November 9, 2011

വേട്ടയാടപ്പെടുന്ന മതേതരവാദികള്‍

ഇന്ത്യയെന്ന ജനാതിപത്യ രാജ്യത്ത് മതേതരത്വം നിലനിര്‍ത്താനും ദേശീയ മൂല്യങ്ങള്‍ക്കായി നില കൊള്ളുകയെന്നതും തികച്ചും ദേശാസ്നേഹിയായ ഓരോ പൌരന്റെയും ധര്‍മമാണ്. എന്നാല്‍ മതേതരത്ത്വത്തിനായി നില കൊള്ളുന്നുവെന്ന ഒറ്റ കാരണത്താല്‍ നിരന്തരം മത സംഘടനകള്‍ വേട്ടയാടപ്പെടുന്നുവെന്ന് കവലകള്‍ തോറും പ്രസംഗിക്കുകയും ചാനലുകളിലും അച്ചടി പ്രസിദ്ധീകരണങ്ങളിലും പ്രചരിപ്പിക്കുകയും. ഈ വേട്ടയാടലുകളെ കുറിച്ച് വളരെ വ്യാകുലതയോടെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെയും വലതു പക്ഷത്തേയും കാവിയണിതും കാവിയണിയാത്തവരുമായ പുരോഗമന ആശയക്കാര്‍. മതേതരത്വത്തിന്റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ച്. മതേതരവാദികള്‍ ചെര്‍ന്ന് നടത്തുന്ന ഈ പ്രചാരണത്തിന് വല്ല സത്യവുമുണ്ടോ. ഇവരുടെ പകല്‍ കിനാവുകള്‍ നടപ്പിലാവാത്തതിന്റെ ദുഃഖത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണോ ഈ വാദം. ഈ വര്‍ത്തമാന കാല സംഭവങ്ങളിലൂടെ ചില കുത്തികുറപ്പുകള്‍.
രാജ്യത്തിന്റയും നാടിന്റെയും തന്നെ മതേതര മുഖമുദ്രകളയായ ഇത്തരം സാമൂഹിക പ്രവര്‍ത്തകരുടെ  മതേതരത്വപരമായ ഏത് രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇവിടെത്തെ മതമൌലിക വാദികള്‍ക്ക് രസിക്കാതെ പോവുന്നതെന്ന ചോദ്യത്തിന് സത്യത്തില്‍ ഒരു പ്രശ്നവുമില്ലെന്നായിരിക്കും മതേതരക്കാരുടെ വേട്ടക്കാരെന്ന് ഇവര്‍ പ്രചരിപ്പിക്കുന്ന  മതമൌലിക വാദികളുടെ വശം. എന്നാല്‍ ചോദ്യം സ്വയം ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുന്നുവെന്ന വിചിത്രമായ രീതി മതേതരക്കാര്‍  പിന്‍തുടരുന്നത് കാരണം മതമൌലിക വാദികള്‍ക്ക് ഈ ചര്‍ച്ചയില്‍ പ്രവേശനമില്ല. മാത്രമല്ല. വര്‍ത്തമാന കാലത്തില്‍ ജനാതിപത്യ വ്യവസ്ഥയില്‍ ത്രീവ്രവാദിയും ഭീകരവാദിയും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ്  പ്രവര്‍ത്തിക്കുന്നതെന്ന തരത്തിലാണല്ലോ സര്‍ക്കാറിന്റെ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം. ചോദ്യവും ഉത്തരവും ഒരു ആശയത്തില്‍ നിന്നാവുമ്പോള്‍ വാദത്തിനും തര്‍ക്കത്തിനും സ്വന്തക്കാരോ അലെങ്കില്‍ സ്വന്തം മതത്തിലെ പരസ്പര പാര സംഘടനകളുടെയോ ഓശാന പാട്ടില്‍ വേട്ടമൃഗത്തെ കീഴ്പെടുത്താനുള്ള പട നയിക്കാന്‍ ശക്തിയും വൃത്തിയും വെടിപ്പുമുള്ള പാതയൊരുങ്ങുന്നു.
ഭീകരവാദത്തിന്റെയും ത്രീവ്രവാദത്തിന്റെയും വിളനിലമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്ന നമ്മുടെ രാജ്യത്തെ സംഘടനകള്‍ പലതും ജനാതിപത്യത്തിന്റെ പാതയില്‍ അണി ചേര്‍ന്നിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനത്തെ നോക്കി കാണുകയോ വിലയിരുത്തുകയോ ചെയ്യാതെ. ഇവരെല്ലാം ജനാതിപത്യത്തെ തകര്‍ക്കാനാണ് നിറം മാറുന്നതെന്ന പുതിയ വാദവുമായി ഇവര്‍ നിരന്തരം പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വരും കാലത്ത് മാറിയാലും ജനപ്രിയമെന്ന് പറയുന്ന പാര്‍ട്ടികളുടെ അത്രയും ഒരു മാറ്റം ആരും പ്രതീക്ഷിക്കരുതെന്നും ഇവര്‍ മന്നറിപ്പ് നല്‍കുയും ശക്തമായി വാദിക്കുകയും വിധിയെഴുതുകയും ചെയ്യുന്നു. ആര്‍ക്കു വേണ്ടിയാണിത്. ഈ നീക്കത്തിനു പിന്നിലെ പുത്തനാശയക്കാരുടെ ലക്ഷ്യമെന്താണ്.
