August 26, 2011

ഓര്‍മകളിലെ ഒരു പെരുന്നാള്‍.

സൂര്യന്‍ പടിഞ്ഞാറില്‍ ഊള്ളിയിടുന്നു. ഞാന്‍ ചില സുഹൃത്തുകളും പുല്‍പറമ്പിലെ മാണിയുടെ ഇറച്ചി കടയില്‍ തൂക്കിയിട്ട പോത്തിന്റെ കൊറുവിന്റെ ഭംഗി നോക്കി. “എനിക്ക് ഒരു കിലോ” എന്ന് ആവര്‍ത്തിച്ച് അവര്‍ത്തിച്ച് പറഞ്ഞ് ഇറച്ചിയുടെ ലഭ്യത ഉറപ്പാക്കുന്ന തിരക്കിലാണ്. ചിലരാകട്ടെ നാട്ടിലെ മനുഷ്യരുടെ ഇറച്ചി വെട്ടുന്ന തിരക്കിലാണ്. എല്ലാം നല്ല തകൃതിയിലാണ്. മോലിയാക്കയുടെ വീട്ടില്‍ നിന്ന് മടക്കത്തില്‍ മൈലാഞ്ചി പറിക്കണം. കബീറാക്കയുടെ കടയില്‍ നിന്ന് പുതിയ കുപ്പായം തുന്നിയതും വാങ്ങണം. എനിക്ക് അങ്ങനെ അല്ലറ ചില്ലറ പണികളുണ്ട്.
“അല്ല, സത്യത്തില്‍ നാളെ പെരുന്നാള് ആകുമോ.” ആളേ എനിക്ക് അത്ര പരിചയമില്ല. എന്നാലും അയാളുടെ ആ സംശയം എനിക്കുമുണ്ടായിരന്നു. “പിന്നെ നാളെ ആയില്ലെങ്കില്. ചേന്ദല്ലൂരും മുക്കത്തും എല്ലാരും അറുത്തീണ്”. എന്തായാലും നാളെ തന്നെ പെരുന്നാള്.” അവിടെ കൂടി നിന്ന ഒരു പെരുത്ത മനുഷ്യന്‍ പറഞ്ഞു. അയാളുടെ വലിപ്പം കണ്ടിട്ടോ എന്നറിയില്ല, ആരു മറത്ത് ഒന്നും പറഞ്ഞില്ല. പെരുന്നാള്‍ നാളെയാകുക എന്നത് അയാളുടെ മാത്രമല്ല. ഇറച്ചി വാങ്ങിയവരുടെയും വാങ്ങാന്‍ നില്‍ക്കുന്ന ഞങ്ങളുടെയും ആവശ്യമായി മാറിയിരുന്നു. ഇപ്പോഴും എന്റെ സംശയം പിറവി കാണുന്നതിന് അനുസരിച്ചാണോ അതോ കച്ചവടക്കാരുടെ താല്‍പ്പര്യത്തിലാണോ പെരുന്നാള് ഉറപ്പിക്കുന്നതെന്നാണ്.
ഇറച്ചി വാങ്ങി വിരയില്‍ തൂക്കി. തിരിച്ചുള്ള നടത്തത്തില്‍ വേഗത കൂടുതലായിരിക്കും. പെരുന്നാളിന്റെ ഒരു നറുമണം  അടിച്ചു വീശി തുടങ്ങിയിരിക്കും. മഹ് രിബ് നമസ്ക്കാരത്തോടെ തുടങ്ങുന്ന തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ നിന്നുയരുമ്പോള്‍ എവിടെയും പെരുന്നാളിന്റെ ആഘോഷങ്ങള്‍ തുടങ്ങുകയായി. കുട്ടികള്‍ കൂട്ടമായി വന്ന് പള്ളിയില്‍ തക്ബീര്‍ ഏറ്റു ചൊല്ലുന്നു. തറയിട്ട കാഞ്ഞിരത്തിങ്ങല്‍ ഉമ്മറാക്കയുടെ തക്ബീറിന്റെ മാധുര്യം ഇന്നും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. വെസ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ അന്‍സാറില്‍ ഏറ്റവും സുന്ദരമായി തക്ബീര്‍ ചൊല്ലി എല്ലാവരുടെയും മനസില്‍ ഇടം നേടിയ ഉമ്മറാക്ക. പിന്നെ നമ്മുടെ വലിയക്കണ്ടത്തില്‍ മുസ്തഫയുമായിരുന്നു. താളത്തിലുള്ള തക്ബീല്‍ വിളി കേള്‍വിക്കാരനും കൂടെ ഏറ്റു ചെല്ലുന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജം പകര്‍ന്നിരുന്നു.
അക്കിരടത്തില്‍ അബ്ദുറഹിമാന്റെ കുട്ടികളുടെ കളിസാധന പീടിക കുട്ടികളായ എന്റെയും സുഹൃത്തുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. വിരിയുന്ന പൂവും തമ്മില്‍ കൊത്തുന്ന കോഴിയും കമ്പില്‍ ചാടിയിറങ്ങുന്ന കുരങ്ങനും, ബലൂണും കാറും ബസ്സും ലോറിയും എല്ലാം ഒരു പത്ത് ഇരുപത്തിയഞ്ചു രൂപയ്ക്ക് വാങ്ങാവുന്ന ഒരു അപൂര്‍വ്വ കമ്പോളം. കാലങ്ങള്‍ മാറിയപ്പോള്‍ വാട്ടര്‍ ബലൂണും റിമോര്‍ട്ട് കാറും രംഗം കീഴടക്കിയപ്പോള്‍ ഇരുപത്തിയഞ്ചില്‍ നിന്ന് നൂറുകളിലേക്ക് കുട്ടി കമ്പോളം വികസിച്ചു.
കാലത്തിന്റെ മാറ്റത്തില്‍ ഞാനും പെരുന്നാളിനെ ഒരു കച്ചവട കണോടെ നോക്കി തുടങ്ങി. സിപപ്പ് എന്ന കവറിലെ ഐസ്. കച്ചവടത്തിലൂടെ ഞാനും പെരുന്നാള്‍ പണം കണ്ടെത്തി തുടങ്ങി. തേങ്ങാ പാലുകൊണ്ട് തീര്‍ത്ത പാല്‍ ഐസ്സും മുന്തിരിയില്‍ തീര്‍ത്ത ഐസ്സും വിറ്റ് പള്ളി വിട്ട് ആളുകള്‍ നീങ്ങുമ്പോയേക്കും എന്റെ വ്യാപാരവും തീരും. പിന്നെ തറവാട്ടില്‍ ചെന്ന് ഭക്ഷണത്തിന് ശേഷം. കുടുംബ വീടുകളിലേക്ക് പുറപ്പെടുന്ന ഏതെങ്കിലും കൂട്ടത്തില്‍ ചേര്‍ന്ന് കുടുംബ സന്ദര്‍ശനത്തോടെ പെരുന്നാള്‍ ആഘോഷത്തിന്റെ കാര്യ പരിപാടിയിലേക്ക് കടക്കും. കുട്ടികാലത്തെ ആഘോഷത്തിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ഇപ്പോഴും ആഘോഷങ്ങളില്‍ ഞാനുണ്ടാവാറുണ്ട്
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ ഖുതുബയുടെ അവസാനത്തോടെ തന്നെ പുറത്തിറങ്ങും ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ എണീറ്റു പോരുന്നതിന് ഒരു കാരണവുമായി. റബര്‍ ബാറ്റില്‍ കെട്ടിയ ബലൂണിന്റെയും പീപിയുടെയും വിളികള്‍ കുട്ടികളെ പുറത്തേക്ക് അകര്‍ഷിക്കും. പള്ളിയില്‍ നിന്ന് അല്ലാവരും പുറത്തിറങ്ങിയാല്‍  എല്ലാവര്‍ക്കും ആശംസകള്‍ ചൊല്ലി വിശേഷങ്ങള്‍ തിരക്കി. ചുറ്റി തിരിയും. പ്രവാസിക പള്ളിയുടെ അടുത്തുള്ള ഉമ്മയുടെ വീട്ടില്‍ ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തി വീണ്ടും പള്ളിയുടെ അടുത്ത് വരും സുഹൃത്തുക്കളുമായി അമ്പലത്തിങ്ങല്‍ ബഷീറിന്റെ വീട്ടില്‍ തുടങ്ങുന്ന വീടു സന്ദര്‍ശനങ്ങള്‍ കണ്ണങ്ങര ഫജുറുവിന്റെയോ സനു ശിഹാബിന്റെയോ വീട്ടില്‍ അവസാനിക്കുന്നത്. പുതിയ പെരുന്നാള്‍ ആഘോഷങ്ങള്‍. ഇപ്പോള്‍ പെരുന്നാള്‍ ദിനത്തിലെ പള്ളി പരിസരത്തെ കൂട്ടം കൂടലില്‍ പ്രവാസികള്‍ക്ക് നല്ല ഡിമാന്റാണ്. റംസന്‍ പിരിവിന് കിട്ടാത്തവരാണെങ്കില്‍ അവരെ പിടി കൂടാന്‍ നില്‍ക്കുന്നവരും പരിചയം പുതുക്കുന്നവരും എല്ലാം സ്ഥിരം കാഴ്ചയായിരിക്കുന്നു.
പള്ളി പരിസരത്തെ കൂട്ടം ചെറിയ ചെറിയ കൂട്ടങ്ങളായി നീങ്ങി തുടങ്ങും. പള്ളി പൂട്ടി നമ്മുടെ ആലിയാക്ക പുഞ്ചിരി തൂകി  കുശലം പറഞ്ഞ് നടന്നു നീങ്ങുന്നതോടെ പള്ളിയിലും പരിസരത്തുമുള്ള ആഘോഷങ്ങള്‍ക്ക് അവസാനമാവും. പള്ളിയില്‍ നിന്ന് ആലിയാക്ക വിരമിച്ച ഒരു പെരുന്നാളിന് അദ്ദേഹത്തെ കുറിച്ച് കൂട്ടായ്മ പൊറ്റശ്ശേരി ഒരു സപ്ളിമെന്റ് പ്രസിദീകരിച്ചിരുന്നു. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരേയും പുഞ്ചിരിയോടെ എതിരേറ്റ "പുള്ളത്തിയുടെ മനസായിരിക്കണം മനുഷ്യനെന്ന് '' പറയാറുണ്ടായിരുന്ന ആലിയാക്ക ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു.    പള്ളിമുക്രിയെന്ന വാക്കിന് പകരം "ആലിയാക്ക''യെന്ന് മാറ്റിയ സ്നേഹ നിധിയായ കാരണവര്‍. ഒരു സമൂഹത്തിന് മുഴുവന്‍ നല്ലത് മാത്രം പറയാനുള്ള ഒരു മനുഷ്യന്റെ പേര്  നാട്ടുക്കാരുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഞാനോര്‍ക്കുന്നു. പൊറ്റശ്ശേരിയിലെ മസ്ജിദുല്‍ ഫത്തിഹിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍  മുക്രിയാരാണെന്നതിന് പകരം നാട്ടുക്കാരു ചോദിച്ചത് ഈ പള്ളിയിലെ ആലിയാക്ക ആരാണെന്നായിരുന്നു. പേവുംതോടത്തില്‍ കോയസനാക്ക ഉമ്മറാക്ക എല്ലാവരും സന്തോഷകരമായ ഓര്‍മ്മകളില്‍ നിറയുന്നു. അല്ലാഹുവിലേക്ക് മടങ്ങിയ ഇവര്‍ക്ക് ദൈവം സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്നേഹ ബന്ധങ്ങള്‍ പുതുക്കാനും എന്നും പെരുന്നാള്‍ ദിനങ്ങള്‍ മുതല്‍ കൂട്ടാണ്. എല്ലാവര്‍ക്കും സന്തോഷകരമായ ഈദുല്‍ ഫിത്വര്‍ ആശംസകളോടെ..................

