![]() |
December 13, 2010
ഒരു മഞ്ഞു കാലം
December 1, 2010
ഓണത്തിനിടക്ക് ചില പുട്ടു കച്ചോടങ്ങള്‍.
തിങ്കളാഴ്ച വൈകുന്നേരം 6 മണി. ഇപ്പോള്‍ എന്താണെന്നറിയില്ല. 6 മണിക്ക് തന്നെ ഇരുട്ടു പരക്കുന്നു. പകല്‍ കുറവാണോ അതോ രാത്രി കൂടുതലാണെന്നോ അറിയില്ല. പ്രകൃതിയുടെ ഈ പ്രതിഭാസം തന്നെ സംശയത്തിന്റെ നിഴലിലാണെന്റെ മുമ്പില്‍. എന്തിനും എല്ലാവര്‍ക്കും സംശയമാണ്. ഈ സംശയങ്ങളെന്നു തീരുമെന്ന ചോദ്യത്തിന് ലോകാവസാനം വരെ, എന്നേ നമ്മുക്ക് ഇപ്പോള്‍ പറയാന്‍ പറ്റു. ലോകാവസാനത്തോടെ ദൈവസന്നിദ്ധിയില്‍ എത്തുമെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷത്തിന് വേണ്ടി പറയുമ്പോള്‍ "അവിടെയും മനുഷ്യന്റെ സംശയങ്ങള്‍ തുടരുമോ?.''എന്നതില്‍ ഞാനും സംശയത്തിലാണ്.
നമ്മുടെ വിഷയം ഇതുപോലെ ഉത്തരം കിട്ടാത്ത ഒന്നല്ല. എന്ന് തീര്‍ത്തു പറയാന്‍ വയ്യ. തിളക്കമുള്ള കോപ്പയിലെ ചൂടുള്ള ചായയും. പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തകളും. മലയാളത്തിന്റെ സുപ്രഭാതങ്ങളെ ഉന്മേശത്തിലാക്കുമ്പോള്‍. സ്ഥിരം വിഭവങ്ങളില്‍ കേരളീയനിഷ്ടം കുറച്ചു കാലം മുമ്പ് വരെ പീഡനമായിന്നെങ്കില്‍ കഥമാറിയിരിക്കുന്നു. നല്ല പരദൂഷണം, ഭീകരവാദം, ത്രീവ്രവാദം ഇവ മൂന്നും നല്ല കല്ല് വച്ച നുണയില്‍ സമം ചേര്‍ത്ത വിഭവമില്ലെങ്കില്‍ ഒരു ഗതികിട്ടാത്ത സ്ഥിതിയായിരിക്കുന്നു. അതിന് ഹരം പകരാന്‍ കുറെ മതേതരക്കാരും മനുഷ്യാവകാശക്കാരും പ്രാസ്ഥാനികരും പാര്‍ട്ടിക്കാരും പട്ടക്കാരും മത്സരിക്കുകയാണിവിടെ,.
മതവും ആദര്‍ശവും സിദ്ധാന്തങ്ങളും മനുഷ്യന് ലഹരിയായിരിക്കുന്നു. വേഗതയില്‍ ഓടുന്ന മനുഷ്യന്‍ അതിന്റെ അടിമയുമായിരിക്കുന്നു. നാട്ടിലെ പുതിയ പാര്‍ട്ടിക്കാരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അറിയാം എല്ലാലവര്‍ക്കും അവരുടെ വ്യക്തിപരമായ കാര്യത്തിനാണ് എല്ലാ പ്രസ്ഥാനങ്ങളും. എന്നിട്ട് എടുത്താല്‍ പൊങ്ങാത്ത ആദര്‍ശവും പറയുന്നു. പറയുന്നത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക ഇരുപത്തിയഞ്ച് ശതമാനമെങ്കിലും. (തുടരും)
ഓര്‍മകളിലെ ഒരു പെരുന്നാള്‍ തിരക്ക്.
സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ് പലരും. മറ്റു ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കുറച്ചു വില്‍പ്പനക്കാരുടെ ഊഹത്തിനാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം എവിടെയോ അടിച്ചു വീശി തുടങ്ങിയിരിക്കും. പുല്‍പറമ്പിലെ വയലില്‍ കെട്ടിയ ബലി മൃഗത്തെ കാണുമ്പോള്‍ തക്ബീറു ചെല്ലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വീട്ടില്‍ നിന്ന് ഞാന്‍ പോറ്റി വളര്‍ത്തിയ ഒരു മൂരി കുട്ടനെ ബലിയറുത്തു. ദൈവം ശരിക്കും ഈ പ്രവൃത്തിയിലൂടെ മനുഷ്യന്റെ അര്‍പ്പണ ബോധത്തെ തൊട്ടുണര്‍ത്തുകയാണെന്ന് എനിക്ക് ബോധ്യമായി. കഴുത്തില്‍ കത്തി വച്ചപ്പോള്‍ ആ മൃഗം മുഖത്തേക്ക് ഒരു നോട്ടം നോക്കി. മറക്കില്ല ആ കാഴ്ച. ദൈവ വിധിയാണ്. പുണ്യ പ്രവര്‍ത്തിയാണെന്നുള്ള ചിന്തയില്ലായിരുന്നെങ്കില്‍ ഞാന്‍ ആ ബലിമൃഗത്തിനെ അറുക്കാന്‍ അനുവദിക്കില്ലായിരുന്നു. ഇപ്പോഴുള്ള ബലി കര്‍മ്മങ്ങളില്‍ ഉരുവും ബലി അറുക്കുന്നവനും തമ്മില്‍ ബലി കര്‍മ്മം നടക്കുന്ന പറമ്പില്‍ വച്ച് കാണുന്ന ഒരു പരിചയം മാത്രമേ ഉള്ളു. ഫ്രിഡ്ജുള്ള വീടുകളുടെ അയല്‍പക്കങ്ങളില്‍ നിന്നും ഇറച്ചി കവറുകള്‍ കൂട്ടമായി വരുമ്പോള്‍ പിറുപിറുപ്പോടെയാണെങ്കിലും വീട്ടുക്കാര്‍ വാങ്ങി വയ്ക്കുന്നു. എല്ലാം സല്‍ കര്‍മമാണ്. കര്‍മത്തിന്റെ പുണ്യം പ്രവര്‍ത്തിയില്‍ ഇല്ലാതെയാവുന്നുവോ.