തങ്ങളുടെ ആശയ സംരക്ഷണത്തിനോ പ്രചാരണത്തിനോ ഇത്തരത്തിലുള്ള  പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യമില്ലെന്ന്  ഇവര്‍ തന്നെ സമതിക്കുമ്പോള്‍. പ്രത്യേക ലക്ഷ്യമില്ലാതെയുള്ള പ്രവര്‍ത്തനം കൊണ്ട് സംഭവിക്കുന്നത്. രാജ്യത്തെ ജനാതിപത്യത്തിലും അതിന്റെ ആശയത്തിലും വിശ്വസിച്ച് നാടിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ മതാചാരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ചിന്തകളേയും നെഞ്ചോടു ചേര്‍ക്കുന്ന വിശ്വാസിയെ രാജ്യ ദ്രോഹികളായി മുദ്ര കുത്താന്‍ അജണ്ടകള്‍ പാസാക്കുന്ന  സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ കാര്യസ്ഥരായ കാവി ശക്തികളുടെ കൈപ്പാവകളായി മാറുകയാണോ ഇത്തരം ഹമീദുമാരും എന്നെമുമാരും ചെയ്യുന്നത്.
സത്യവും മിഥ്യയും കള്ളവും എല്ലാം സമം ചേര്‍ത്ത് സ്വീകരണ മുറികളില്‍ വിളമ്പുന്ന ചാനല്‍ തരംഗത്തില്‍ ഈ പാവകളെ ഫലപ്രദമായി സാമ്രാജ്യത്വ കാവികള്‍ ശക്തികള്‍ ഉപയോഗിക്കുന്നതായി തോന്നുന്നിയിടം. ചാനല്‍ ചര്‍ച്ചകളില്‍ ഇത്തരക്കാരുടെ പ്രകടനം കാണുമ്പോഴാണ്. പലപ്പോഴും മുസ്ലിം സംഘടകളുമായി ബന്ധപ്പെട്ട് ത്രീവ്രവാദ ആരോപണമോ മറ്റു പ്രശ്നങ്ങളോ വരുമ്പോള്‍ ദൃശ്യ മാധ്യമങ്ങളിലും വര്‍ത്തമാന പത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന മതേതരവാദികള്‍. മുസ്ലിം സംഘടനകളേയും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളും മനുഷ്യ കുലത്തിന് ഒരു തരത്തിലും പ്രയോജനമില്ലാത്തതാണെന്ന തരത്തില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിടുവായത്വത്തിലൂടെ സമര്‍ത്തിക്കുകയും ചെയ്യുന്നതായി കാണാം.എന്നാല്‍ മറ്റു മതക്കാര്‍ കുറ്റാരോപിതരാവുമ്പോള്‍ ഇവരുടെ പ്രതികരണങ്ങള്‍ കാണാനാവുന്നില്ലെന്ന് മാത്രമല്ല. ഇത്തരം വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പിന്നാലെ നടന്ന് വിമര്‍ശിക്കാനോ അതിന് എതിരെ ജനശ്രദ്ധ ആകര്‍ക്ഷിക്കാനോ ഒരു വാക്ക് ഉരിയാടുന്നതായി കാണാറില്ല. മാത്രമല്ല. അവരുടെ പ്രശംസകള്‍ ഏറ്റു വാങ്ങുന്നതായും കാണാം.
എവിടെങ്കിലും ത്രീവ്രവാദവുമായി ഒരു മുസ്ലിമിനെ ബന്ധപ്പെടുത്തിയാല്‍ ചാനലുകള്‍ എഴുതിയ തിരക്കഥകളില്‍ തകര്‍ത്ത് അഭിനയിക്കാന്‍ കാട്ടുന്ന മിടുക്ക് ഇരകളാക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാലും അവരുടെ മോചനത്തിനായോ സത്യസന്ധമായി സംഭവത്തെ ജനത്തിന് മുമ്പിലെത്തിക്കാനോ വാ തുറക്കാറില്ലെന്ന് പൊതു സംസാരം. ഇപ്പോള്‍ ത്രീവ്രവാദത്തിലും ഭീകരവാദത്തിലും മറ്റു മതക്കാരും കുറ്റാരോപിതരായപ്പോള്‍. കാവികള്‍ നിയന്ത്രിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ത്രീവ്രവാദവും ഭീകരതയും വിഷയമല്ലാതായപ്പോള്‍. ചാനല്‍ മുഖത്ത് പ്രത്യക്ഷപ്പെടാന്‍ പ്രവര്‍ത്തന മണ്ഡലം സ്വയം മാറ്റുകയോ മാറ്റപ്പെടുകയോ ചെയ്യ്തിരിക്കുന്നു.
വീര ദേശാഭിമാനി സ്വാതന്ത്യ്ര സമര നായകന്‍ മലബാര്‍ സിംഹം മുഹമ്മദ് അബ്ദുറഹിമാന്‍  സാഹിബിന്റെ ചരിത്രത്തെ ആസ്പദമാക്കി പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചലചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും ഒന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മുനീറു മുതല്‍ അച്ച്യുതാന്ദന്‍ വരെ സാമ്രജ്യത്യ ശക്തികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്തില്‍ ഹമീദുമാരുടെ മലക്കം മറിച്ചിലുകള്‍ സംശയത്തോടെ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മലബാറിലെ സ്വാതന്ത്യ്ര സമരത്തിലും മറ്റു രാഷ്ട്രീയ കാര്യങ്ങളിലും മറ്റു മതസ്ഥരിലെന്ന പോലെ മുസ്ലിങ്ങളും പങ്കു കൊണ്ടിരുന്നുവെന്നും 'മാപ്പിള ലഹള'എന്നത് ഹിന്ദുവും മുസല്‍മാനും തമ്മില്‍ നടന്നതെല്ലെന്നും ഹിന്ദുവും മുസ്ലിമും ഒന്നിച്ചു പോരാടിയ സ്വാതന്ത്യ്ര സമരമാണ്  മലബാര്‍ വിപ്ളവമെന്നും പാഠ പസ്കങ്ങളില്‍  പഠിപ്പിക്കാതെയും കാവികള്‍ക്ക് ഹിന്ദുവിനെതിരെ മാപ്പിള നയിച്ച യുദ്ധമായി  വാമൊഴി ചരിത്രം സൃഷ്ടിക്കാനും പൂയ്ത്തിവെച്ച ചരിത്രം കാലത്തിന്റെ യവനികയില്‍ ചലചിത്രമായി പുറത്തു വന്നപ്പോള്‍ സത്യങ്ങള്‍ ജനം മനസിലാക്കുമെന്ന് ഭയക്കുന്ന അഴിമതിയിലും വാണിഭത്തിലും മുങ്ങിയ രാഷ്ട്രീയക്കാരന്റെ പൊള്ളയായ വാചകങ്ങളായ 'സത്യ സന്ധതയിക്കും വിശ്വാസത്തിനും. രാഷ്ട്രീയത്തില്‍ സ്ഥാനമില്ല' എന്ന അവരുടെ മുദ്രാവാക്യം ജനം മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം കാണുമ്പോള്‍ മാറ്റപ്പെടുകയും അത് മാതൃകയാക്കി മുന്നേറിയാല്‍ എന്നോ ചവറ്റു കൊട്ടയില്‍ തള്ളേണ്ട രാഷ്ട്രീയം ജനം തട്ടി മാറ്റുമെന്ന തിരിച്ചറിവില്‍. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ചരിത്രത്തെ വാമൊഴി ചരിത്രവും ഇത്തരം സൃഷ്ടികളെ വെറും കെട്ടുക്കഥകളായും  ജനത്തിന് മുമ്പില്‍ ചിത്രീകരിക്കാനുള്ള ഗുഢ നീക്കത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
'വീരപുത്രന്‍' എന്ന ചലചിത്ര ചിന്തകള്‍. രാജ്യത്ത് നിലവില്‍ പ്രചാരം ലഭിച്ചിട്ടുള്ള 'മുസ്ലിം'  എന്ന ത്രീവ്രവാദിക്ക്. ദേശസ്നേഹികളുടെ ഒരു നിറം വരുമെന്ന് കരുതുന്ന സാമ്രജ്യത്യ ശക്തികളുടെയും  കാവി ശക്തികളുടെ ദല്ലാളുകളാണോ ഈ മതേതരക്കാരെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യ സ്നേഹത്തിന്റെ നിറകുടവും. ഉറച്ച മത വിശ്വാസിയായും തികഞ്ഞ രാഷ്ട്രീയക്കാരനുമായി ജീവിച്ച് മരിച്ച സാഹിബിന്റെ ജീവിത മാര്‍ഗം. ഇപ്പോള്‍ വളര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ സംഘടനകള്‍ക്കും പുതു രാഷ്ട്രീയക്കാര്‍ക്കും പ്രചോദനമാവുമെന്ന് ഭയപ്പെടുന്ന. രാഷ്ട്രീയ കോമരങ്ങളുടെ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ച് കള്ളനും വാണിഭക്കാരനും അരങ്ങ് വാഴുന്ന രാഷ്ട്രീയത്തില്‍ ഇടപ്പെടരുതെന്ന് വിപ്ളവ നായകനായി പിണറായികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സത്യത്തേയും നീതിയേയും കറകളഞ്ഞ രാഷ്ട്രീയത്തേയും ജനകീയ രാഷ്ട്രീയക്കാര്‍ പേടിക്കുന്നുണ്ട്.
സത്യത്തിനും നീതിക്കുമായി നിലകൊണ്ട് ജീവിച്ചു മരിച്ച വീര നായകന്റെ ചലചിത്രത്തിലെ മരണത്തിന്റെ ചിത്രീകരണമാണ് വര്‍ത്തമാന കാലത്തില്‍ വിവാദമായതെങ്കില്‍. ഭാവിയില്‍ അദ്ദേഹത്തിന്റെ ജീവിതവും ജനം മാതൃകയാക്കുന്നതിലൂടെ വിവാദക്കാര്‍ക്ക് വീണ്ടും വിഷയമാവുമെന്നതില്‍ മലബാറിലെ വീര സിംഹത്തെ നെഞ്ചിലേറ്റുന്നവര്‍ക്ക് സന്തോഷിക്കാം.
അന്‍മ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനു വേണ്ടി വാദിച്ചു എന്നതും കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് പറഞ്ഞതിന്റെയും പേരിലാണോ ഇന്നിവിടെ ജീവിക്കുന്ന മുസ്ലീമിനെ രണ്ടാം തരം പൌരന്മാരായി നിലനിര്‍ത്തുന്നത്. മുസ്ലിം നാമധാരിയായി എന്നതിന്റെ പേരില്‍ ജയിലറകളില്‍ കിടക്കുന്നവന്റെയും പ്രതികരിച്ചാല്‍ ജയിലറയില്‍ കിടക്കേണ്ടി വരുമെന്ന ഭയത്താലും പ്രതികരിക്കാതിരിക്കുന്ന ജനത്തെ കൊഞ്ഞ കുത്തരുത് മതേതര കൈപ്പാവകളെ.
ഭരണക്കൂട ഭീകരതയില്‍ ഹോമിക്കപ്പെടുന്ന ഓരോ മനുഷ്യന്റെയും രോദനങ്ങള്‍ക്കും നിങ്ങളുടെ ചെവികള്‍ തുറന്നിരിക്കുക. ജന നന്മയ്ക്കെന്ന് നാം പറയുന്ന ജനാതിപത്യത്തിന്റെ യഥാര്‍ത്ഥ കാവലാളുകളാവുക നിങ്ങള്‍. എന്നാല്‍ സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്.