August 23, 2011

പുണ്യ പിരിവിന്റെ പൂക്കാലം



പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ അതിന്റെ ഇരുപത് ദിനങ്ങള്‍ പിന്നിട്ട്. എനിയുള്ള പത്തിലേക്ക് എത്തിയിരിക്കുന്നു. ക്ഷമിക്കണം ഒരു തിരുത്തുണ്ട്. വ്യാപാരി വ്യവസായി മത നേതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോധിക്കും പോലെ. റംസാന്‍ മാസ പിറവിക്ക് വലിയ കോലാഹലമൊന്നും കണ്ടില്ല. എല്ലാവര്‍ക്കും ദൈവ രക്ഷയുണ്ടാവട്ടെ. ശവ്വാല്‍പിറ കാണുകയാണെങ്കില്‍ ഗള്‍ഫും ഇന്ത്യയുമായി ഒന്നര മുതല്‍ നാലു വരെ മണിക്കൂറിന്റെ വ്യത്യാസമുണ്ട്. അതു കൊണ്ട് ഒരു ദിവസത്തിന്റെ മാറ്റം ചിലപ്പോള്‍ സംഭവിക്കാം. നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാര്യങ്ങള്‍ നമ്മള്‍ കാത്തിരുന്നു കാണുക. ‘പിറ’ കാണാതെ നോമ്പായാലും പെരുന്നാളായാലും പാടില്ല. വിശ്വാസ സംരക്ഷണം. മനുഷ്യവകാശത്തില്‍ പെട്ടതാണ്.
റംസാന്‍ ആയതിന് ശേഷം ഏതു വീട്ടിലും ചെന്ന് വിളിച്ചാല്‍. പ്രത്യേകിച്ച് നമ്മുടെ കൈവശം വല്ല പുസ്തകവും കണ്ടാല്‍ വീടിന്റെ ഉള്ളില്‍ ഒരു ശബ്ദം കേള്‍ക്കും “മൂപ്പര് ഇവടെല്ല. നാളെ വന്നോളി”.പൂക്കാലത്തിലെ പിരിവുക്കാരെ പേടിച്ചാണ് ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുന്നത്. പള്ളികളില്‍ ഇടത്തും വലത്തും പിരിവാണ്. പിരിവെടുക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. കാരണം പതിനൊന്ന് മാസവും സ്വന്തത്തിനും ഒരു മാസം പടച്ചോനും എന്ന നിലയില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ കിട്ടിയ സീസണിനെ ലാഭകരമാക്കുക എന്ന കച്ചവട തന്ത്രം പ്രയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. തെറ്റ് ഇവിടെയല്ല ചില യത്തിംഖാന പിരിവുക്കാരുണ്ട് പണക്കാരനും പാവപ്പെട്ടവനും ഒന്നും പ്രശ്നമാക്കാതെ വീട്ടില്‍ കയറി കിട്ടിയാലെ പോകൂ എന്ന നിലയിലുള്ള ഒരു നില്‍പ്പാണ്. മീന്‍ വാങ്ങാന്‍ വച്ച പൈസ എടുത്ത് പുണ്യം നേടി. നൂറു പണ്ടാരമടങ്ങാന്‍ വിളിച്ച് അവനവന്റെ ദാരിദ്രത്തെ ശപിക്കുന്ന പാവങ്ങളെ തിരിച്ചറിയാനെങ്കിലും ബോധമുള്ളവരെ വേണം റസീവര്‍മാരാക്കാനെന്നു എനിക്ക് തോന്നുന്നു.
കവലകളായ കവലകളിലെല്ലാം ഇഫ്ത്താറുകള്‍ അരങ്ങു തകര്‍ക്കുന്നു. സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ അമ്പലം ശാന്തി മുതല്‍ കപ്പ്യരുവരെ പരിപാടികളില്‍ നിറസാന്നിദ്യമാവുന്നു. സന്തോഷം. ഇസ്ലാമിന്റെ ആരാധനാ കര്‍മങ്ങളുടെ മഹത്വം ഇതര മതസ്ഥരിലും എത്തുകയെന്നത് നല്ല കര്‍മം. എല്ലാ സല്‍കര്‍മങ്ങളും ദൈവം സ്വീകരിക്കുമാറാവട്ടെ.
ജമാഅത്ത് മുജാഹിദ് തുടങ്ങിയ വിഭാഗങ്ങള്‍ ജനങ്ങളുടെ പരസ്പര സാഹോദര്യം വളര്‍ത്താന്‍ സ്വന്തമായി പ്രത്യേകം പരിപാടികളാണ് നടത്താറുള്ളത്. സുന്നിക്ക് പിന്നെ ഹിന്ദു ഹറാമായതിനാല്‍ അവര്‍ക്ക് ശാന്തിയും കപ്പ്യാരും ഹല്ലാലാവുത്ത് വല്ല പച്ച കൊടിയും അലെങ്കില്‍ ചുവപ്പു കൊടിയും പാറുന്ന പന്തലിലാവുമ്പോഴാണ്. എല്ലാം പറഞ്ഞു എന്നെ ഉള്ളു.
സാഹോദര്യവും പരസ്പര സഹകരണവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഈ വിഭാഗങ്ങളുടെ സാഹോദര്യവും പരസ്പര സഹകരണവും ആരു ഊട്ടിയുറപ്പിക്കും. അവസാന നാളില്‍ മുസ്ലിം എഴുപത്തഞ്ച് വിഭാഗങ്ങളാവും ഞാനെവിടെയോ കേട്ടിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.
എ.ടി.എം കൌണ്ടറിലും ബാങ്കുകളിലും നല്ല പുത്തന്‍ നോട്ടുകള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കവറു സക്കാത്തുകളായോ സക്കാത്ത് കമ്മറ്റിയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടിയോ നമ്മുക്കിടയില്‍ വന്നു ചേരും. കാത്തിരിക്കുക. മുജാഹിദ് സക്കാത്ത് ജമാഅത്ത് സക്കാത്ത്. പുല്‍പറമ്പില്‍ നിന്ന് ഫാരിസ് അബൂബക്കറിന്റെ പേരില്‍ നേര്‍ച്ചയാക്കപ്പെട്ട പ്രത്യേക സക്കാത്ത്. സക്കാത്ത് പവപ്പെട്ടവന്റെ അവകാശമാണ്. അതില്‍ തലയിടരുത്. പാവപ്പെട്ടവന്‍ കഞ്ഞി കുടിക്കട്ടെ.
മുജാഹിദും ജമാഅത്തും സുന്നിയും സക്കാത്തിന്റെ കാര്യത്തില്‍ ഒരുമിച്ചാല്‍ എല്ലാം പോവും. മുപ്പത് കില്ലോ അരിയും ജമാഅത്തില്‍ നിന്നും മുജാഹിദില്‍ നിന്നും കിട്ടുന്ന ഇരുനൂറു രൂപ വച്ചുള്ള സക്കാത്ത്. സുന്നികള്‍ക്ക് പിന്നെ ഇതു ബാധകമല്ല. അവര്‍ക്ക് പള്ളിയിലെ ഉസ്താദിന് പൊരിച്ചതും കരിച്ചതും കൊടുത്ത് ആളാവുന്നതില്ലാ പുണ്യം. സക്കാത്ത് സങ്കടിതമായി കൊടുക്കണം. ഇസ്ലാമികമായി സക്കാത്തിന് അതിന്റെതായ സ്ഥാനമുണ്ട്. ഞാനൊന്നും പറഞ്ഞില്ല എന്നല്ല.
പുണ്യങ്ങളുടെ പൂക്കാലത്തില്‍ വിരലില്‍ എണാവുന്ന ദിനങ്ങള്‍ മാത്രം. ആയിര മാസങ്ങളെക്കാള്‍ പുണ്യമാക്കപ്പെട്ട രാവിനെ നേടാന്‍ ദൈവം എല്ലാ ലോകരേയും അനുഗ്രിക്കട്ടെ.
ശ്രദ്ധക്കു വേണ്ടി: ശബ്ദ മലിനീകരണം വലിയ പ്രശ്നമാണ്. പാലിയേറ്റീവിനു വേണ്ടിയുള്ള മുക്കം അങ്ങാടിയിലെ വിളിച്ചു പറയല്‍ യത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബ്ദം പ്രശ്നമുള്ള രോഗികള്‍ യാത്രക്കാരിലും കച്ചവടക്കാരിലുമുണ്ടെന്ന് മനസിലാക്കുമെന്ന് കരുതുന്നു. ഇതിലും എന്തെങ്കിലും പറഞ്ഞാല്‍ പാവപ്പെട്ടവന് കിട്ടുന്ന സഹായം ഇല്ലാതാവുമെന്ന് ഭയക്കുന്ന പാവം രോഗി മിണ്ടാതിരിക്കുന്നു.