മഗ്രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയവര്‍ നമ്മോട് വിട പറഞ്ഞു പോയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്.
വാല്‍കഷ്ണം: ഒരു ബലി പെരുന്നാളിന് പേവുംതോട്ടത്തിലെ താഴത്ത് ഒരുക്കിയ ബലി അറുക്കല്‍ കേന്ദ്രത്തില്‍ ഒളിയത്തിന്റെ ഇറച്ചിയും കാത്ത് പെരുന്നാള്‍ തീര്‍ന്ന് പോയതിന്റെ വേദന കരഞ്ഞ് തീര്‍ത്തിട്ടുമുണ്ട്. ഇപ്പോള്‍ ഇറച്ചി വീടുകളില്‍ എത്തും. എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണിത്.
എന്റെ സുഹൃത്തുക്കളായ വായനക്കാര്‍ക്ക് ബലി പെരുന്നാല്‍ ആശംസകള്‍. നിങ്ങള്‍ക്ക് ആശംസകള്‍ എഴുതി തീര്‍ന്നതും എന്റെ സുഹൃത്ത് സബ് നു ഒരു ആണ്‍കുട്ടിയുടെ പിതാവായതിന്റെ സന്തോഷ വാര്‍ത്തയും എന്നെ തേടിയെത്തി. “അവന്‍ ഒരു ആണ്‍കുട്ടിയാവട്ടെ എന്ന് ഞാന്‍ ആശംസിച്ചു.
October 8, 2010
നെല്ലും പതിരും തിരിച്ചറിയുക......
അവന്‍ നടക്കട്ടെ കുട്ടികള്‍ നടന്നു പഠിക്കണം. എന്നിട്ടോ?. എന്ത്. ചുമാ. കഷ്ട്ടപ്പെടുക കഷ്ട്ടപ്പെടുത്തുക എന്നത് ഇപ്പോഴെത്തെ ഒരു രസമല്ലേ. എന്താണ് വല്ലവര്‍ക്കും എതിരഭിപ്രായമുണ്ടോ?. പെട്ടെന്ന് പറയണം. എനിക്ക് നമ്മുടെ നാട്ടിലെ ചില ജനസേവനത്തിനിറങ്ങി തല്ല് വാങ്ങി ഖേദിച്ചു നടക്കുന്നവരുടെയും ചെയ്തതിന്റെ കണക്ക് പറഞ്ഞ് ഹറാമായത് ഹല്ലാലാക്കുന്നതിന്റെയും കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. എന്താണ് മാഷേ ഒരു മാതിരി മാഷന്മാരെ പോലെ. പോട്ടെന്നേ!. വിട്ടു പിടിയെന്നേ.
തെരഞ്ഞെടുപ്പ് അടുത്തു. നാളെയോ മറ്റന്നളോ ജനത്തിന്റെ സന്തോഷവും പരാജയത്തിന്റെ തല കുനിച്ചുള്ള നടത്തവും കാണാനുള്ള സമയമായി. ഒരു സ്ഥാനാര്‍ത്ഥിയെ ഒന്ന് ഒറ്റക്ക് പൊരിക്കണമെന്ന് കരുതി. എത്തിയപ്പോള്‍ ഇടത്തും വലത്തും രണ്ടു പേര്‍ മലക്കാണെന്ന് കരുതരുത്. കാരണം മലക്കിന്റെ ചരിത്രം ഇപ്പോള്‍ കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നു. ഇപ്പോ. പള്ളിക്ക് പുറത്താണ് പൂരം. എനി നെല്ലിന് പകരം അടക്ക പറിക്കാം വേണമെങ്കില്‍ ശ്രീശാന്തും കളിക്കാം അലെങ്കില്‍ ദൈവത്തിന് ഒരു വീട്. നല്ല കാര്യം. നടക്കട്ടെ.