August 26, 2011

ഓര്‍മകളിലെ ഒരു പെരുന്നാള്‍.

സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ്. ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കച്ചവടക്കാരുടെ താല്‍പ്പര്യത്തിലാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം  അടിച്ചു വീശി തുടങ്ങിയിരിക്കും. മഹ് രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ ഖുതുബയുടെ അവസാനത്തോടെ തന്നെ പുറത്തിറങ്ങും ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ എണീറ്റു പോരുന്നതിന് ഒരു കാരണവുമായി. റബര്‍ ബാറ്റില്‍ കെട്ടിയ ബലൂണിന്റെയും പീപിയുടെയും വിളികള്‍ കുട്ടികളെ പുറത്തേക്ക് അകര്‍ഷിക്കും. പള്ളിയില്‍ നിന്ന് അല്ലാവരും പുറത്തിറങ്ങിയാല്‍  എല്ലാവര്‍ക്കും ആശംസകള്‍ ചൊല്ലി വിശേഷങ്ങള്‍ തിരക്കി. ചുറ്റി തിരിയും. പ്രവാസിക പള്ളിയുടെ അടുത്തുള്ള ഉമ്മയുടെ വീട്ടില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി വീണ്ടും പള്ളിയുടെ അടുത്ത് വരും സുഹൃത്തുക്കളുമായി അമ്പലത്തിങ്ങല്‍ ബഷീറിന്റെ വീട്ടില്‍ തുടങ്ങുന്ന വീടു സന്ദര്‍ശനങ്ങള്‍ കണ്ണങ്ങര ഫജുറുവിന്റെയോ സനു ശിഹാബിന്റെയോ വീട്ടില്‍ അവസാനിക്കുന്നത്. പുതിയ പെരുന്നാള്‍ ആഘോഷങ്ങള്‍. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തിലെ പള്ളി പരിസരത്തെ കൂട്ടം കൂടലില്‍ പ്രവാസികള്‍ക്ക് നല്ല ഡിമാന്റാണ്. റംസന്‍ പിരിവിന് കിട്ടാത്തവരാണെങ്കില്‍ അവരെ പിടി കൂടാന്‍ നില്‍ക്കുന്നവരും പരിചയം പുതുക്കുന്നവരും എല്ലാം സ്ഥിരം കാഴ്ചയായിരിക്കുന്നു.
പള്ളി പരിസരത്തെ കൂട്ടം ചെറിയ ചെറിയ കൂട്ടങ്ങളായി നീങ്ങി തുടങ്ങും. പള്ളി പൂട്ടി നമ്മുടെ ആലിയാക്ക പുഞ്ചിരി തൂകി  കുശലം പറഞ്ഞ് നടന്നു നീങ്ങുന്നതോടെ പള്ളിയിലും പരിസരത്തുമുള്ള ആഘോഷങ്ങള്‍ക്ക് അവസാനമാവും. പള്ളിയില്‍ നിന്ന് ആലിയാക്ക വിരമിച്ച ഒരു പെരുന്നാളിന് അദ്ദേഹത്തെ കുറിച്ച് കൂട്ടായ്മ പൊറ്റശ്ശേരി ഒരു സപ്ളിമെന്റ് പ്രസിദീകരിച്ചിരുന്നു. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരേയും പുഞ്ചിരിയോടെ എതിരേറ്റ "പുള്ളത്തിയുടെ മനസായിരിക്കണം മനുഷ്യനെന്ന് '' പറയാറുണ്ടായിരുന്ന ആലിയാക്ക ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു.    പള്ളിമുക്രിയെന്ന വാക്കിന് പകരം "ആലിയാക്ക''യെന്ന് മാറ്റിയ സ്നേഹ നിധിയായ കാരണവര്‍. ഒരു സമൂഹത്തിന് മുഴുവന്‍ നല്ലത് മാത്രം പറയാനുള്ള ഒരു മനുഷ്യന്റെ പേര്  നാട്ടുക്കാരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഞാനോര്‍ക്കുന്നു. പൊറ്റശ്ശേരിയിലെ മസ്ജിദുല്‍ ഫത്തിഹിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍  മുക്രിയാരാണെന്നതിന് പകരം നാട്ടുക്കാരു ചോദിച്ചത് ഈ പള്ളിയിലെ ആലിയാക്ക ആരാണെന്നായിരുന്നു. പേവുംതോടത്തില്‍ കോയസനാക്ക ഉമ്മറാക്ക എല്ലാവരും സന്തോഷകരമായ ഓര്‍മ്മകളില്‍ നിറയുന്നു. അല്ലാഹുവിലേക്ക് മടങ്ങിയ ഇവര്‍ക്ക് ദൈവം സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്നേഹ ബന്ധങ്ങള്‍ പുതുക്കാനും എന്നും പെരുന്നാള്‍ ദിനങ്ങള്‍ മുതല്‍ കൂട്ടാണ്. എല്ലാവര്‍ക്കും സന്തോഷകരമായ ഈദുല്‍ ഫിത്വര്‍ ആശംസകളോടെ..................

