെ അന്വേഷണയാത്രയെ വ്യത്യസ്തമാക്കുന്നത്.

തമ്പാനൂര്‍ ബസ്സ്റാന്റിന്റെ കിഴക്കുപുറത്തെ വാകമരച്ചോട്ടിലെ മുറുക്കാന്‍ കടക്കാരനും കടയ്ക്കു മുമ്പില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന നാട്ടുകാരില്‍ ചിലരും കന്യാകുമാരിയിലെ അലക്കുകാരന്‍ പെരുമാളും കവടിയാര്‍ കൊട്ടാരത്തിനു സമീപമുള്ള കപ്പേളയിലെ സൂക്ഷിപ്പുകാരനുമൊക്കെ ഉള്‍പ്പെടുന്ന, ചരിത്രത്തില്‍ നിന്ന് എപ്പോഴും അകറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരാണു ചേലങ്ങാട്ടിന്റെയും ജെ.സി. ഡാനിയേലിന്റെയും ചരിത്രപരമായ കണ്ടുമുട്ടലിന് വേദിയൊരുക്കിയത്.
ആ കണ്ടുമുട്ടലിനെ തുടര്‍ന്നായിരുന്നു വിഗതകുമാരന്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വീണ്ടും അലോസരം സൃഷ്ടിച്ചത്. കുപ്പമാടയില്‍ ഒടുങ്ങേണ്ട പുലയക്കിടാത്തി അഭ്രപാളികളില്‍ നായര്‍വേഷം ധരിച്ചെത്തിയ സവര്‍ണ പ്രമാണിമാരില്‍ സൃഷ്ടിച്ച ആദ്യ അലോസരം റീവൈന്‍ഡ് ചെയ്യപ്പെടുമായിരുന്നു അവിടെ. കത്തിച്ചുപിടിച്ച ചൂട്ടിന്റെ വെളിച്ചത്തിനു പിന്നാലെ നടന്ന് നാടുനീളെ ബാന്ധവവും സംബന്ധവുമായിക്കഴിഞ്ഞ സദാചാരപ്രമാണിമാര്‍ ഒരു ശൃംഗാരരംഗത്തിന്റെ പേരില്‍ അഭ്രപാളികള്‍ക്ക് തീവച്ചതും ക്യാപിറ്റോള്‍ തിയേറ്റര്‍ കല്ലെറിഞ്ഞു തകര്‍ത്തതും മലയാളത്തിലെ ആദ്യനായികയെ തല്ലിയോടിച്ചതും ഒരുവട്ടം കൂടി കേരളം ചര്‍ച്ച ചെയ്തതപ്പോഴാണ്. സര്‍വതും വിറ്റുതുലച്ച് കൊല്‍ക്കത്തയിലും മദിരാശിയിലും ബോംബെയിലും അലഞ്ഞുതിരിഞ്ഞ് സിനിമ പഠിച്ചു പകര്‍ത്തിയ ഡാനിയേല്‍ എന്ന നാടാരുടെ സ്വപ്നങ്ങളെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ സവര്‍ണന്‍ തകര്‍ത്തുകളഞ്ഞതും അന്ന് കേരളം വീണ്ടും ചര്‍ച്ച ചെയ്തു. അവര്‍ണനെ സിനിമാചരിത്രത്തില്‍ നിന്നു തൊഴിച്ചു പുറത്താക്കിയ ഭൂതകാലത്തിന്റെ ദുഷ്ചെയ്തിയോട് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന ഒറ്റയാന്‍ നടത്തിയ പോരാട്ടമാണ് കേരളം പിന്നീട് കണ്ടത്. ടി.ആര്‍. സുന്ദരം മുതലാളിയെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ ആഢ്യന്മാര്‍ കച്ചകെട്ടിയിറങ്ങിയ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ വിഗതകുമാരനെന്ന ഒരു സിനിമയോ ജെ.സി. ഡാനിയേല്‍ എന്ന സിനിമക്കാരനോ ഉണ്ടായിരുന്നേയില്ലെന്നായിരുന്നു അന്ന് ഇത്തരക്കാരുടെ പ്രചാരണം.
എന്നാല്‍, ജെ.സി. ഡാനിയേല്‍ ആണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തില്‍ അഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസയോഗ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ ചേലങ്ങാട്ട് സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു.
അപ്പോഴാണ് രണ്ടാം തലമുറയിലെ രാഷ്ട്രീയ-സാഹിത്യ-മാധ്യമ സവര്‍ണലോബി ഒരുമിച്ചു ചേര്‍ന്നത്. "നാഗര്‍കോവിലുകാരന്‍ തമിഴന് കേരളത്തില്‍ നിന്നു പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെ''ന്ന് കരുണാകരന്‍ വിധിച്ചതും "നിശ്ശബ്ദചിത്രമെങ്ങനെ മലയാളചിത്രമാവും'' എന്ന്
മലയാറ്റൂര്‍ രാമകൃഷ്ണ അയ്യര്‍ വാദിച്ചതും ചരിത്രം. തീ പാറുന്ന വാക്കുകളുമായി ചേലങ്ങാട്ട് തന്നെ യുദ്ധം തുടര്‍ന്നപ്പോള്‍ മലയാളി പത്രാധിപരായ കുട്ടനാട് രാമകൃഷ്ണപിള്ള 'കണ്ട മാപ്പിള'യെ മലയാള സിനിമയുടെ പിതൃസ്ഥാനത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചേലങ്ങാടിനെതിരേ തിരിഞ്ഞതും അപ്പോഴാണ്.
ഇപ്പോള്‍ അലോസരത്തിന്റെ മൂന്നാം ഖണ്ഡം ഈ തലമുറയിലെ മാധ്യമ-സാഹിത്യ-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ വിവാദത്തിന്റെ ചുവടുപിടിച്ച് വിസര്‍ജിക്കുന്നത് വാക്കുകള്‍ക്കും വാചകങ്ങള്‍ക്കു പോലും വ്യത്യാസമില്ലാതെ കഴിഞ്ഞ തലമുറ ഉയര്‍ത്തിയ അതേ ചോദ്യങ്ങളും ന്യായങ്ങളുമാണ്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് നാഷനല്‍ ഫിലിം ആര്‍ക്കൈവ്സിലെ അസിസ്റന്റ് ക്യൂറേറ്റര്‍ ആയിരുന്ന പി. കെ. നായര്‍ വിഗതകുമാരന്‍ എന്നൊരു സിനിമയെപ്പറ്റി കേട്ടറിവുപോലുമില്ലെന്ന് ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ അറിയിച്ചു. വള്ളിപുള്ളി വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസം ലോകസിനിമയെപ്പറ്റി ബൃഹദ്ഗ്രന്ഥമെഴുതിയ തോട്ടം രാജശേഖരനെന്ന മുന്‍ ഉദ്യോഗസ്ഥ പ്രമുഖനും പറഞ്ഞത് അതേ കാര്യം! മാപ്പിളയെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞ തലമുറയിലെ 'വിശാരദന്മാര്‍' പറഞ്ഞ വാക്കുകളും വാചകങ്ങളും തന്നെയാണ് വിഗതകുമാരനും ഡാനിയേലിനും ചേലങ്ങാട്ടിനുമെതിരേ ഇപ്പോള്‍ വാളോങ്ങുന്നവരും വിളമ്പുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ കണ്െടത്തിയ ചരിത്രസത്യം ഈ തലമുറയിലെ വരേണ്യവര്‍ഗത്തിന് അലോസരമുണ്ടാക്കുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഭരണപക്ഷ വരേണ്യസ്തുതിപാഠകര്‍ക്ക് നിരന്തരം അലോസരം സൃഷ്ടിക്കുന്നുവെന്നാണ് ചേലങ്ങാട്ടിന്റെ കണ്െടത്തലുകളെ കാലാതിവര്‍ത്തിയാക്കുന്നതും. ഒരര്‍ഥത്തില്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്കു പകരുന്ന ഇത്തരം അലോസരങ്ങളാണല്ലോ ചരിത്രത്തെ നേര്‍വഴി നടത്തുന്നത്.