July 13, 2011

നമ്പീശന്റെ മഴ പുരാണം


മഴക്കാലം എന്നത് യാത്ര മുടക്കിയാണെന്നാണ് നമ്പീശന്‍ എന്ന നമ്മുടെ തനി നാടന്‍ ഗ്രാമീണന്റെ അഭിപ്രായം. “പാണ്ടാരമടങ്ങാന്‍ ഒരു മഴ. എടങ്ങേറു പിടിപ്പിക്കുന്ന മഴ” എന്നു തുടങ്ങി നാട്ടിന്‍ പുറത്തും നഗരത്തിലും മഴക്കെതിരില്‍ ശാപ വാക്കുകള്‍ പലതുണ്ട്. എന്നാല്‍ മെയ്യ് അവസാനത്തോടെ എങ്ങാനും മഴയുടെ ലാചന കണ്ടിലെങ്കില്‍ അപ്പോള്‍ പഴി ചൂടിനാണ്. ചുരുക്കത്തില്‍ പണ്ട് കുരങ്ങ് നീര്‍കോലിയെ പിടിച്ച അവസ്ഥയിലുള്ള സംസാരവും പ്രവര്‍ത്തിയുമാണ് മനുഷ്യര്‍ക്ക്. വന്നാല്‍ വന്നതിന്റെ പ്രശ്നം പോയാല്‍ പോയതിന്റെ പ്രശ്നം
നടവഴിയിലുള്ള പ്ളാവിലെ പഴുത്ത ചക്ക് വീണ് വഴി വൃത്തി കേടായത്തിന്റെ കുറ്റവും നമ്പീശന്‍ ചാരുന്നത് മഴയിലേക്കാണ്. ചീരയുടെ വീടിന്റെ മുകളില്‍ തൂങ്ങി നിന്നിരുന്ന തേക്കിന്‍ കൊമ്പ് വീണ് വീടിന്റെ ഉത്തരം മുറിഞ്ഞതിന്റെ കാരണം മഴയും സര്‍ക്കാറുമാണെന്ന് നമ്പീശന്റെ പരാതി. എവിടെ മഴക്കാലമെന്നാല്‍ ഇങ്ങനെയെല്ലാമാണെന്ന് മുന്‍കരുതലില്ലാത്തതെല്ലേ സത്യത്തില്‍ പ്രശ്നം. പറഞ്ഞു തീര്‍ന്നില്ല നമ്പീശന് ദേഷ്യം വന്നു. മുഖം ചുവന്നു പീടിക കോലായില്‍ നിന്ന് എണീറ്റ് പുറത്തേക്കിറങ്ങി. കഷണ്ടി കേറി ശൂന്യമായ തലയില്‍ ആ ദിവസത്തേക്ക് ആ നാട്ടില്‍ അനുവദിച്ച കോട്ടയിലെ മഴയുടെ ആദ്യ കണം വന്നു വീണു. നമ്പീശന്റെ മുഖമൊന്നു കണേണ്ടതായിരുന്നു. വെള്ള മെന്നത് സത്യത്തില്‍ നമ്പീശനു ദേഷ്യമാണ്. കാരണം നമ്പീശന്റെ വീട് ഒരു വയലിന്റെ അടുത്താണ്. വെള്ളപൊക്കം വന്നാല്‍ സാധന ജങ്കമങ്ങള്‍ എല്ലാമെടുത്ത് പുതിയ ഇടതേടെണ്ടി വരും. ഇതു സത്യത്തില്‍ മഴക്കാലത്തേയും വെള്ള പൊക്കത്തേയും പാടി പുകഴ്ത്തുമ്പോള്‍ നമ്പീശനു ദേഷ്യം വരുന്നത്.
മഴതുള്ളി കിലുക്കം. എന്ന വാക്ക് കേട്ടാല്‍ നമ്പീശന്‍ ചോദിക്കും മഴതുള്ളിക്ക് എന്ത് കിലുക്കം പ്രേതത്തിന്റെ പാദസരത്തിന്റെ കിലുക്കം ആസ്വദിക്കാന്‍ ആരെങ്കിലും ഇഷ്ട്ടപ്പെടുമോ. എന്തൊക്കെയായാലും നമ്പീശന്‍ മഴക്കാലത്തിനായി കാത്തിരിക്കും കൃഷിയിറക്കാന്‍. എല്ലാത്തരത്തിലുള്ള വിത്തുകളും പണിയായുധങ്ങളുമായി. നമ്പീശനും മഴയും ഒരു ഒത്തു തീര്‍പ്പിലെത്തുന്ന ഏക വ്യവസ്ഥകള്‍ കൃഷിയുടെ കാര്യത്തിലും മഴക്കാലത്തില്‍ സജീവമാകുന്ന ചെറു തോടുകളില്‍ ചെറു മീനുകളെ കാണുമ്പോഴും തോട്ടില്‍ കളിക്കുന്ന കുട്ടികളെ കാണുമ്പോഴുമാണ്.
നമ്പീശന്‍ മഴക്കാലത്തിന്റെ സംഭവിക്കുന്ന തെറ്റുശരിയും പരതി അങ്ങനെ സഞ്ചരിക്കാറുണ്ട്. വെറുതെ ഒന്നിനെ കുറിച്ചും കുറ്റവും കുറവും മെച്ചവും പറയരുത് എന്നതാണ് നമ്പീശന്റെ തത്ത്വം. എല്ലാവരും ഇത്തരത്തിലാവണമെന്നതുമാണ് നമ്പീശന്റെ അഭിപ്രായം…….

May 2, 2011

ബാങ്കും ഇഖാമത്തും റൊക്കം ഉറുപ്പ്യേക്കു അഞ്ച്. കടം പറയരുത്.