August 23, 2011

പുണ്യ പിരിവിന്റെ പൂക്കാലം



പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ അതിന്റെ ഇരുപത് ദിനങ്ങള്‍ പിന്നിട്ട്. എനിയുള്ള പത്തിലേക്ക് എത്തിയിരിക്കുന്നു. ക്ഷമിക്കണം ഒരു തിരുത്തുണ്ട്. വ്യാപാരി വ്യവസായി മത നേതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോധിക്കും പോലെ. റംസാന്‍ മാസ പിറവിക്ക് വലിയ കോലാഹലമൊന്നും കണ്ടില്ല. എല്ലാവര്‍ക്കും ദൈവ രക്ഷയുണ്ടാവട്ടെ. ശവ്വാല്‍പിറ കാണുകയാണെങ്കില്‍ ഗള്‍ഫും ഇന്ത്യയുമായി ഒന്നര മുതല്‍ നാലു വരെ മണിക്കൂറിന്റെ വ്യത്യാസമുണ്ട്. അതു കൊണ്ട് ഒരു ദിവസത്തിന്റെ മാറ്റം ചിലപ്പോള്‍ സംഭവിക്കാം. നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ നമ്മള്‍ കാത്തിരുന്നു കാണുക. ‘പിറ’ കാണാതെ നോമ്പായാലും പെരുന്നാളായാലും പാടില്ല. വിശ്വാസ സംരക്ഷണം. മനുഷ്യവകാശത്തില്‍ പെട്ടതാണ്.
റംസാന്‍ ആയതിന് ശേഷം ഏതു വീട്ടിലും ചെന്ന് വിളിച്ചാല്‍. പ്രത്യേകിച്ച് നമ്മുടെ കൈവശം വല്ല പുസ്തകവും കണ്ടാല്‍ വീടിന്റെ ഉള്ളില്‍ ഒരു ശബ്ദം കേള്‍ക്കും “മൂപ്പര് ഇവടെല്ല. നാളെ വന്നോളി”.പൂക്കാലത്തിലെ പിരിവുക്കാരെ പേടിച്ചാണ് ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുന്നത്. പള്ളികളില്‍ ഇടത്തും വലത്തും പിരിവാണ്. പിരിവെടുക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം പതിനൊന്ന് മാസവും സ്വന്തത്തിനും ഒരു മാസം പടച്ചോനും എന്ന നിലയില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ കിട്ടിയ സീസണിനെ ലാഭകരമാക്കുക എന്ന കച്ചവട തന്ത്രം പ്രയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റ് ഇവിടെയല്ല ചില യത്തിംഖാന പിരിവുക്കാരുണ്ട് പണക്കാരനും പാവപ്പെട്ടവനും ഒന്നും പ്രശ്നമാക്കാതെ വീട്ടില്‍ കയറി കിട്ടിയാലെ പോകൂ എന്ന നിലയിലുള്ള ഒരു നില്‍പ്പാണ്. മീന്‍ വാങ്ങാന്‍ വച്ച പൈസ എടുത്ത് പുണ്യം നേടി. നൂറു പണ്ടാരമടങ്ങാന്‍ വിളിച്ച് അവനവന്റെ ദാരിദ്രത്തെ ശപിക്കുന്ന പാവങ്ങളെ തിരിച്ചറിയാനെങ്കിലും ബോധമുള്ളവരെ വേണം റസീവര്‍മാരാക്കാനെന്നു എനിക്ക് തോന്നുന്നു.
കവലകളായ കവലകളിലെല്ലാം ഇഫ്ത്താറുകള്‍ അരങ്ങു തകര്‍ക്കുന്നു. സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ അമ്പലം ശാന്തി മുതല്‍ കപ്പ്യരുവരെ പരിപാടികളില്‍ നിറസാന്നിദ്യമാവുന്നു. സന്തോഷം. ഇസ്ലാമിന്റെ ആരാധനാ കര്‍മങ്ങളുടെ മഹത്വം ഇതര മതസ്ഥരിലും എത്തുകയെന്നത് നല്ല കര്‍മം. എല്ലാ സല്‍കര്‍മങ്ങളും ദൈവം സ്വീകരിക്കുമാറാവട്ടെ.
ജമാഅത്ത് മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ ജനങ്ങളുടെ പരസ്പര സാഹോദര്യം വളര്‍ത്താന്‍ സ്വന്തമായി പ്രത്യേകം പരിപാടികളാണ് നടത്താറുള്ളത്. സുന്നിക്ക് പിന്നെ ഹിന്ദു ഹറാമായതിനാല്‍ അവര്‍ക്ക് ശാന്തിയും കപ്പ്യാരും ഹല്ലാലാവുത്ത് വല്ല പച്ച കൊടിയും അലെങ്കില്‍ ചുവപ്പു കൊടിയും പാറുന്ന പന്തലിലാവുമ്പോഴാണ്. എല്ലാം പറഞ്ഞു എന്നെ ഉള്ളു.
സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഈ വിഭാഗങ്ങളുടെ സാഹോദര്യവും പരസ്പര സഹകരണവും ആരു ഊട്ടിയുറപ്പിക്കും. അവസാന നാളില്‍ മുസ്ലിം എഴുപത്തഞ്ച് വിഭാഗങ്ങളാവും ഞാനെവിടെയോ കേട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
എ.ടി.എം കൌണ്ടറിലും ബാങ്കുകളിലും നല്ല പുത്തന്‍ നോട്ടുകള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കവറു സക്കാത്തുകളായോ സക്കാത്ത് കമ്മറ്റിയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടിയോ നമ്മുക്കിടയില്‍ വന്നു ചേരും. കാത്തിരിക്കുക. മുജാഹിദ് സക്കാത്ത് ജമാഅത്ത് സക്കാത്ത്. പുല്‍പറമ്പില്‍ നിന്ന് ഫാരിസ് അബൂബക്കറിന്റെ പേരില്‍ നേര്‍ച്ചയാക്കപ്പെട്ട പ്രത്യേക സക്കാത്ത്. സക്കാത്ത് പവപ്പെട്ടവന്റെ അവകാശമാണ്. അതില്‍ തലയിടരുത്. പാവപ്പെട്ടവന്‍ കഞ്ഞി കുടിക്കട്ടെ.
മുജാഹിദും ജമാഅത്തും സുന്നിയും സക്കാത്തിന്റെ കാര്യത്തില്‍ ഒരുമിച്ചാല്‍ എല്ലാം പോവും. മുപ്പത് കില്ലോ അരിയും ജമാഅത്തില്‍ നിന്നും മുജാഹിദില്‍ നിന്നും കിട്ടുന്ന ഇരുനൂറു രൂപ വച്ചുള്ള സക്കാത്ത്. സുന്നികള്‍ക്ക് പിന്നെ ഇതു ബാധകമല്ല. അവര്‍ക്ക് പള്ളിയിലെ ഉസ്താദിന് പൊരിച്ചതും കരിച്ചതും കൊടുത്ത് ആളാവുന്നതില്ലാ പുണ്യം. സക്കാത്ത് സങ്കടിതമായി കൊടുക്കണം. ഇസ്ലാമികമായി സക്കാത്തിന് അതിന്റെതായ സ്ഥാനമുണ്ട്. ഞാനൊന്നും പറഞ്ഞില്ല എന്നല്ല.
പുണ്യങ്ങളുടെ പൂക്കാലത്തില്‍ വിരലില്‍ എണാവുന്ന ദിനങ്ങള്‍ മാത്രം. ആയിര മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട രാവിനെ നേടാന്‍ ദൈവം എല്ലാ ലോകരേയും അനുഗ്രിക്കട്ടെ.
ശ്രദ്ധക്കു വേണ്ടി: ശബ്ദ മലിനീകരണം വലിയ പ്രശ്നമാണ്. പാലിയേറ്റീവിനു വേണ്ടിയുള്ള മുക്കം അങ്ങാടിയിലെ വിളിച്ചു പറയല്‍ യത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബ്ദം പ്രശ്നമുള്ള രോഗികള്‍ യാത്രക്കാരിലും കച്ചവടക്കാരിലുമുണ്ടെന്ന് മനസിലാക്കുമെന്ന് കരുതുന്നു. ഇതിലും എന്തെങ്കിലും പറഞ്ഞാല്‍ പാവപ്പെട്ടവന് കിട്ടുന്ന സഹായം ഇല്ലാതാവുമെന്ന് ഭയക്കുന്ന പാവം രോഗി മിണ്ടാതിരിക്കുന്നു.