കേട്ടിലേ കോട്ടയത്തൊരു. മൂത്ത പുള്ളേച്ചന്‍ തൊണൂറു കഴിഞ്ഞപ്പോ. എന്തിനു പോയി. എന്നത് അവിടെ നിക്കട്ടെ. പെണ്‍ സ്ഥാനാര്‍ത്ഥികളെ തപ്പി പാര്‍ട്ടിക്കാര്‍ വീടും മലയും കയറി നടന്നു. ഒന്ന് ഒത്ത് വരുമ്പോള്‍ പെണ് കെട്ടുന്ന അതെ പരുവം. കാസററ് പരുന്ന ചില പ്രാസ്ഥാനികരെന്ന് നമ്മുടെ നല്ല ഒന്നാന്തരം ജനാതിപത്യ പാര്‍ട്ടിക്കാര് സഖടം പറയുന്നു. പിന്നെ ആരും അറിയാതെ ചില പെണ്‍ പുലികളെ ഗോദയില്‍ ഇറക്കി കാത്തിരിക്കുകയാണ് പാര്‍ട്ടിക്കാര്.
സത്യത്തില്‍ പിണറായിക്ക് മതക്കാരെ കാണുമ്പോള്‍ ഹാല്ല് ഇളക്കുന്നതിന് പറയാനില്ല. മനുഷ്യമാരെല്ലാം ഏതെങ്കിലും മതത്തിന്റെ ആളുകള്. മതത്തിന്റെ ആളുകളാണെങ്കില്‍ പണ വെച്ച് കളിക്കുന്ന അസല് കളിക്കാര്. പിന്നെ ബക്കററ് പിരിവോണ്ട് കട്ടനും പന്തവും ആഗോള വല്‍ക്കരണവും എല്ലാം പറഞ്ഞ് പാര്‍ട്ടി വളര്‍ത്തുമ്പോള്‍ മതക്കാരെ എങ്ങനെയെങ്കിലും ത്രീവ്രവാദത്തിലോ കൈവെട്ടിയോ ഒതുക്കുകയല്ലാതെ എന്ത് ചെയ്യും. ഗതിക്കേടു കൊണ്ടാണ് സഖാവേ. കൈരളിയും വിസ്മയയും കണ്ഡലും എല്ലാം നാളെത്തെ മൂലധനമല്ലേ.
ജനകീയം എന്ന വാക്ക് ഞാന്‍ സത്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ ചേന്ദമംഗല്ലൂര്‍ മുക്കം റൂട്ടില്‍ ഒരു ജനകീയ കൂട്ടായ്മയില്‍ ഒരു ബസ് ഇറക്കിയപ്പോയാണ്. സഹകരണ ബസ് സര്‍വ്വീസ് എന്ന പേരില്‍ ഇറങ്ങിയെങ്കിലും നാട്ടുക്കാരുടെ സഹകരണ കുറവോ ജനകീയ കൂട്ടായ്മയുടെ സഹകരണമോ അറിയില്ല. ബസ് വിററ് ഷെയറുക്കാര്‍ പണം വാങ്ങി പോയി. സമ്പത്തില്‍ മുങ്ങി കുളിക്കുന്ന ചേന്ദമംഗല്ലൂരുക്കാരുടെ ജനകീയമായ ഒരു കൂട്ടായ്മയുടെ ഗതിയാണിത്. ഇപ്പോള്‍ ആ നാട്ടിലെ ചിലരുടെ ബുദ്ധിയില്‍ വീണ്ടും ജനകീയത വളരുന്നു. പേടിക്കണം. പള്ളി വിട്ട് പാളയത്തില്‍ ഇറങ്ങുകയാണ്. ഇപ്പോള്‍ ജനപക്ഷത്താണെങ്കിലും ജനത്തിന്റെ ദുരിതങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍ വരുമോ എന്നത് കാത്തിരുന്നു കാണുക. പണ്ട് പണ്ടേ ഓരി വെച്ച് കവറില്ലിട്ടാണ് കൊടുക്കാറ്. ഇപ്പോ കഥ മാറി വരുന്നു. മുഴുവനായി കൊടുക്കാന്‍ നോക്കുന്നുണ്ട്. പക്ഷേ അന്ന് കവറിലാണെങ്കിലും ഉള്ളത് കീശയിട്ടാല്‍ മതിയായിരുന്നു. കാരണം ദദരിദ്രന്റെ അവകാശമാണെല്ലോ. എന്നാല്‍ ഇന്ന് മുഴുവന്‍ തന്നാല്‍ കൈ വിരല്‍ നീട്ടണം. അല്ലെങ്കില്‍ വിവരമറിയും.