മെയ്യ് ഒന്ന് ലോക തൊഴിലാളി ദിനം. നാടെങ്ങും തൊഴിലാളികള്‍ സന്തോഷ പൂര്‍വ്വം അവരുടെ ദിനം ആഘോഷിച്ചു. അവരുടെ അവകാശങ്ങളേയും ചുമതലകളേയും അവര്‍ ഒന്നു കൂടി മനസിലാക്കി. ഈ സന്ദര്‍ഭത്തിലാണ് എനിക്ക് എന്റെ നാട്ടിലെ ഒരു പള്ളിയിലെ ബാങ്ക് വിളി തൊഴിലാളിയുടെ പണി മുടക്കിനെ കുറിച്ചോര്‍മ്മ വന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുബ്ബഹി ബാങ്കിന്റെ വിളി ചെവിയില്‍ മുഴങ്ങുമ്പോള്‍ ഒന്നെങ്കില്‍ പുതപ്പിന്റെ അറ്റം പിടിച്ച് കൂടുതല്‍ ശരീരത്തിലേക്ക് വലിച്ചിടും. അലെങ്കില്‍ എണീറ്റ് പല്ലു തേപ്പ് കഴിച്ച് നമസ്ക്കാരത്തിനായി പള്ളിയിലേക്ക് യാത്രയാവും. ഈ രണ്ട് പ്രക്രിയയും നടന്നു കൊണ്ടിരുന്നത് വീടിന്റെ അടുത്തുള്ള പള്ളിയില്‍ നിന്നുള്ള ബാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇന്‍വെര്‍ട്ടര്‍ ഉള്ളതു കൊണ്ട് കറന്റെന്ന  സാധനം ഇല്ലെങ്കില്‍ പോലും ബാങ്കിന് ഒരു മുടക്കവും വരാറില്ല. എന്നാല്‍ ദിവസവും ഒരു നേരത്ത് ഉണരുന്നത് കൊണ്ടായിരിക്കാം ബാങ്കിന്റെ സമയമായപ്പോള്‍ ഞാനുണര്‍ന്നു. പള്ളി തൊട്ടു പിന്നിലായത് കൊണ്ട് വിടിന്റെ കിഴക്കു വശത്തുള്ള റോഡില്‍ പള്ളിയില്‍ പോകുന്നവരുടെ കുശുകുശുപ്പ് സംസാരങ്ങള്‍ ഇന്നു  ബാങ്ക് കേട്ടോ? ആളുകള്‍ പരസ്പരം ചോദിച്ചു കൊണ്ട് പള്ളിയിലേക്ക് നീങ്ങുന്നു. ഞാനും എണീറ്റു പള്ളിയിലേക്ക് നടന്നു. പള്ളിയില്‍ ഭയങ്കര ചര്‍ച്ചയാണ് ബാങ്ക് വിളിയുടെ കൂലി സംബന്ധിച്ച പ്രശ്നത്തില്‍  പ്രതിഷേധിച്ച് മുക്രി ബാങ്ക് വിളിച്ചില്ല. എതായാലും പള്ളി പ്രസിഡണ്ട് ഉറങ്ങി പോയെങ്കിലും ഓടി കിതച്ച് വന്നു. മുമ്പ് പള്ളിയില്‍ വന്നവരില്‍ ആരോ പുറത്ത് നിന്ന് ബാങ്ക് വിളിച്ചിരുന്നത് കൊണ്ട് ഇഖാമത്ത് കൊടുത്ത് നസ്കാരം നിര്‍വ്വഹിച്ച് എല്ലാവരും മടങ്ങി.
അന്ന് വൈകുന്നേരം വീടിന്റെ അടുത്തുള്ള പീടിക തിണയില്‍ നാട്ടിലെ കുപ്പായ മിട്ടതും മിടാത്തതും തല നിരച്ചതും നിരക്കാത്തവരുമായ മുതിര്‍ന്ന പൌരന്മാരുടെ നുണ സദ്യയിലെ ഒരു വിഭവം ആ ദിവസത്തെ സുബ്ബഹി ബാങ്കായിരുന്നു. ഞാന്‍ പീടികയുടെ ചുറ്റുപ്പാടില്‍ നിന്ന് ചര്‍ച്ച ശ്രവിച്ചു. മുക്രി ബാങ്ക് ജോലിയില്‍ നിന്ന് മാറി നിന്നതിന്റെ പൊരുള്‍ വേറെയൊന്നുമല്ല ബാങ്കൊന്നിന് പണം കണക്കാക്കി മുക്രി പറഞ്ഞെങ്കിലും ഭരണ സമിതിക്ക് അതു അംഗീകരിക്കാന്‍ പറ്റിയില്ല. മുക്രി പറഞ്ഞ തുകയ്ക്ക് അവര് ബാങ്കും ഇഖാമത്തും ഇമാമ്മത്തിനും ആളെ കിട്ടുമെന്നു പറഞ്ഞത് മുക്രിക്ക് രസിച്ചില്ല. മുക്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. എന്നാലും അള്ളാഹുവിന്റെ ഒരു കാര്യത്തില്‍ മുക്രി മര്‍ക്കട ബുദ്ധി കാണിക്കുമെന്ന് പള്ളി കമ്മിറ്റി കരുതിയില്ലെന്നാണ്. നാട്ടിലെ നുണകളുടെയും പരദൂഷണങ്ങളുടെയും മൊത്ത കച്ചവടക്കാരായ മുതിര്‍ന്ന പൌരന്മാരുടെ ചര്‍ച്ചയില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയത്.
എന്നാലും നമ്മള് പടപ്പുകളുടെ ഓരോ കാര്യം അല്ലാഹുവായാലും ചെകുത്താനായാലും പണമാണ് എല്ലാത്തിനും വലുതെന്ന സത്യം എനിക്ക് ഈ പ്രശ്നത്തോടെ മനസിലായി. ഏതായാലും പല പള്ളികളിലും ഇപ്പോള്‍ ഹിന്ദി വാലകള്‍ ആണു. അവര് എപ്പോഴാണ് പണി മുടക്കുകയെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ തിന്നാനും കുടിക്കാനും മയ്യിത്ത് നമസ്കാരത്തിന് വരെ കൂലിക്ക് ആളെ വെക്കേണ്ടി വരും. നമ്മുക്ക് ഒന്നിനും ഒഴിവില്ല. സമയവുമില്ല. ശവമായി കിടക്കാനെങ്കിലും എനിക്കും നിങ്ങള്‍ക്കും ദൈവം സഹായിക്കട്ടെ.