July 13, 2011

നമ്പീശന്റെ മഴ പുരാണം


മഴക്കാലം എന്നത് യാത്ര മുടക്കിയാണെന്നാണ് നമ്പീശന്‍ എന്ന നമ്മുടെ തനി നാടന്‍ ഗ്രാമീണന്റെ അഭിപ്രായം. “പാണ്ടാരമടങ്ങാന്‍ ഒരു മഴ. എടങ്ങേറു പിടിപ്പിക്കുന്ന മഴ” എന്നു തുടങ്ങി നാട്ടിന്‍ പുറത്തും നഗരത്തിലും മഴക്കെതിരില്‍ ശാപ വാക്കുകള്‍ പലതുണ്ട്. എന്നാല്‍ മെയ്യ് അവസാനത്തോടെ എങ്ങാനും മഴയുടെ ലാചന കണ്ടിലെങ്കില്‍ അപ്പോള്‍ പഴി ചൂടിനാണ്. ചുരുക്കത്തില്‍ പണ്ട് കുരങ്ങ് നീര്‍കോലിയെ പിടിച്ച അവസ്ഥയിലുള്ള സംസാരവും പ്രവര്‍ത്തിയുമാണ് മനുഷ്യര്‍ക്ക്. വന്നാല്‍ വന്നതിന്റെ പ്രശ്നം പോയാല്‍ പോയതിന്റെ പ്രശ്നം
നടവഴിയിലുള്ള പ്ളാവിലെ പഴുത്ത ചക്ക് വീണ് വഴി വൃത്തി കേടായത്തിന്റെ കുറ്റവും നമ്പീശന്‍ ചാരുന്നത് മഴയിലേക്കാണ്. ചീരയുടെ വീടിന്റെ മുകളില്‍ തൂങ്ങി നിന്നിരുന്ന തേക്കിന്‍ കൊമ്പ് വീണ് വീടിന്റെ ഉത്തരം മുറിഞ്ഞതിന്റെ കാരണം മഴയും സര്‍ക്കാറുമാണെന്ന് നമ്പീശന്റെ പരാതി. എവിടെ മഴക്കാലമെന്നാല്‍ ഇങ്ങനെയെല്ലാമാണെന്ന് മുന്‍കരുതലില്ലാത്തതെല്ലേ സത്യത്തില്‍ പ്രശ്നം. പറഞ്ഞു തീര്‍ന്നില്ല നമ്പീശന് ദേഷ്യം വന്നു. മുഖം ചുവന്നു പീടിക കോലായില്‍ നിന്ന് എണീറ്റ് പുറത്തേക്കിറങ്ങി. കഷണ്ടി കേറി ശൂന്യമായ തലയില്‍ ആ ദിവസത്തേക്ക് ആ നാട്ടില്‍ അനുവദിച്ച കോട്ടയിലെ മഴയുടെ ആദ്യ കണം വന്നു വീണു. നമ്പീശന്റെ മുഖമൊന്നു കണേണ്ടതായിരുന്നു. വെള്ള മെന്നത് സത്യത്തില്‍ നമ്പീശനു ദേഷ്യമാണ്. കാരണം നമ്പീശന്റെ വീട് ഒരു വയലിന്റെ അടുത്താണ്. വെള്ളപൊക്കം വന്നാല്‍ സാധന ജങ്കമങ്ങള്‍ എല്ലാമെടുത്ത് പുതിയ ഇടതേടെണ്ടി വരും. ഇതു സത്യത്തില്‍ മഴക്കാലത്തേയും വെള്ള പൊക്കത്തേയും പാടി പുകഴ്ത്തുമ്പോള്‍ നമ്പീശനു ദേഷ്യം വരുന്നത്.
മഴതുള്ളി കിലുക്കം. എന്ന വാക്ക് കേട്ടാല്‍ നമ്പീശന്‍ ചോദിക്കും മഴതുള്ളിക്ക് എന്ത് കിലുക്കം പ്രേതത്തിന്റെ പാദസരത്തിന്റെ കിലുക്കം ആസ്വദിക്കാന്‍ ആരെങ്കിലും ഇഷ്ട്ടപ്പെടുമോ. എന്തൊക്കെയായാലും നമ്പീശന്‍ മഴക്കാലത്തിനായി കാത്തിരിക്കും കൃഷിയിറക്കാന്‍. എല്ലാത്തരത്തിലുള്ള വിത്തുകളും പണിയായുധങ്ങളുമായി. നമ്പീശനും മഴയും ഒരു ഒത്തു തീര്‍പ്പിലെത്തുന്ന ഏക വ്യവസ്ഥകള്‍ കൃഷിയുടെ കാര്യത്തിലും മഴക്കാലത്തില്‍ സജീവമാകുന്ന ചെറു തോടുകളില്‍ ചെറു മീനുകളെ കാണുമ്പോഴും തോട്ടില്‍ കളിക്കുന്ന കുട്ടികളെ കാണുമ്പോഴുമാണ്.
നമ്പീശന്‍ മഴക്കാലത്തിന്റെ സംഭവിക്കുന്ന തെറ്റുശരിയും പരതി അങ്ങനെ സഞ്ചരിക്കാറുണ്ട്. വെറുതെ ഒന്നിനെ കുറിച്ചും കുറ്റവും കുറവും മെച്ചവും പറയരുത് എന്നതാണ് നമ്പീശന്റെ തത്ത്വം. എല്ലാവരും ഇത്തരത്തിലാവണമെന്നതുമാണ് നമ്പീശന്റെ അഭിപ്രായം…….

May 2, 2011

ബാങ്കും ഇഖാമത്തും റൊക്കം ഉറുപ്പ്യേക്കു അഞ്ച്. കടം പറയരുത്.