വിവരത്തിന്റെ കാര്യം പറയാം. നമ്മുക്ക് ഒരുപ്പാട് സ്വപ്നങ്ങളുണ്ട്. എല്ലാം നടക്കണമെങ്കില്‍ കാശ് വേണം. പത്രങ്ങളെല്ലാം കാവികളുടെ പിടിയില്‍ അല്ലെങ്കില്‍ വിവരത്തില്‍ കമിയുള്ള പ്രസ്ഥാനക്കാരുടെ അടുത്ത് എല്ലാം ഒന്ന് പോളിച്ചടുക്കണം. പത്രം തുടങ്ങി. പത്രവും നാട്ടുക്കാരു വാങ്ങി വിജയിപ്പിക്കണം. എല്ലാം നമ്മള് മുമ്പും ചെയ്തതാണെല്ലോ. സഹിക്കാം. എന്നാല്‍ ഇവരു അങ്ങാടിയില്‍ ഇറങ്ങി നില്‍ക്കും എങ്ങോട്ടാ പോണതെന്ന് ചോദിച്ചാല്‍ ആകാശം നോക്കി ഒരു പോക്ക്. അത് അവിടെ നില്‍ക്കട്ടെ. ജനസേവനത്തിന് ഇറങ്ങാനും ഒരു പൂതി. എന്നാല്‍ അതിനും വേണം നമ്മള്. എന്നാല്ല് ഒരു കാര്യം പറയണം ഇവരെന്താണീ ഒളിക്കണത്. എനി എന്തെങ്കിലും പറഞ്ഞാല്‍ തീരും മുമ്പ് വരും അടി. അങ്ങനെ കിട്ടിയ അടിയില്‍ മനം മടുത്തവരുടെ ഒരു ജീവ ചിരിത്രമാണ് ഞാന്‍ മുമ്പ് പറഞ്ഞത്. എല്ലാം ഒരു രസത്തിലാണെങ്കിലും കയ്യില് ചെങ്കോലു കിട്ടിയാല്‍ കഥമാറില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റോ?.
കോണിയുണ്ട് കൈപ്പത്തിയുണ്ട് നല്ല കാലൂക്കുള്ള ഒരുത്തനെ വേണം ആ കൊടിയൊന്നു കെട്ടാന്‍. പാവം പിടിച്ച നമ്മുടെ ഖദറുകളുടെ കഥന കഥ പറയാതിരിക്കുന്നതാണ് നല്ലത്. തപ്പി തപ്പി പിടിച്ചത് തോടനെ എന്നാലും വേണ്ടില്ല. ഒന്നു പാകത്തിലാക്കി കിട്ടന്‍ കുറെ ചെമ്പ് എനിയും കയറ്റേണ്ടി വരും അടുപ്പില്. മതമൈത്രിയൊന്നും വിലപ്പോവില്ല. കേന്ദ്രത്തിന്റെ അടവ് നയമായിരിക്കും നല്ലത്. പ്രശ്നം വളരെ രസമാണ്. സാമ്പാറില്ലാതെ രസം മാത്രം ഒഴിച്ചുള്ള ചോറു തീറ്റി വലിയ രസമാണ്. ചെയ്തതുമില്ല എന്നാലെന്തെങ്കിലും ചെയ്യുമെന്നുമില്ല ജനത്തിനോട് എന്ത് പറയണമെന്നുമില്ല. മൊത്തത്തില്‍ പാമ്പ് ഇര വിഴുങ്ങിയ അവസ്ഥ. ചോറിനും നൂറിനും വോട്ടു വീണ കാലം മാറിയെന്നു മാത്രമല്ല. ആയിരത്തിനുമില്ല വോട്ട്.
പെണെ നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടും കൊണ്ട് ആറാട്ട്. പാട്ട് പഴയതാണ്. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ വെറുതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തോല്‍ക്കുമെന്ന് പ്രചരിപ്പിക്കൂ. ദരിദ്രന്റെയും കിടപാടമില്ലാത്ത തെണ്ടികളുടെയും ഇന്ത്യയെ ആര്‍ക്കു വേണം. ലക്ഷങ്ങള്‍ സംസാരിക്കുന്ന. ലക്ഷങ്ങള്‍ കൊണ്ട് അമാനമാടുന്ന. രാജ്യത്തിന്റെ ഭംഗി കൂട്ടാന്റെ തെരുവിന്റെ സന്തതികളെ നഗരത്തില്‍ നിന്ന് ആട്ടി അകറ്റി മുഖം മിനുക്കി. ഹാഫ് ട്രൌസറും ഹാന്‍ലെസ്സ് ബനിയനുമിട്ട് കോമണ്‍ വെല്‍ത്തില്‍ കോമണായി ചാടുന്നവന്റെ കൂരയിലും പലപ്പോഴും അരി വേവുന്നില്ല. കളിയല്ല കാര്യം ഗൌരവമുള്ളതാണ്. ഗള്‍ഫിന്റെ പ്രൌണ്ഢി നിലച്ചാല്‍ അരിയില്ലാത്തവരുടെ ലിസ്റ് വല്ലുതായിരിക്കും. ഓര്‍ക്കുക വല്ലപ്പോഴും. നെല്ലും പതിരും തിരിച്ചറിയുക. ശുഭം
October 1, 2010
യവനിക ഉയരുന്നു. മദ്ദളം കൊട്ടി തുടങ്ങി.
12,13 വാഡുകളില്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ എന്തു വികസനം സംഭവിച്ചു എന്നു ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. പ്രതികരിക്കാനും സമര്‍ദ്ദ തന്ത്രങ്ങള്‍ക്കും ജനങ്ങളെ പ്രാപ്തരാക്കി എന്നത് മാത്രമായിരിക്കും. എല്ലാ വികസനത്തിനും പിന്നില്‍ ജനത്തിന്റെ നിലവിളികളുണ്ട്. യു.ഡി.എഫ് മുമ്പു എന്താണ് ചെയ്തത് എന്ന് ചോദിച്ചാല്‍ അതിലും ഉത്തരത്തിന് മാറ്റം ഉണ്ടാവാന്‍ ഇടയില്ല.