February 7, 2011

മാമ്പഴക്കാലം

സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളു. എന്നുപറഞ്ഞാല്‍ നേരം പുലരുന്നേയുള്ളു. കിടക്ക പായയില്‍ നിന്ന് എണീറ്റപ്പടി ഓടുകയാണ്. മാവിന്റെ ചുവടാണ് ലക്ഷ്യം. എല്ലാവരും വരുന്നതിന് മുമ്പ് എത്തിയാലേ. പഴുത്തു വീണ മാങ്ങ കിട്ടാന്‍ സാധ്യതയുള്ളു. നേരം വൈകിയാല്‍ പിന്നെ കിളിയും അണാനും തിന്നതിന്റെ ബാക്കിയാവുന്ന മാങ്ങയില്‍ ശരണം വിളിക്കേണ്ടി വരും. ഈ യാത്രയില്‍ പരിചയക്കാരും സുഹൃത്തുകളും ഒന്നുമില്ല. ആരായാലും കിട്ടുന്നതിന്റെ പങ്ക് കുറയും. പിന്നെ നേരം വൈകിയാല്‍ നല്ല ഏറ് വിദ്ധക്തരായ സുഹൃത്തുകളെ കൂടെ കൂട്ടിയാലെ കാര്യം നടക്കൂ. മാവിന്റെ അടുത്ത് താമസിക്കുന്ന വീട്ടുക്കാര്‍ക്ക് മാങ്ങാക്കാലം വലിയ ഭീഷണിയാണ്. കല്ല് അപ്രതീക്ഷിതമായി തലയിലും വീടിന് മുകളിലും പതിക്കാന്‍ സാധ്യതയുണ്ട്. എന്ന് മാത്രമല്ല ഇവരുടെ ഈ പ്രശ്നം മാങ്ങ വേട്ടയില്‍ ഞങ്ങള്‍ക്ക് പലപ്പോഴും വലിയ പ്രതിരോധം തീര്‍ത്തു. ഈ വീട്ടുക്കാര്‍ പലപ്പോഴും മാവിന് എറിയുന്ന ഞങ്ങള്‍ക്കെതിരെ കല്ലേറ് നടത്തും.
രാവിലെയുള്ള ഈ മാങ്ങ പെറുക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഉച്ച കഴിഞ്ഞുള്ള ഇളം കാറ്റുള്ള സമയമാണ്. അണാനും കിളികളും മാങ്ങയെ ഭക്ഷണമാക്കുമ്പോള്‍ താഴെ വരുന്ന മാങ്ങയിലും കാറ്റു വീഴ്ത്തുന്നവയേയും ചാടി പിടിക്കാന്‍ കാത്തിരിക്കുന്ന കുട്ടികളെ ആ വഴി കടന്നു പോകുന്ന മുതിര്‍ന്നവരും കുട്ടികളും വെറുതേ മാവിന്റെ ചുവട്ടിലേക്ക് കല്ലെറിഞ്ഞ് പറ്റിക്കും. ഇത്രയും ജഗ്രതയില്‍ ജീവിതത്തില്‍ ഈ കുട്ടികളാരും നിന്നിട്ടുണ്ടാവില്ല. ഒരു ഇല വീഴുന്ന ശബ്ദം പോലും അവര്‍ ശ്രവിക്കും.
അവധിക്കാലങ്ങളില്‍ ദിവസത്തിന്റെ മുക്കാല്‍ പങ്കും ഇത്തരത്തില്‍ മാവുകളുടെയും പറങ്കി മാവിന്റെയും ചുവട്ടിലായിരിക്കും. നാട്ടിലേയും മറു നാട്ടിലേയും മാവുകളുടെ മാമ്പഴക്കാലത്തെ ഉടമസ്ഥര്‍ പലപ്പോഴും ഞങ്ങള്‍ കുട്ടികളായി മാറും. മാവിന്റെയും പിന്നെ ഇത്തരത്തില്‍ ഫലം ലഭിക്കുന്ന മരങ്ങളുടെയും ഒരു വലിയ ലിസ്റ് എന്നും ഞങ്ങളുടെ അടുത്തുണ്ടാകും. ഓരോ മാവിലെ മാങ്ങയുടെ മധുരവും പുളിയും എല്ലാം കൃത്യമായി കുട്ടികള്‍ പരസ്പരം കൈമാറും.
എന്റെ വീടിന്റെ അടുത്ത് അന്ന് വളരെ സ്വതന്ത്രമായി മാങ്ങ പറിക്കാന്‍ അമ്പല പറമ്പിലേ കോമാവും ഇല്ലത്തക്കണ്ടി ഇമ്പിച്ചിതന്ന്യന്‍ (ഇച്ച്യന്യന്‍) ഇത്താരി എന്നിവരുടെ പറമ്പിലെ കോമാവും നാട്ടിലെ മാങ്ങാ ചമന്തിക്കും കറിക്കുമുള്ള മാങ്ങ തന്നു കൊണ്ടിരുന്നു. ഇത്താരിയുടെ പറമ്പിലെ മാവ് അവര് മുറിച്ചു. അമ്പല പറമ്പിലെ മാവ് ഇന്നുമുണ്ട്. പക്ഷേ കുട്ടികള്‍ക്ക് ആ മാവില്‍ നിന്ന് മാങ്ങ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അമ്പല പറമ്പിന് ചുറ്റും മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.
അമ്പല പറമ്പിലെ ഉളര്‍മാങ്ങ എന്നും ഒരു കൊതിയോടെ സ്വാപ്നത്തില്‍ വരുന്നതാണ്. അതില്‍ തൊടാന്‍ ആരും ധൈര്യം കാണിച്ചതായി കണ്ടിരുന്നില്ല. എന്റെ സുഹൃത്ത് ശബീര്‍ എന്ന സാഹസികനായ നാട്ടിലെ വലിയ ഏറുക്കാരന്‍ വളരെ സാഹസികമായി ഇതില്‍ നിന്ന് മാങ്ങ പറിച്ചതായി കേട്ടിട്ടുണ്ട്. അമ്പലത്തിന്റെ നടയിലായിരുന്നു ഈ മാവ്. ഈ മാമ്പഴക്കാലത്തിന്റെതായി ഒരു കളിയും ഉളതായി ഞാന്‍ ഓര്‍ക്കുന്നു. മാങ്ങയുടെ അണ്ടി എറിഞ്ഞുള്ള ഒരു കളിയുണ്ടായിരുന്നു.