മെയ്യ് ഒന്ന് ലോക തൊഴിലാളി ദിനം. നാടെങ്ങും തൊഴിലാളികള്‍ സന്തോഷ പൂര്‍വ്വം അവരുടെ ദിനം ആഘോഷിച്ചു. അവരുടെ അവകാശങ്ങളേയും ചുമതലകളേയും അവര്‍ ഒന്നു കൂടി മനസിലാക്കി. ഈ സന്ദര്‍ഭത്തിലാണ് എനിക്ക് എന്റെ നാട്ടിലെ ഒരു പള്ളിയിലെ ബാങ്ക് വിളി തൊഴിലാളിയുടെ പണി മുടക്കിനെ കുറിച്ചോര്‍മ്മ വന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുബ്ബഹി ബാങ്കിന്റെ വിളി ചെവിയില്‍ മുഴങ്ങുമ്പോള്‍ ഒന്നെങ്കില്‍ പുതപ്പിന്റെ അറ്റം പിടിച്ച് കൂടുതല്‍ ശരീരത്തിലേക്ക് വലിച്ചിടും. അലെങ്കില്‍ എണീറ്റ് പല്ലു തേപ്പ് കഴിച്ച് നമസ്ക്കാരത്തിനായി പള്ളിയിലേക്ക് യാത്രയാവും. ഈ രണ്ട് പ്രക്രിയയും നടന്നു കൊണ്ടിരുന്നത് വീടിന്റെ അടുത്തുള്ള പള്ളിയില്‍ നിന്നുള്ള ബാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇന്‍വെര്‍ട്ടര്‍ ഉള്ളതു കൊണ്ട് കറന്റെന്ന  സാധനം ഇല്ലെങ്കില്‍ പോലും ബാങ്കിന് ഒരു മുടക്കവും വരാറില്ല. എന്നാല്‍ ദിവസവും ഒരു നേരത്ത് ഉണരുന്നത് കൊണ്ടായിരിക്കാം ബാങ്കിന്റെ സമയമായപ്പോള്‍ ഞാനുണര്‍ന്നു. പള്ളി തൊട്ടു പിന്നിലായത് കൊണ്ട് വിടിന്റെ കിഴക്കു വശത്തുള്ള റോഡില്‍ പള്ളിയില്‍ പോകുന്നവരുടെ കുശുകുശുപ്പ് സംസാരങ്ങള്‍ ഇന്നു  ബാങ്ക് കേട്ടോ? ആളുകള്‍ പരസ്പരം ചോദിച്ചു കൊണ്ട് പള്ളിയിലേക്ക് നീങ്ങുന്നു. ഞാനും എണീറ്റു പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ ഭയങ്കര ചര്‍ച്ചയാണ് ബാങ്ക് വിളിയുടെ കൂലി സംബന്ധിച്ച പ്രശ്നത്തില്‍  പ്രതിഷേധിച്ച് മുക്രി ബാങ്ക് വിളിച്ചില്ല. എതായാലും പള്ളി പ്രസിഡണ്ട് ഉറങ്ങി പോയെങ്കിലും ഓടി കിതച്ച് വന്നു. മുമ്പ് പള്ളിയില്‍ വന്നവരില്‍ ആരോ പുറത്ത് നിന്ന് ബാങ്ക് വിളിച്ചിരുന്നത് കൊണ്ട് ഇഖാമത്ത് കൊടുത്ത് നസ്കാരം നിര്‍വ്വഹിച്ച് എല്ലാവരും മടങ്ങി.
അന്ന് വൈകുന്നേരം വീടിന്റെ അടുത്തുള്ള പീടിക തിണയില്‍ നാട്ടിലെ കുപ്പായ മിട്ടതും മിടാത്തതും തല നിരച്ചതും നിരക്കാത്തവരുമായ മുതിര്‍ന്ന പൌരന്മാരുടെ നുണ സദ്യയിലെ ഒരു വിഭവം ആ ദിവസത്തെ സുബ്ബഹി ബാങ്കായിരുന്നു. ഞാന്‍ പീടികയുടെ ചുറ്റുപ്പാടില്‍ നിന്ന് ചര്‍ച്ച ശ്രവിച്ചു. മുക്രി ബാങ്ക് ജോലിയില്‍ നിന്ന് മാറി നിന്നതിന്റെ പൊരുള്‍ വേറെയൊന്നുമല്ല ബാങ്കൊന്നിന് പണം കണക്കാക്കി മുക്രി പറഞ്ഞെങ്കിലും ഭരണ സമിതിക്ക് അതു അംഗീകരിക്കാന്‍ പറ്റിയില്ല. മുക്രി പറഞ്ഞ തുകയ്ക്ക് അവര് ബാങ്കും ഇഖാമത്തും ഇമാമ്മത്തിനും ആളെ കിട്ടുമെന്നു പറഞ്ഞത് മുക്രിക്ക് രസിച്ചില്ല. മുക്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. എന്നാലും അള്ളാഹുവിന്റെ ഒരു കാര്യത്തില്‍ മുക്രി മര്‍ക്കട ബുദ്ധി കാണിക്കുമെന്ന് പള്ളി കമ്മിറ്റി കരുതിയില്ലെന്നാണ്. നാട്ടിലെ നുണകളുടെയും പരദൂഷണങ്ങളുടെയും മൊത്ത കച്ചവടക്കാരായ മുതിര്‍ന്ന പൌരന്മാരുടെ ചര്‍ച്ചയില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയത്.
എന്നാലും നമ്മള് പടപ്പുകളുടെ ഓരോ കാര്യം അല്ലാഹുവായാലും ചെകുത്താനായാലും പണമാണ് എല്ലാത്തിനും വലുതെന്ന സത്യം എനിക്ക് ഈ പ്രശ്നത്തോടെ മനസിലായി. ഏതായാലും പല പള്ളികളിലും ഇപ്പോള്‍ ഹിന്ദി വാലകള്‍ ആണു. അവര് എപ്പോഴാണ് പണി മുടക്കുകയെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ തിന്നാനും കുടിക്കാനും മയ്യിത്ത് നമസ്കാരത്തിന് വരെ കൂലിക്ക് ആളെ വെക്കേണ്ടി വരും. നമ്മുക്ക് ഒന്നിനും ഒഴിവില്ല. സമയവുമില്ല. ശവമായി കിടക്കാനെങ്കിലും എനിക്കും നിങ്ങള്‍ക്കും ദൈവം സഹായിക്കട്ടെ.