ഈ സമയത്താണ് പുതിയതിനെ കുറിച്ച് പലരും ചിന്തിക്കുന്നത്. മോശം പറയാന്‍ പറ്റുമോ. പുതിയ ചിന്തകള്‍ ആരു ചിന്തിച്ചാലും. പുതിയ ചിന്താഗതിക്കാരുടെ വോട്ടില്‍ കയറിയവരെ നിയന്ത്രിക്കാന്‍ പറ്റാത്തവര്‍ക്ക് സ്വന്തം പ്രതിനിധിയെ എങ്കിലും അനുസരിപ്പിക്കാന്‍ പറ്റിയാല്‍ നല്ലത്. പണ്ടും ഇവര്‍ക്കു ജനങ്ങളുടെ മുന്‍മ്പില്‍ പതറിയതാ. ഇവരു ഒത്തിരി ജനസേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. അതു ഇല്ല എന്നു നമ്മള്‍ പറയുന്നത് കുറ്റമാണ്. ആടിനെ കൊടുത്തു. അടുത്ത വര്‍ഷം ആ ആടിന്റെ ഒരു കുഞ്ഞിനെ കമ്മറ്റിക്ക് തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയില്‍ നല്‍കി. എന്നാല്‍ ആടു പെറ്റു കുഞ്ഞിനേയും തള്ളയെയും വിറ്റു കാശാക്കി പുള്ളി പ്രസ്ഥാനവും മാറി. നിങ്ങളെ കാണുന്നതേ ദേഷ്യമാണെന്ന് പറഞ്ഞു.
അല്ലെങ്കിലും എന്തെങ്കിലും ചെയ്താല്ലേ പ്രശ്നമുള്ളു. ഓണമായാല്‍ കിറ്റുകളുടെ കാലമാണ്. മതമൈത്രിക്ക് വേണ്ടി. ചില കിറ്റുകള്‍ ജനസേവനത്തിനായി കൊടുത്തു. ആണ്ടില്‍ കൊടുത്താലും ആണ്ടിന് കൊടുത്താലും പ്രശ്നാമായി. കിറ്റുകളുടെ കഥ പറയുമ്പോള്‍ ഒരു തമാശ വീട്ടു പടിക്കല്‍ ഒരു കിറ്റുമായി ഒരു കുട്ടി എന്താ മോനേ ഇത് എന്ന് ചോദിച്ച് വീട്ടുക്കാരി കിറ്റ് വാങ്ങി. പിന്നാലെ വരുന്നു വീണ്ടും കിറ്റുമായി ഒരു കുട്ടി. വീട്ടുക്കാരി പറഞ്ഞു കിട്ടിയതാ. പക്ഷേ കുട്ടി വിട്ടില്ല. അതു നിങ്ങളു പ്രശ്നമാക്കണ്ട ഇത് ഗഫൂറു മാഷിന്റെ കിറ്റും മാറ്റോന്‍ തന്നത് ഹല്‍ഖന്റെതുമാണെന്ന്. കുട്ടിയുടെ വിവരണത്തില്‍ തൃപ്തിയില്ലാത്ത മട്ടില്‍ വീട്ടുക്കാരി ചോദിച്ചു. അല്ല ആരാ ഈ ഗഫൂറുമാഷും ഹല്‍ഖ താത്തീം. ഓല്ലു വല്ലാത്ത പൈസക്കാരു തന്നെ. സങ്കതി ലിസ്റ് മാറി കൊടുത്തതാണെങ്കിലും നിങ്ങളെ അറിയാത്ത നിങ്ങളറിയാത്ത ഇവരുടെ വോട്ടും വീഴണം പെട്ടിയില്‍ എന്നാലെ സങ്കതി പാളാതെ കരകയറൂ. (തുടരും................ )
September 30, 2010
തെരഞ്ഞെടുപ്പും തിരഞ്ഞു നടപ്പും
ജനത്തിന്റെ മദ്ധ്യസ്ഥ ശ്രമങ്ങലില്‍ എല്ലാം ഞങ്ങള്‍ മാത്രമേ കാര്യങ്ങള്‍ക്കും കയ്യൂക്കിനും പറ്റൂവെന്ന നിലപ്പാടില്‍ വോട്ടു തെണ്ടുന്ന മനുഷ്യാവകാശക്കാരും ഗോദയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ജനം ഭയത്തിന്റെയും പണത്തിന്റെയും ജനാതിപത്യത്തിന്റെയും നടുവില്‍ നട്ടം തിരിയുന്നു.
പലരുറെയും കണ്‍ഫ്യൂഷന്‍ വോട്ടാര്‍ക്കു നല്‍ക്കുമെന്നതിലല്ല. ആരു പരാജയപ്പെട്ടാലും ജനം വലയും എന്നതിലാണ്. പണ്ട് ജനാതിപത്യ പാര്‍ട്ടികള്‍ ജയിച്ചാലും തോറ്റാലും ജനത്തിന് വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ കഥ മാറിയിരിക്കുന്നു. പാര്‍ട്ടി പറഞ്ഞ് വോട്ടു ചെയ്താല്‍ ഫിത്വറുസക്കാത്തും ഒളിയത്തും പ്രവാസിയുടെ സഹായങ്ങളും എല്ലാം കിട്ടാക്കനിയാവും. അടിപിടി വ്യവഹാരങ്ങള്‍ക്ക് പഞ്ചായത്തിന് ആളെ കിട്ടാന്‍ നാടുമാറി പോകേണ്ടി വരും.