പറങ്കിയണ്ടി പെറുക്കുക അത് അവധിക്കാലങ്ങളില്‍ മുളപ്പൊട്ടി വരുന്ന കുട്ടി പീടികയില്‍ കൊടുത്ത് മിഠായി വാങ്ങുക. പറങ്കിമാങ്ങ പെറുക്കി അതിന്റെ നീരെടുത്ത് ബുള്‍ബുള്‍ മിഠായി ഉണ്ടാക്കുക എന്നിങ്ങനെ തുടങ്ങി മാമ്പഴക്കാലം ആസ്വദിച്ചു തിന്നു കുടിച്ച കാലത്തിന്റെ ഓര്‍മയിലും ബുള്‍ബുള്‍ മിഠായിയുടെ മധുരത്തിനും ആ കാലത്തെ ആസ്വദിച്ച സുഹൃത്തുക്കളേയും മനസില്‍ ഓര്‍ത്തു കൊണ്ട് മാമ്പഴക്കാലത്തിന്റെ ഓര്‍മകള്‍ സമര്‍പ്പിക്കുന്നു.

December 13, 2010

ഒരു മഞ്ഞു കാലം

മഞ്ഞു പെയ്തിറങ്ങുന്നു. തണുപ്പിന്റെ കാഠിന്യം സഹിക്കുന്നില്ല. ബൈക്കില്‍ നാട്ടിലേക്കുള്ള യാത്രയിലാണ.് ഇപ്പോള്‍ പത്തിരുമ്പതു ദിവസമായി മെഡിക്കല്‍ കോളേളജിലാണ്. പല്ലുകള്‍ കൂട്ടിയടിക്കുന്നു.  നാട്ടിലെത്തിയപ്പോള്‍ രാവിലെ ഏഴു മണി കഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ റോഡിന് വശം ചേര്‍ന്ന് മദ്രസയിലേക്ക് പോകുന്ന കാഴ്ച. എന്റെ ഓര്‍മയില്‍ ചെറുപ്പത്തിലെ തണുത്തു വിറക്കുന്ന പ്രഭാതങ്ങളിലെ മദ്രസയിലേക്കും സ്ക്കൂളിലേക്കുമുള്ള യാത്രയുടെ ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.
മാവിന്‍ ചോട്ടില്‍ കഴിഞ്ഞ ദിവസം അടിച്ചു കൂട്ടിയ ചവലകള്‍ക്ക് പേപ്പറില്‍ തീ കൊടുത്ത് പതുക്കെ തീ പടര്‍ത്തി.  ആദ്യം കൈപ്പത്തി പിന്നെ തീ പടരുന്നതിനനുസരിച്ച് തീയിട്ട ചവല കൂട്ടത്തിന്റെ അടുത്ത് നിന്ന് പതുക്കെ അകലാന്‍ തുടങ്ങും. മുഖം നന്നായി ചൂടാകുമ്പോള്‍ പുറം തിരിഞ്ഞു നിന്നും തീക്കായല്‍ എന്ന തണുപ്പാക്കാല വിനോദം സൂര്യന്റെ ഉദയം വരെയോ. മദ്രസയില്‍ പോകുക എന്ന ചിന്തയോ ഉമ്മയുടെ ഓര്‍മ്മപ്പെടുത്തല്ലോ വരുന്നത് വരെയോ നീളും. പിന്നെ കിണറ്റില്‍ നിന്ന് കോരുന്ന വെള്ളത്തില്‍ ഒരു കുളി. തണുപ്പിന്റെ കാഠിനും വെളിവാക്കുന്ന വിറയലോടെ വസ്ത്രം മാറി പ്രാതലും കഴിച്ച് ഒരു ഓട്ടം.
വയല്‍ വരമ്പിലൂടെ മദ്രസ ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍ വരമ്പിലേക്ക് ചായ്ഞ്ഞ് നില്‍ക്കുന്ന നെല്ലോല്ലകളില്‍ നിന്ന് മഞ്ഞു തുള്ളികല്‍ പറ്റി ചെറുപ്പ് കാലില്‍ നിന്ന് വഴുതി മാറി  കളിക്കും. പിന്നെ ഒന്നര മണിക്കൂറിന്റെ മത പഠനം. പിന്നെ ഒന്‍മ്പത് മണിയോടെ സ്ക്കൂളിലേക്കുള്ള ചിന്തയിലാവും കുട്ടികള്‍. മദ്രസ കഴിയുമ്പോള്‍ "നഹ്മതുമന്‍ അല്ലമനാ മാല്ലാ. നഷ്ക്കുറുഹു വഹതാനാ.... റഹ്മാന്‍...റഹ്മാന്‍'' എന്ന പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ ചെല്ലുപ്പോള്‍ കുട്ടികള്‍ മദ്രസയുടെ മുമ്പിലെ റോഡിലെത്തിയിരിക്കും. പിന്നെ മദ്രസയുടെ അടുത്ത വീടുകളിലെ പറമ്പില്‍ നിന്നും ചാമ്പക്ക, പേരക്ക, സപ്പോട്ട, പുള്ളി എന്നിവ ശേഖരിക്കുന്ന തിരക്കിലാണ്.
ചിലര്‍ക്ക് ക്ളാസ്സ് സമയങ്ങളില്‍ അടിയുണ്ടാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ശത്രുവായി മാറിയ സുഹൃത്തിനെ പറ്റി. തൈ കവുങ്ങിനു മുകളില്‍ പേന ഉപയോഗിച്ച് അവന്റെ  ഇരട്ട പേര് എഴുതി വെയ്ക്കുക എന്നതിലായിരിക്കും. സമയം ചിലവഴിക്കുക.
സ്ക്കൂളിലേക്കുള്ള യാത്രയില്‍ കാഞ്ഞിര കുറ്റിയില്‍ കല്ലു പെറിക്കിവെച്ച് അടി കൊളളാതിരിക്കാനുള്ള മുന്‍കരുതെല്ലെടുക്കും.  അങ്ങാടിലെത്തി ക്യൂ നിന്ന് ബസില്‍ കയറും. പത്ത് പൈസക്കുള്ള യാത്രയില്‍ നല്ല തിക്കും തിരക്കും സഹിക്കണം. സ്ക്കൂളില്‍ നിന്ന് തിരിച്ചുള്ള യാത്രകളും ഇത്തരത്തില്‍ തന്നെയായിരുക്കും.
വൈകുന്നേരം കളി കഴിഞ്ഞ്. രാവിലെ തീ കായാനുള്ള ചവലയും വാരികൂട്ടി. പിന്നെ ഒരു കുളിയുണ്ട്. അതും വളരെ പ്രയാസമുള്ളതാണ്. സന്ധ്യയോടെ അന്തരീക്ഷം വീണ്ടും തണുക്കാന്‍ തുടങ്ങും. പിന്നെ കണ്ണുമടച്ച് വെള്ളം മേലേക്ക് ഒഴിക്കും. ഈ കുളിയില്‍ തണുപ്പു കുറയും. പുസ്തക വായനയും കഴിഞ്ഞ് ഉറക്കച്ചടവില്‍ ഭക്ഷണം കഴിച്ച്. പുതപ്പിനുള്ളില്‍ ഊള്ളിയിടുമ്പോള്‍ പുറത്ത് മഞ്ഞ് പുക പാറി കളിക്കുന്നുണ്ടാവും.