February 7, 2011

മാമ്പഴക്കാലം

സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എന്നുപറഞ്ഞാല്‍ നേരം പുലരുന്നേയുള്ളു. കിടക്ക പായയില്‍ നിന്ന് എണീറ്റപ്പടി ഓടുകയാണ്. മാവിന്റെ ചുവടാണ് ലക്ഷ്യം. എല്ലാവരും വരുന്നതിന് മുമ്പ് എത്തിയാലേ. പഴുത്തു വീണ മാങ്ങ കിട്ടാന്‍ സാധ്യതയുള്ളു. നേരം വൈകിയാല്‍ പിന്നെ കിളിയും അണാനും തിന്നതിന്റെ ബാക്കിയാവുന്ന മാങ്ങയില്‍ ശരണം വിളിക്കേണ്ടി വരും. ഈ യാത്രയില്‍ പരിചയക്കാരും സുഹൃത്തുകളും ഒന്നുമില്ല. ആരായാലും കിട്ടുന്നതിന്റെ പങ്ക് കുറയും. പിന്നെ നേരം വൈകിയാല്‍ നല്ല ഏറ് വിദ്ധക്തരായ സുഹൃത്തുകളെ കൂടെ കൂട്ടിയാലെ കാര്യം നടക്കൂ. മാവിന്റെ അടുത്ത് താമസിക്കുന്ന വീട്ടുക്കാര്‍ക്ക് മാങ്ങാക്കാലം വലിയ ഭീഷണിയാണ്. കല്ല് അപ്രതീക്ഷിതമായി തലയിലും വീടിന് മുകളിലും പതിക്കാന്‍ സാധ്യതയുണ്ട്. എന്ന് മാത്രമല്ല ഇവരുടെ ഈ പ്രശ്നം മാങ്ങ വേട്ടയില്‍ ഞങ്ങള്‍ക്ക് പലപ്പോഴും വലിയ പ്രതിരോധം തീര്‍ത്തു. ഈ വീട്ടുക്കാര്‍ പലപ്പോഴും മാവിന് എറിയുന്ന ഞങ്ങള്‍ക്കെതിരെ കല്ലേറ് നടത്തും.
രാവിലെയുള്ള ഈ മാങ്ങ പെറുക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഉച്ച കഴിഞ്ഞുള്ള ഇളം കാറ്റുള്ള സമയമാണ്. അണാനും കിളികളും മാങ്ങയെ ഭക്ഷണമാക്കുമ്പോള്‍ താഴെ വരുന്ന മാങ്ങയിലും കാറ്റു വീഴ്ത്തുന്നവയേയും ചാടി പിടിക്കാന്‍ കാത്തിരിക്കുന്ന കുട്ടികളെ ആ വഴി കടന്നു പോകുന്ന മുതിര്‍ന്നവരും കുട്ടികളും വെറുതേ മാവിന്റെ ചുവട്ടിലേക്ക് കല്ലെറിഞ്ഞ് പറ്റിക്കും. ഇത്രയും ജഗ്രതയില്‍ ജീവിതത്തില്‍ ഈ കുട്ടികളാരും നിന്നിട്ടുണ്ടാവില്ല. ഒരു ഇല വീഴുന്ന ശബ്ദം പോലും അവര്‍ ശ്രവിക്കും.
അവധിക്കാലങ്ങളില്‍ ദിവസത്തിന്റെ മുക്കാല്‍ പങ്കും ഇത്തരത്തില്‍ മാവുകളുടെയും പറങ്കി മാവിന്റെയും ചുവട്ടിലായിരിക്കും. നാട്ടിലേയും മറു നാട്ടിലേയും മാവുകളുടെ മാമ്പഴക്കാലത്തെ ഉടമസ്ഥര്‍ പലപ്പോഴും ഞങ്ങള്‍ കുട്ടികളായി മാറും. മാവിന്റെയും പിന്നെ ഇത്തരത്തില്‍ ഫലം ലഭിക്കുന്ന മരങ്ങളുടെയും ഒരു വലിയ ലിസ്റ് എന്നും ഞങ്ങളുടെ അടുത്തുണ്ടാകും. ഓരോ മാവിലെ മാങ്ങയുടെ മധുരവും പുളിയും എല്ലാം കൃത്യമായി കുട്ടികള്‍ പരസ്പരം കൈമാറും.
എന്റെ വീടിന്റെ അടുത്ത് അന്ന് വളരെ സ്വതന്ത്രമായി മാങ്ങ പറിക്കാന്‍ അമ്പല പറമ്പിലേ കോമാവും ഇല്ലത്തക്കണ്ടി ഇമ്പിച്ചിതന്ന്യന്‍ (ഇച്ച്യന്യന്‍) ഇത്താരി എന്നിവരുടെ പറമ്പിലെ കോമാവും നാട്ടിലെ മാങ്ങാ ചമന്തിക്കും കറിക്കുമുള്ള മാങ്ങ തന്നു കൊണ്ടിരുന്നു. ഇത്താരിയുടെ പറമ്പിലെ മാവ് അവര് മുറിച്ചു. അമ്പല പറമ്പിലെ മാവ് ഇന്നുമുണ്ട്. പക്ഷേ കുട്ടികള്‍ക്ക് ആ മാവില്‍ നിന്ന് മാങ്ങ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അമ്പല പറമ്പിന് ചുറ്റും മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.
അമ്പല പറമ്പിലെ ഉളര്‍മാങ്ങ എന്നും ഒരു കൊതിയോടെ സ്വാപ്നത്തില്‍ വരുന്നതാണ്. അതില്‍ തൊടാന്‍ ആരും ധൈര്യം കാണിച്ചതായി കണ്ടിരുന്നില്ല. എന്റെ സുഹൃത്ത് ശബീര്‍ എന്ന സാഹസികനായ നാട്ടിലെ വലിയ ഏറുക്കാരന്‍ വളരെ സാഹസികമായി ഇതില്‍ നിന്ന് മാങ്ങ പറിച്ചതായി കേട്ടിട്ടുണ്ട്. അമ്പലത്തിന്റെ നടയിലായിരുന്നു ഈ മാവ്. ഈ മാമ്പഴക്കാലത്തിന്റെതായി ഒരു കളിയും ഉളതായി ഞാന്‍ ഓര്‍ക്കുന്നു. മാങ്ങയുടെ അണ്ടി എറിഞ്ഞുള്ള ഒരു കളിയുണ്ടായിരുന്നു.
പറങ്കിയണ്ടി പെറുക്കുക അത് അവധിക്കാലങ്ങളില്‍ മുളപ്പൊട്ടി വരുന്ന കുട്ടി പീടികയില്‍ കൊടുത്ത് മിഠായി വാങ്ങുക. പറങ്കിമാങ്ങ പെറുക്കി അതിന്റെ നീരെടുത്ത് ബുള്‍ബുള്‍ മിഠായി ഉണ്ടാക്കുക എന്നിങ്ങനെ തുടങ്ങി മാമ്പഴക്കാലം ആസ്വദിച്ചു തിന്നു കുടിച്ച കാലത്തിന്റെ ഓര്‍മയിലും ബുള്‍ബുള്‍ മിഠായിയുടെ മധുരത്തിനും ആ കാലത്തെ ആസ്വദിച്ച സുഹൃത്തുക്കളേയും മനസില്‍ ഓര്‍ത്തു കൊണ്ട് മാമ്പഴക്കാലത്തിന്റെ ഓര്‍മകള്‍ സമര്‍പ്പിക്കുന്നു.