നോവലിസ്റ് പറയുന്നത്

വസ്തുതകള്‍ ശരിക്കു പഠിക്കാതെയാണ് എന്‍. എസ്. മാധവനെപ്പോലുള്ളവര്‍ സെല്ലുലോയ്ഡിനെ സംബന്ധിച്ച വിവാദത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്നു സിനിമയ്ക്കാധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ് വിനു എബ്രഹാം വ്യക്തമാക്കി.
"2005ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവവേദിയില്‍ വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖയാണ് വിഗതകുമാരനിലെ നായികയായ പി. കെ. റോസിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്''- അദ്ദേഹം പറഞ്ഞു. "തലസ്ഥാനനഗരിയിലെ ദലിത് പ്രവര്‍ത്തകരായ ആര്‍. ഗോപാലകൃഷ്ണന്‍, എസ്. എം. മണി തുടങ്ങിയവരില്‍ നിന്നു റോസിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പിന്നെയും പല അന്വേഷണങ്ങള്‍ക്കും ശേഷമാണ് നഷ്ടനായിക രചിക്കുന്നത്.''
"1970ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സിനിമാവ്യവസായത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണു മലയാറ്റൂര്‍ രാമകൃഷ്ണനെ, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ സമീപിക്കുന്നത്. അന്നദ്ദേഹം നിഷേധാത്മകമായാണു പ്രതികരിച്ചതെന്നു ചേലങ്ങാട്ട് തന്നെ എഴുതിയിട്ടുണ്ട്. പിന്നീട് 1975ല്‍ കെ. കരുണാകരന്‍ ചലച്ചിത്രവകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ വീണ്ടും സിനിമാപിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നുവന്നു. ഉദ്യോഗസ്ഥന്മാരുടെ വിശദീകരണത്തില്‍ കവിഞ്ഞ് അദ്ദേഹവും പ്രശ്നം പഠിച്ചിട്ടുണ്ടാവണമെന്നില്ല. അങ്ങനെയാണു മലയാറ്റൂരും കരുണാകരനും ഈ വിഷയത്തില്‍ വിവാദപുരുഷന്മാരായിത്തീരുന്നത്.''
"നഷ്ടനായിക സിനിമയാക്കാന്‍ ബ്ളെസി ആലോചിച്ചിരുന്നുവെങ്കിലും നിര്‍മാതാക്കളെ കിട്ടാത്തതുകൊണ്ട് ആ പ്രോജക്ട് നീണ്ടുപോയ സാഹചര്യത്തിലാണു കമല്‍ സാര്‍ മുന്നോട്ടുവന്നത്''- വിനു വ്യക്തമാക്കി.

- തേജസ്‌ ദിനപത്രം -