December 1, 2010

ഓണത്തിനിടക്ക് ചില പുട്ടു കച്ചോടങ്ങള്‍.

തിങ്കളാഴ്ച വൈകുന്നേരം 6 മണി. ഇപ്പോള്‍ എന്താണെന്നറിയില്ല. 6 മണിക്ക് തന്നെ ഇരുട്ടു പരക്കുന്നു. പകല്‍ കുറവാണോ അതോ രാത്രി കൂടുതലാണെന്നോ അറിയില്ല. പ്രകൃതിയുടെ ഈ പ്രതിഭാസം തന്നെ സംശയത്തിന്റെ നിഴലിലാണെന്റെ മുമ്പില്‍. എന്തിനും എല്ലാവര്‍ക്കും സംശയമാണ്. ഈ സംശയങ്ങളെന്നു തീരുമെന്ന ചോദ്യത്തിന് ലോകാവസാനം വരെ, എന്നേ നമ്മുക്ക് ഇപ്പോള്‍ പറയാന്‍ പറ്റു. ലോകാവസാനത്തോടെ ദൈവസന്നിദ്ധിയില്‍ എത്തുമെന്ന് വിശ്വസിക്കുന്ന ബഹുഭൂരിപക്ഷത്തിന് വേണ്ടി പറയുമ്പോള്‍ "അവിടെയും മനുഷ്യന്റെ സംശയങ്ങള്‍ തുടരുമോ?.''എന്നതില്‍ ഞാനും സംശയത്തിലാണ്.

നമ്മുടെ വിഷയം ഇതുപോലെ ഉത്തരം കിട്ടാത്ത ഒന്നല്ല. എന്ന് തീര്‍ത്തു പറയാന്‍ വയ്യ. തിളക്കമുള്ള കോപ്പയിലെ ചൂടുള്ള ചായയും. പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തകളും. മലയാളത്തിന്റെ സുപ്രഭാതങ്ങളെ ഉന്മേശത്തിലാക്കുമ്പോള്‍. സ്ഥിരം വിഭവങ്ങളില്‍ കേരളീയനിഷ്ടം കുറച്ചു കാലം മുമ്പ് വരെ പീഡനമായിന്നെങ്കില്‍ കഥമാറിയിരിക്കുന്നു. നല്ല പരദൂഷണം, ഭീകരവാദം, ത്രീവ്രവാദം ഇവ മൂന്നും നല്ല കല്ല് വച്ച നുണയില്‍ സമം ചേര്‍ത്ത വിഭവമില്ലെങ്കില്‍ ഒരു ഗതികിട്ടാത്ത സ്ഥിതിയായിരിക്കുന്നു. അതിന് ഹരം പകരാന്‍ കുറെ മതേതരക്കാരും മനുഷ്യാവകാശക്കാരും പ്രാസ്ഥാനികരും പാര്‍ട്ടിക്കാരും പട്ടക്കാരും മത്സരിക്കുകയാണിവിടെ,.