പൊറ്റശ്ശേരിയിലെ ഒരു പറ്റം ചെറുപ്പക്കാര്‍. വിവാദമായി മാറിയിരിക്കുന്നു. പ്രശ്നം കളിയാണെങ്കിലും കളിയായി തളാവുന്നതല്ല. ലളിതവും സുന്ദരവുമാണ്. കളിസ്ഥലമാണ് അവരുടെ പ്രശ്നം. പ്രശ്ന പരിഹാരത്തിന് സമര്‍ദ്ദ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണിവര്‍. സ്ഥനാര്‍ത്ഥികളുമായി സംസാരിക്കുക വോട്ടിന്റെ ഗതിവിഗതികളെ കുറിച്ച് ചര്‍ച്ചകള്‍ എല്ലാം പൊടിപൊടിക്കുമ്പോഴും ഭൂമി എവിടെ കണ്ടെത്തുമെന്ന ചോദ്യം അവശേഷിക്കുന്നു. പാതാളത്തില്‍ കണ്ടെത്താമെന്ന് അരും ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല. വയലില്‍ കണ്ടെത്തിയാല്‍ വെട്ടിനിരത്തലുക്കാര്‍ എത്തുമെന്നതും പണക്കാരായാല്‍ അവര്‍ക്കും പ്രശ്നമില്ല എന്നതും മാത്രമാണ് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത.
ആരു ജയിക്കുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. ആര്‍ക്കായാലും ഭൂരിപക്ഷം കുറയും. ചോറിന് ആളു കൂടിയാല്‍ വറ്റിന്റെ എണ്ണം പിടിക്കാന്‍ സുഖമായി. (തുടരും................ )
ഒരു മഴ കുളിര്
മഴക്ക് കനം കൂടിയാല്‍ മലയോരത്ത് എവിടെയെങ്കിലും ഉരുള്‍പൊട്ടല്‍ വരും. ചുറ്റുപാടുമുള്ള വയലുകളുംഅങ്ങാടികളും വെള്ളത്തിനടിയില്‍. സ്കൂളുകള്‍ക്ക് അവധി. പിന്നെ പാണ്ടി കളിയുടെ വരവാണ്. വാഴത്തോട്ടങ്ങള്‍ക്ക് ഒരു ഭീഷണിയായി. ഞങ്ങള്‍ വെള്ളത്തിന്റെ അടിയിലൂടെ കത്തിയുമായി എത്തും. വാഴത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ പലപ്പോഴും പറ്റുന്ന രീതിയില്‍ നല്ല കുലകളും മറ്റു കൃഷികളിലുമുള്ള ഫലങ്ങള്‍ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ബാക്കി ഉള്ളതിന് കാവലിരിക്കും. വെള്ളത്തിന്റെ മുങ്ങാന്‍ കുഴി ഇട്ട് വഴയുടെകടക്കല്‍ കത്തിവെച്ച് കുറച്ച് മാറി നില്‍ക്കും. അല്‍പ്പം കഴിയുമ്പോള്‍ വാഴ സാവധാനം മറിഞ്ഞു വീഴുമ്പോള്‍വലിച്ചെടുത്ത് ശീമകൊന്നയുടെ തണ്ട് വാഴ തടയില്‍ തുളച്ച് കയറ്റി നിര്‍മ്മിക്കുന്ന പാണ്ടികളില്‍ സ്ളീപ്പറും സെമിസ്ളീപ്പറും എല്ലാം ഉണ്ട്. പാണ്ടിയില്‍ കിടന്ന് പോകുന്നതും നിന്നും ഇരുന്നും പോകുന്നതും ഒറ്റ തടയില്‍ നീന്തിമറ്റുള്ളവരുടെ പാണ്ടി കയറി പറ്റുന്ന നുഴഞ്ഞു കയറ്റക്കാരും ഗള്‍ഫുക്കാരുടെ ബോട്ടുകളും നാട്ടിലെട്രൈവര്‍മാരുടെ ടൂബുകളും എല്ലാം വെള്ള പൊക്ക കളിലിലെ സ്ഥിരം കാഴ്ചകള്‍.
വെള്ളം കയറിയാല്‍ പിന്നെ കോലു കുത്തി വെള്ളത്തിന്റെ ജല വിധാനം രേഖപ്പെടുത്തുക എന്നത് ചിലരുടെകുത്തകയാണ്. അതിന്റെ പിന്നില്‍ ചില മടിയന്‍ കഥകളുമുണ്ട്. സ്കൂള്‍ നാളെ തുറക്കുമോ അതോ കൂടുതല്‍നീളുമോ എന്നത് കണക്കാക്കുന്നത് വെള്ളത്തിന്റെ കയറ്റവും ഇറക്കവും നോക്കിയിട്ടാണ്. രാത്രികളില്‍ വെള്ളംകയറിയ ഏതെങ്കിലും പറമ്പിലും കയറ്റി പാണ്ടി നിര്‍ത്തി പോകും. പക്ഷേ രാത്രിയില്‍ വെള്ളം ഇറങ്ങി പോകും. ഏറെ വിഷമത്തോടെ വെള്ളം ഇറങ്ങി പോയ പാടത്തെ നോക്കി നില്‍ക്കുന്ന കുട്ടികളുടെ വിഷമം. പോയ വെള്ളപൊക്കത്തെ ഓര്‍ത്തായിരിക്കില്ല. സ്ക്കൂളില്‍ പോകുന്നതിനെ കുറിച്ചായിരിക്കും.