തോട്ടിലെ വെള്ളത്തിന് നല്ല കലക്കാണ്. വയലിലെ വെള്ളത്തിനും നല്ല കലക്ക്. കലക്കില്‍ മീന്‍ പിടിക്കുകയെന്നത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഇഷ്ട്ട വിനോദവുമാണ്. അപ്പോള്‍ നമ്മള്‍ പറഞ്ഞത് ത്രീവ്രവാദം ഭീകരവാദം. നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഭീകരവാദത്തിന് സാധ്യതയില്ല. അതിനു മാത്രം മനസാന്നിധ്യം ഉള്ളവരായി ആരും തന്നെയില്ല. ത്രീവ്രവാദത്തെ ഭീകരവാദമായി തെറ്റിധരിച്ച നമ്മുടെ നാട്ടുക്കാരുടെ ഇടയില്‍ ഇപ്പോള്‍ ത്രീവ്രവാദിയും ഭീകരനും ഒന്നായിരിക്കുന്നു. കാലം തെററി പെയ്യുന്ന ഇപ്പോഴത്തെ മഴ പോലെ എല്ലാം ഒരു തരം പ്രവചിക്കാന്‍ പററാത്ത സ്ഥിതി. ദാരിദ്ര രേഖകള്‍ക്ക് താഴെ ജനം പെരുകുമ്പോള്‍. നാട്ടിലെ ചില പുതു പണക്കാരന്റെ പുരോഗതി നാടിന്റെ പുരോഗതിയായി ചിത്രീകരിക്കപ്പെടുകയാണിവിടെ.
പിന്നോക്ക സമുദായക്കാര്‍ക്കും ദലിതനും ആദിവാസിയേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവനും ഇപ്പോള്‍ കച്ചവട കണ്ണുകളോടെ ജനത്തിനെ നോക്കുന്നു. ന്യായമായതിനു പോലും വാദിക്കാന്‍ പാടില്ല. ത്രീവ്രവാദിയെന്നു മുദ്രണം ചെയ്തു കളയും. മുദ്ര കിട്ടിയാല്‍ അവരെ സഹായിക്കാനുമുണ്ട് ഇവിടെ പാര്‍ട്ടിക്കാരും പട്ടക്കാരും. ഒന്നു ചീഴുമ്പോള്‍ മറെറന്നിനു വള്ളമാകുമെന്ന പ്രകൃതി നിയമം ഇവിടെ അക്ഷരാര്‍ത്ഥത്തിന്‍ ശരിയാവുന്നു. വീണു കിട്ടാന്‍ കാത്തിരിക്കുകയാണിവിടെ കൈ പിടിച്ച് ഉയര്‍ത്താന്‍. പക്ഷേ, ഒരു കാര്യം പിന്നെ ആ കൈ വിട്ടു കിട്ടാന്‍ കുറച്ചു പെടാപ്പാട് പെടേണ്ടി വരും. കൈ വെട്ടി പോകാതെയും നോക്കിയാല്‍ സ്വന്തത്തിന് നല്ലത്. ഞാനൊരു ചെറിയ സംഭവം പറയാം. നാട്ടിലെ ചില യുവാക്കള്‍ ഒരു ചെറിയ പ്രശ്നത്തില്‍ സത്യമായ കാര്യം മുഖം നോക്കാതെ പറഞ്ഞു. പ്രശ്നം നാലുപേരു ചര്‍ച്ചക്ക് എടുത്തപ്പോള്‍, ചില പകല്‍ മതേതര വാദികളായ വര്‍ഗീയ വാദികള്‍ക്ക് തോന്നി ഈ യുവാക്കളെ ഒതുക്കാന്‍ കിട്ടിയ അവസരമാണെന്ന്. പോലീസായി പുക്കാറായി.
നിയമം നിയമത്തിന്റെ വഴിയെ എന്ന നിലയില്‍ യുവാക്കള്‍ നീങ്ങിപ്പോള്‍, അവിടെയതാ നാട്ടിലെ മറു ചേരി വര്‍ഗീയ വാദികളുടെ രംഗ പ്രവേശം. അവരുടെ പ്രസ്ഥാവന വന്നു. "പ്രശ്നം ഞങ്ങള്‍ക്ക് വിടണം, ആരു ഒരു ചുക്കും ചെയ്യില്ല, ഒരു കാര്യം. നിങ്ങള്‍ ഞങ്ങളോപ്പം നില്‍ക്കണം''. പ്രശ്നത്തില്‍ അവര്‍ക്ക് ഇടപ്പെടാനുള്ള അവസരമില്ലാതെ മതമില്ലാത്ത ജീവനെ വച്ച് കാര്യങ്ങള്‍ തീര്‍ത്തു. പിന്നീട് ഒരു കാര്യം മനസിലായി. യുവാക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഈ മൂരാച്ചി മതേതരക്കാര്‍ തന്നെ പ്രശ്ന പരിഹാരമെന്ന വ്യജേന മതേതര വര്‍ഗീയ വാദികള്‍ക്ക് യുവാക്കളുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തു. വെടക്കാക്കി തനിക്കാകുന്ന ലൊടുക്കു വിദ്യയുമായി നാട്ടിലും മറു നാട്ടിലും പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനരത്തി. തല്ലി കൊള്ളിത്തരം മാത്രം വശത്താക്കിയ മാന്യദ്ദേഹങ്ങളുടെ സംരക്ഷണ മേറെറടുത്തും ഇവരുടെ മെമ്പര്‍ഷിപ്പ് വിതരണം തുടരുകയാണ്.
വളര്‍ച്ചയുടെ തോത് പറഞ്ഞാണ് ഇത്തരക്കാരുടെ ജന സ്വീകാര്യത തെളിയ്ക്കുന്നത്. സമയമില്ലാതെ ഓടുന്ന ആധുനിക മനുഷ്യന് ഇപ്പോള്‍ സമയ നഷ്ട്ടമില്ലാതാക്കാന്‍ അവന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആരു വന്നലും മുന്‍പിന്‍ ചിന്തിക്കാതെ എല്ലാം സമര്‍പ്പിക്കും. ഈ കാരണത്താല്‍ തന്നെ ഇത്തരക്കാരുടെ പിന്നില്‍ തല്‍പ്പര കക്ഷികളുടെ നീണ്ട നിര കാണുന്നതില്‍ വലിയ അല്‍ഭുതമില്ല. "ധീരാവീരാ നേതാവേ, ധീരതയോടെ നയിച്ചോള്ളു, ലക്ഷം. ലക്ഷം പിന്നാലെ''. മുദ്രാവാക്യങ്ങള്‍ നമ്മള്‍ കേട്ടുമടുത്തതാണ്. ഈ ലക്ഷം ലക്ഷം മുമ്പു പാര്‍ട്ടിക്കാര്‍ പറഞ്ഞിരുന്നത് ലക്ഷ കണക്കിന് ജനങ്ങളെയായിരുന്നെങ്കില്‍. ഇപ്പോള്‍ പാവം ജനങ്ങളെ കാണിച്ചു തട്ടിയും വെട്ടിയും പിരിച്ചുമെടുക്കുന്ന പണത്തിന്റെ ലക്ഷ കണക്കിനുള്ള പണത്തെ നോക്കിയാണെന്നതില്‍ ആര്‍ക്കും വിപരീത അഭിപ്രായവുമില്ല. മര്‍ദ്ദിതന്റെ കാവലാളായി മുന്നേറുന്നവര്‍ മതത്തെയും നീതി നിഷേധവും എങ്ങനെ പാര്‍ട്ടികള്‍ക്ക് അനുകൂലമാക്കാമെന്ന കച്ചവട താല്‍പ്പര്യത്തില്‍ വിലയിരുത്തുകയും. പുറംമേടിയില്‍ ജനങ്ങളുടെ കൈയ്യടി വാങ്ങുമ്പോള്‍ മനസിലാക്കുക ഏതു തരം വാദക്കാരും ആദ്യം മനുഷ്യവകാശം പറഞ്ഞു വന്നാലും കാലക്രമത്തില്‍ അധികാരത്തിന്റെ ചക്കര കുടത്തിലേക്കാണ് ഇവരുടെ പലായനം.

മതവും ആദര്‍ശവും സിദ്ധാന്തങ്ങളും മനുഷ്യന് ലഹരിയായിരിക്കുന്നു. വേഗതയില്‍ ഓടുന്ന മനുഷ്യന്‍ അതിന്റെ അടിമയുമായിരിക്കുന്നു. നാട്ടിലെ പുതിയ പാര്‍ട്ടിക്കാരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അറിയാം എല്ലാലവര്‍ക്കും അവരുടെ വ്യക്തിപരമായ കാര്യത്തിനാണ് എല്ലാ പ്രസ്ഥാനങ്ങളും. എന്നിട്ട് എടുത്താല്‍ പൊങ്ങാത്ത ആദര്‍ശവും പറയുന്നു. പറയുന്നത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക ഇരുപത്തിയഞ്ച് ശതമാനമെങ്കിലും. (തുടരും)