September 29, 2010
കുട്ടിക്കാല കളികളുടെ ഓര്‍മ്മയില്‍
പൊറ്റശ്ശേരി ചെറുകുന്ന് അമ്പലത്തിങ്ങല്‍ തുടങ്ങിയവയുടെ നടുവിലുള്ള വായലിലേക്ക് കണ്ണങ്ങര, കൊരങ്ങാപറമ്പിലേയും കൊളങ്ങരക്കണ്ടിലേയും ഇല്ലത്തക്കണ്ടിലേയും കൂട്ടമായി ഇറങ്ങുന്ന കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടുന്നത് കണ്ട് നില്‍ക്കുന്ന മുതിര്‍ന്നവരേയും വൈകുന്നേര കാഴ്ചയായിയായിരുന്നു.
രസകരമായി കളി തുടരുമ്പോള്‍ ആര്‍ക്കെങ്കിലും വല്ല രസക്കേടും തോന്നിയാല്‍ പിറ്റേന്ന് കളി മുടങ്ങും. കളി മുടക്കുക എന്ന സമര മുറയുമായി പ്രതിഷേധക്കാര്‍ എത്തും. ഫുട്ബോള്‍ കളിച്ചു കുറച്ചു കഴിയുമ്പോള്‍ കുറച്ച് പേര്‍ക്കു തോന്നും ക്രിക്കറ്റ് മതി എന്ന്. പോരെ പൂരം പിറ്റേന്ന് ഫുട്ബോള്‍ മുടക്കാന്‍ പല പണികളും എതിര്‍ പാര്‍ട്ടി ചെയ്യും. കൂടുതലായും ഫുട്ബോള്‍ ഏതെങ്കിലും ഒരു കുട്ടിയുടെതായിരിക്കും അവനെ ഭീഷണിയില്‍ നിര്‍ത്തും. അല്ലെങ്കില്‍ അവനെ ഭാഗം ചേര്‍ക്കും. അതൊന്നും വിലപ്പോയില്ലെങ്കില്‍ അടുത്ത അടവാണ്. കളിസ്ഥലത്ത് ചില്ലു വിതറിയിട്ടുണ്ട് എന്ന് വാര്‍ത്ത പ്രചരിപ്പിക്കുക. അതുമല്ലെങ്കില്‍ വയലിന്റെ ഉടമ കളിക്കരുത് എന്ന് പറഞ്ഞു എന്ന് പറഞ്ഞ് പരത്തുക.
അവധിക്കാലത്തിന്റെ ഓരോ ആഴ്ചയിലും കളികളുടെ രൂപം മാറി വരും. മെയ്യ് അവസാനത്തില്‍ പലപ്പോഴും മഴ തുടങ്ങും. അപ്പോള്‍ കളികള്‍ പാടത്ത് നിന്ന് കരയിലേക്ക് കയറും പിന്നെ ചുള്ളിയും കോലും, പമ്പരത്തേറ് തുടങ്ങി കളികള്‍ ചെറിയ കളിസ്ഥലങ്ങളില്‍ ഒതുങ്ങും. അവധിക്കാലത്തിന്റെ അവസാനത്തില്‍ കടന്നു വരുന്ന ഗോട്ടി കളി സ്കൂള്‍ തുറന്നാലും. സ്കൂളിലേക്കൂള്ള യാത്രയിലും. സ്ക്കൂളിലേ ഒഴി സമയങ്ങളിലുമായി കളി നടക്കും. ഇറാഖ് യുദ്ധ സമയത്ത് രാജ്യം കളി, രക്ഷ കളി തുടങ്ങിയ യുദ്ധ കളികളും പ്രചാരത്തില്‍ വന്നു. പട്ടം പറത്തലിലും വിനോദം കണ്ടെത്തി.
അവധിക്കാല സുഹൃത്ത് കൂട്ടായ്മകള്‍ രാവിലെ മുതല്‍ വെയിലിന്റെ കാഠിന്യം കുറയുന്നത് വരെ ചെറിയ പന്തല് കെട്ടി. മുക്കത്തെ തമിഴരുടെ കടയില്‍ നിന്ന് വാങ്ങുന്ന അണാച്ചി മിഠായി എന്നറിയപ്പെടുന്ന ജോക്കര, അരുള്‍ജോതി, തേന്‍കുളരി, ബുള്‍ബുള്‍ മിഠായി, പുളിയച്ചാറ്, പുളിയാച്ചാര്‍ പൊടി എന്ന് തുടങ്ങി മിഠായികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ പറങ്കി അണ്ടിക്കും പത്തു പൈസ ഇറുപത് പൈസ തുങ്ങിയ നാണയങ്ങള്‍ക്ക് കൈ നിറയെ വാങ്ങി മിഠായി രസം നുണഞ്ഞ് കാടും മലയും കയറി ആടിനേയും പശുവിനേയും തീറ്റി നടന്ന് പറങ്കിമാവിന്റെ മുകളിലും മാവിന്റെ ചുവട്ടിലും സമയം തള്ളി നീക്കി. സമയം വൈകുന്നേരം മൂന്നു മണിയോടു അടുത്താല്‍ വയലില്‍ എത്തി വെയിലില്‍ നിന്ന് രക്ഷ നേടാന്‍ ഏതെങ്കിലും വാഴ തോട്ടത്തിന്റെ മറവില്‍ ഇരുന്നു. പാടത്തെ ചളികൊണ്ട് നിര്‍മിക്കുന്ന രൂപങ്ങള്‍ കുറ്റി കാടുകളുടെ മറവിലെ തണലില്‍ വച്ച് ഉണക്കി എടുത്ത് കഴിഞ്ഞ വര്‍ഷം സ്കൂളിലെ വാട്ടര്‍ കളര്‍ എടുത്ത് നിറം കൊടുത്തു വലിയ സംഭവമായി കൊണ്ടു നടക്കും.
അടുത്ത വാഴത്തോട്ടത്തിലേക്ക് പോകുന്ന പാടത്തെ വെള്ള ചാലുകള്‍ കെട്ടി നിര്‍ത്തി തുമ്പ പൂവിന്റെ അടര്‍ത്തുന്ന ഭാഗത്ത് ഒരു വയലറ്റ് പൂ ഘടിപ്പിച്ച് താറാവിനെ ഇട്ടു കളിക്കുക. പാട വരമ്പിന്റെ കീഴ്ഭാഗത്ത് കാണുന്ന ഞണ്ടിന്റെ മടയിലേക്ക് വെള്ളം കടത്തി വിടുക. കുറെ കഴിയുമ്പോള്‍ വരുന്ന വാഴത്തോട്ടത്തിന്റെ ഉടമസ്ഥന്റെ ചീത്ത കേട്ട് ഓടുക എല്ലാം ഒരു ഹരമുള്ള കലാപരിപാടികള്‍. മഴ തുടങ്ങുന്നതോടെ തുടറങ്ങുന്ന വെള്ളം കയറിയ പാടത്ത് ഫുട്ബോള്‍ കളിക്കുക. വഴുതി വീഴുക. കൈ കാല്‍ മുറിയുടെ പിറ്റേന്ന് കാഴ്ചക്കാരനായി കഴുത്തില്‍ മാല തൂക്കി നില്‍ക്കുമ്പോള്‍ കുട്ടികള്‍ ഒരു സഹതാപത്തോടെ നോക്കി ചിരിക്കും. ചൂണ്ടയില്‍ തവള ചുഞ്ഞിനെ കോര്‍ത്ത് കൊക്കിനെ പിടിച്ച് തിന്നുക. കൂടകെണി, ചവിട്ടു കെണി എന്നിവ കാട്ടില്‍ വെച്ച് പക്ഷികളെ പിടിച്ചു തിന്നുക. മുളക് പുരട്ടി വറുത്ത ചിതലകാടയുടെ ഇറച്ചിയുടെ രുചി ഇപ്പോഴും നാവിലുണ്ട്.
മഴകാലത്തോടെ സജീവമാകുന്ന പൊറ്റശ്ശേരി തോട്ടില്‍ ചാടി തൊട്ടുക്കളിക്കുകയെന്നത് ഒരു മഴക്കാല വിനോദമായി നില്‍ക്കുന്നു. പറമ്പിലെ മണ്ണിരയെ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്ത് മീന്‍ പിടുത്തവും ചെറിയ വല ഉപയോഗിച്ച് പാടം ഊറ്റുകയും കിട്ടാത്ത മീനുകള്‍ക്ക് എപ്പോഴും വലിയ വലിപ്പവും ആളുടെ കയ്യില്‍ ചെറിയ പരകളും കാണും. ഈ പരിപാടി ട്രാക്റ്റര്‍ വയലില്‍ ഇറങ്ങുന്നവരെ തുടരും.
വയലുകള്‍ പലതും മണ്ണിട്ട് നികത്തി കവുങ്ങിന്‍ തോട്ടങ്ങളായി. പുതു തലമുറയിലെ കുട്ടികള്‍ കാലത്തിനൊപ്പം വളര്‍ന്നു. അവര്‍ക്കിന്ന് വലിയ കളികള്‍ മാത്രമേ അറിയൂ. അവരിന്ന് വലിയ കളികള്‍ക്ക് വലിയ കളിസ്ഥലത്തിനായി മുറവിളി കൂട്ടുന്നു. അവരുടെ കാലത്തിന്റെ കളികള്‍ക്ക് വലിയ സ്ഥലങ്ങള്‍ വേണം. എവിടെയും ജനങ്ങള്‍ നിറഞ്ഞു. അവരുടെ വലിയ വലിയ മണി മന്ദിരങ്ങള്‍ കെട്ടി പൊക്കാന്‍ തന്നെ സ്ഥലമില്ലാത്തപ്പോള്‍ ഇവരുടെ മുറവിളികള്‍ ആരു കേള്‍ക്കാന്‍.




